കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം ഓരോ വര്‍ഷവും വിലയിരുത്തുന്നത് കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ആയിരക്കണക്കിന് ജീവനക്കാരെ നേരത്തെ പറഞ്ഞുവിടുന്നതിനുള്ള നീക്കം ആശങ്കാജനകമാണ്. ജീവനക്കാരുടെ കാര്യക്ഷമതാ അവലോകനം സംബന്ധിച്ച് കേന്ദ്ര പേഴ‍്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2020 ഓഗസ്റ്റ് 28നും 24 ജൂണ്‍ 27നും പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്നും പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും അയച്ച കത്തില്‍ കേന്ദ്ര പരോക്ഷനികുതി ബോര്‍ഡാണ് (സിബിഐസി) ആവശ്യപ്പെട്ടിരിക്കുന്നത്. പേഴ‍്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ പ്രസ്തുത നിര്‍ദേശമമനുസരിച്ചാണ് നിര്‍ബന്ധിത വിരമിക്കല്‍ നടത്തുന്നത് എന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് 50/55 വയസോ, 30 കൊല്ലത്തെ സര്‍വീസോ പൂര്‍ത്തിയായാല്‍ പൊതുതാല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന് അയാളുടെ സേവനം അവസാനിപ്പിക്കാം. ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ നോട്ടീസ് കാലാവധി അല്ലെങ്കില്‍ മൂന്ന് മാസത്തെ ശമ്പളവും അലവന്‍സും ലഭിക്കും. മന്ത്രാലയങ്ങള്‍ക്ക് പുറമെ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ പ്രകടനം മോശമായ ജീവനക്കാരുടെ പട്ടിക തയ്യാറാക്കണം എന്ന് നിര്‍ദേശമുണ്ട്. അവലോകന സമിതി കേസുകള്‍ പരിഗണിക്കുകയും വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കി ജീവനക്കാരുടെ പേരുകള്‍ സര്‍ക്കാരിന് നല്‍കുകയും ചെയ്യും. കാര്യക്ഷമതയും സേവനതല്പരതയുമാണ് പ്രധാനമായും സമിതി പരിശോധിക്കുക.
അതുകൊണ്ട് ഇത്തരത്തില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് ശിക്ഷയല്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ജീവനക്കാരുടെ കാര്യക്ഷമത അവലോകനം സംബന്ധിച്ച് കേന്ദ്ര പേഴ‍്സണല്‍ മന്ത്രാലയം സെക്രട്ടറി ഓഗസ്റ്റ് 14ന് യോഗം വിളിച്ച് പല മന്ത്രാലയങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് സിബിഐസി നിര്‍ദേശം. 2019 മുതല്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമാനമായ നീക്കങ്ങള്‍ നടത്തിവരുന്നുണ്ട്. ജീവനക്കാരുടെ പ്രകടനം വിലയിരുത്തി അവര്‍ക്കു വിരമിക്കല്‍ നല്‍കാന്‍ മേലധികാരിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെതിരെ എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.