4 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
March 24, 2025
March 24, 2025
March 21, 2025
March 21, 2025

തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളെ ലഹരിക്കടത്തിനുപയോഗിക്കുന്നുവെന്ന പരാതി: മാഫിയയ്ക്കെതിരെയുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

രമ്യ മേനോന്‍
തിരുവനന്തപുരം
March 24, 2023 8:25 pm

തലസ്ഥാനത്തെ സ്കൂളുകളിൽ ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുപിന്നാലെ ലഹരിക്കടത്തുകാര്‍ക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്. ലഹരിവിമുക്ത കേരളം പദ്ധതി ആരംഭിച്ചപ്പോള്‍ തന്നെ കേരള പൊലീസ് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും ഇടനിലക്കാരെയും പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. അതേസമയം ബസ് സ്റ്റോപ്പുകളും ഷോപ്പിങ് മാളുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയിരുന്നവര്‍ അതിന് തടസം വന്നതോടെ സ്കൂള്‍ കുട്ടികളെ ഇടനിലക്കാരാക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അന്വേഷണത്തില്‍, അഞ്ചാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികളെയാണ് ഇത്തരക്കാര്‍ ഇടനിലക്കാരാക്കുന്നതെന്നും അതില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിനുകൂടി വിധേയയാക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രണയം നടിച്ചാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഇവര്‍ ആദ്യം വലയിലാക്കുന്നത്. പിന്നീട് അവരുടെ ലഹരി മാഫിയയെ അംഗങ്ങളുമാക്കും. തിരിച്ചറിഞ്ഞ് പിന്നോട്ട് വരുന്ന കുട്ടികളെപ്പോലും വെറുതേ വിടാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ലെന്നുള്ളതാണ് മറ്റൊരു സത്യകഥ. 

സ്കൂള്‍ പരിസങ്ങളിലെ ഏറ്റവും ഇടുങ്ങിയ വഴികളാണ് ഇത്തരം മാഫിയയുടെ ഏറ്റവും പ്രീയപ്പെട്ട കേന്ദ്രങ്ങള്‍. ആര്‍ക്കും കണ്ണത്താത്ത ഇടങ്ങളില്‍വച്ച് പ്രണയമോ ലഹരിയോ കൈമാറാമെന്നുള്ളതാണ് ഈ ഇടവഴികള്‍ നല്‍കുന്ന സൗകര്യം. അതേസമയം ക്യാമറക്കണ്ണുകളെപ്പോലും ഭയമില്ലാത്ത കുട്ടികളും കുറവല്ല. സ്കൂൾ വിടുന്ന സമയത്ത് ഇരു ചക്ര വാഹനങ്ങളിലും ബസ് സ്റ്റോപ്പുകളിലും പെൺകുട്ടികൾക്കായി ഇവർ കാത്ത് നില്കും. പെൺകുട്ടികൾ സ്കൂൾ യൂണിഫോമിൽ തന്നെ കൂടെ പോകുമെങ്കിലും പിന്നീട് കൈവശമുള്ള മറ്റൊരു വേഷത്തിലേക്ക് മാറും. ഇതിനായി പബ്ലിക് ടോയ്ലറ്റുകളോ ഇപ്പറഞ്ഞ ഇടവഴികളോ ധാരാളം. 

കുട്ടികളുടെ ബാഗ് തുറന്ന് പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ശരീരം പരിശോധിക്കാനാകില്ലെന്നുള്ളത് ലഹരിമാഫിയ ദുരുപയോഗം ചെയ്യുന്നുണ്ട് പലപ്പോഴും. എതിരാളികളെ എങ്ങനെ നേരിടണം എന്നുള്ളതില്‍ ഇവര്‍ക്ക് ട്രെയിനിങ് ലഭിച്ചിരിക്കാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കുട്ടികളെ ഭീഷണിപ്പെടുത്താന്‍ കഴിയില്ല. ഭീഷണിയ്ക്ക് മുമ്പില്‍ വഴങ്ങാത്ത തരത്തില്‍ ധൈര്യമുള്ള കുട്ടികളുണ്ടെന്നും വിവരങ്ങളുണ്ട്.സ്കൂൾ പരിസരത്തു പിങ്ക് പോലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും പോലീസിനെ കാണുമ്പോൾ ചിലര്‍ പേടിച്ച് ഓടുന്ന സംഭവങ്ങളുമുണ്ട്. 

പരീക്ഷാക്കാലമായതിനാല്‍ പിങ്ക് പൊലീസ്, സ്കൂള്‍ വിടുന്ന സമയങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അതേസമയം യൂണിഫോമില്ലാത്ത കുട്ടികളും എത്താറുണ്ടെന്നുള്ളത് പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമെ, പല ക്ലാസുകള്‍ക്കും പരീക്ഷ പല സമയങ്ങളിലാണെന്നുള്ളതും പരിശോധനയെ ബാധിക്കുന്നുണ്ട്. രണ്ട് പേരെ മാത്രമാണ് ഒരു കേന്ദ്രത്തില്‍ ഡ്യൂട്ടിയ്ക്ക് നിശ്ചയിക്കുക എന്നതാണ് പൊലീസുകാരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതിന് പൊലീസ് അധികൃതര്‍ നടപടി എടുത്തേക്കുമെന്നാണ് സൂചന. 

അതേസമയം ഇത്തരം കേസുകള്‍ ചില സ്കൂളുകള്‍ മറച്ചുവയ്ക്കുന്ന പ്രവണതയും കുറവല്ല. സ്കൂളുകളിൽ പിടിക്കപ്പെടുന്ന ലഹരി കേസുകൾ പലതും മറച്ചുവക്കുകയോ ഒതുക്കി തീർക്കുകയോ ആണ്. കുട്ടികളുടെ ഭാവി, രക്ഷിതാക്കളുടെ മാനഹാനി, സ്കൂളിന്റെ സല്‍പ്പേര് ഇവയെല്ലാം മുന്നില്‍ക്കണ്ടാണ് പലപ്പോഴും അധികൃതര്‍ക്ക് കൃത്യമായ നടപടിയെടുക്കാനാകാത്തത്. വഴിയില്‍ വച്ച് ബോധവല്‍ക്കരിച്ചതുകൊണ്ട് കുട്ടികളെ നേരെയാക്കാമെന്ന വ്യാമോഹമില്ലെങ്കിലും തങ്ങളുടെ ജോലി നിര്‍ഭയം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് പൊലീസ്‌വൃത്തങ്ങളും പറയുന്നു.

Eng­lish Sum­ma­ry: Com­plaint of school chil­dren being used for drug traf­fick­ing in Thiru­vanan­tha­pu­ram: Police inten­si­fied efforts to catch drug dealers

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.