18 January 2026, Sunday

കെ ടി ജലീലിനെതിരെ മലപ്പുറം എസ്പിക്ക് പരാതി

Janayugom Webdesk
തിരുവനന്തപുരം 
October 7, 2024 12:35 pm

സ്വർണ്ണക്കടത്ത് കേസുകളിലെ പ്രതികളിൽ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയിൽ തവനൂർ എംഎൽഎ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി. യൂത്ത് ലീഗ് നേതാവ് യു എ റസാഖാണ് പരാതി നൽകിയത്.ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും മത സപർദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു.

സ്വർണ്ണക്കടത്തിലെ പ്രതികളിൽ ഭുരിഭാഗവും മുസ്‌ലിംങ്ങളെന്നും ഹജ്ജിന് പോയ മതപണ്ഡിതൻ തിരികെ വരുമ്പോൾ സ്വർണ്ണം കടത്തിയെന്നുമുളള കെടി ജലീൽ എംഎൽഎയുടെ പരാമർശമാണ് വിവാദമായത്. സ്വർണ്ണക്കടത്ത് ഹവാല കേസുകളിലെ പ്രതികൾ മുസ്ലിം സമുദായക്കാരാണെന്നും പാണക്കാട് തങ്ങൾ മതവിശ്ലവാസികളെ ഉപദേശിക്കണമെന്നുമായിരുന്നു ജലീലിന്റെ നേരത്തെയുള്ള വിവാദ പ്രസ്താവന.

ഫേസ് ബൂക്കിലുടെ നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരിക്കുമ്പോഴാണ് ജലീൽ കുറെ കൂടി കടന്ന് മതപണ്ഡിതരെ കൂടി ആരോപണത്തിന്റെ പരിധിയിൽ കൊണ്ടു വന്നത്. തെറ്റു ചെയ്യുന്നത് ഏത് സമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണെന്നും കെ ടി ജലീൽ വിശദീകരിക്കുന്നു. ജലീലിനെതിരെ പ്രതിപക്ഷ സംഘടനാ നേതാക്കളും മതസംഘടനാ ഭാരവാഹികളും രൂക്ഷമായാണ് പ്രതികരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.