29 June 2024, Saturday
KSFE Galaxy Chits

സഖാവ് കൃഷ്ണപിള്ള; വിപ്ലവത്തിന്റെ സൂര്യൻ

പ്രേംകുമാർ
സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ 
August 19, 2023 1:02 pm

കേരളത്തിന്റെ വിപ്ലവ നായകനായ പി കൃഷ്ണപിള്ളയുടെ ജീവിതം പ്രമേയമാക്കി പ്രശസ്ത സംവിധായകൻ പി എ ബക്കർ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിൽ സഖാവ് പി കൃഷ്ണപിള്ളയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു എന്റെ സിനിമാ ജീവിതം തുടങ്ങിയത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ സമുന്നത സാരഥികളുടെയും സാംസ്കാരിക നായകരുടെയുമൊക്കെ സാന്നിധ്യത്തിൽ, അവരുടെയെല്ലാം അനുഗ്രഹത്തോടെയായിരുന്നു ആ തുടക്കം. സ്വിച്ച് ഓൺ ചടങ്ങിൽ ഇഎം എസ് പറഞ്ഞു. “സഖാക്കൾ നമുക്ക് ഒരുപാട് പേരുണ്ട്. എന്നാൽ സഖാവ് എന്ന് മാത്രം പറഞ്ഞാൽ അത് പി കൃഷ്ണപിള്ളയെന്നാണ് അർത്ഥം. എല്ലാ അർത്ഥത്തിലും സഖാവ് എന്നതിന്റെ മറ്റൊരു പദമാണ് “പി കൃഷ്ണപിള്ള…” സിനിമയിലെ കേന്ദ്ര കഥാപാത്രമായ “സഖാവായി” അഭിനയിക്കുവാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി, ഭാവനാസൃഷ്ടിയല്ലാത്ത, എന്നാൽ ഭാവനയെപ്പോലും അതിശയിപ്പിക്കുന്ന ആ അസാധാരണ വ്യക്തിത്വത്തെ അടുത്തറിയാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ ജീവചരിത്രവും അദ്ദേഹം രചിച്ച ലേഖനങ്ങളും പല തവണ വായിച്ചു. അടുത്തറിഞ്ഞിരുന്ന പലരോടും സഖാവിനെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.

ഒന്നു പരിചയപ്പെടുന്ന ആരെയും നിമിഷനേരം കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കഴിയുന്ന മാസ്മര ശക്തിയുണ്ടായിരുന്നു സഖാവിന്. ആത്മാർത്ഥതയും നിഷ്കളങ്കതയും നിറഞ്ഞ അദ്ദേഹത്തിന്റെ പുഞ്ചിരിയും പെരുമാറ്റവും ആരുടെയും ഹൃദയം കവരുന്നതായിരുന്നു. കൈകൾ പുറകിൽ കെട്ടി നെഞ്ചു വിരിച്ച് തലയുയർത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെയുള്ള ആ നടത്തം ആരെയും ആരാധകരാക്കി മാറ്റുന്നതായിരുന്നു. സ്വന്തം ജീവനെക്കുറിച്ച് പോലും ലേശവും ഭയമില്ലാതെയുള്ള ധീരമായ പ്രവർത്തനങ്ങളായിരുന്നു ആ പോരാളിയുടേത്… വിപ്ലവവീര്യം കൊണ്ട് ആവേശോജ്വലമായിരുന്നു ആ ജീവിതം. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സർവ നൻമകളുടെയും ആൾരൂപമായിരുന്നു സഖാവ്. സമൂഹത്തിലെ അനീതികൾക്കെതിരെ, അസമത്വങ്ങൾക്കെതിരെ, അക്രമങ്ങൾക്കെതിരെ, എല്ലാ ഉച്ചനീചത്വങ്ങൾക്കുമെതിരെ നിർഭയമായി ആ വിപ്ലവകാരി ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു. ദരിദ്രരെയും പാവങ്ങളെയുമൊക്കെ നിസ്വാർത്ഥമായി സ്നേഹിച്ചു. അടിച്ചമർത്തപ്പെട്ട നിരാശ്രയരായ മനുഷ്യർ അനുഭവിക്കുന്ന കൊടിയ യാതനകൾ അവസാനിപ്പിക്കുവാനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. നീതി നിഷേധിക്കപ്പെട്ട നിസഹായരായ സാധാരണ മനുഷ്യരുടെ പക്ഷം ചേർന്നുകൊണ്ട് അവർക്ക്, നിഷേധിക്കപ്പെട്ടതിലൂടെ നഷ്ടമായ നീതിയും അർഹതപ്പെട്ട അവകാശങ്ങളുമൊക്കെ തിരിച്ചു പിടിക്കാൻ പോരാട്ട വീര്യത്തോടെ പടപൊരുതി. കർഷകരും തൊഴിലാളികളും മറ്റു ദുർബല വിഭാഗങ്ങളും ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ മുഴുവൻ സംഘടിപ്പിച്ചുകൊണ്ട് പി കൃഷ്ണപിള്ള നടത്തിയ ധീരമായ പോരാട്ടങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തത് അതിക്രൂരമായ മർദനങ്ങളും ദീർഘകാലത്തെ കാരാഗൃഹവാസവുമായിരുന്നു. അതിലൊന്നും തളരാതെ ജീവിതത്തിന്റെ അവസാന നിമിഷം വരെ അധ്വാനിക്കുന്ന നിസ്വരായ ജനവിഭാഗങ്ങൾക്കുവേണ്ടി അതിശക്തമായി നിലകൊണ്ടു.

ആവേശോജ്വലമായ ആ സമരങ്ങൾക്കൊക്കെ ശക്തിയും വീര്യവും പകർന്നതും സഖാവ് തന്നെ. അവർ നിരന്തരം നേരിടുന്ന അടിമത്തത്തിൽ നിന്നും, അസമത്വത്തിൽ നിന്നും, ചൂഷണങ്ങളിൽ നിന്നും, കൊടിയ യാതനകളിൽ നിന്നും പീഡനങ്ങളിൽ നിന്നുമൊക്കെ മോചിപ്പിച്ച് അവരുടെ ഏറ്റവും വലിയ വിമോചകനായി — ദേശീയ പ്രസ്ഥാനത്തിലും പൊതുസമൂഹത്തിലും വിപ്ലവത്തിന്റെ സൂര്യനായി മാറി. അങ്ങനെ കൃഷ്ണപിള്ള ആധുനിക കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രധാനിയായുയർന്നു. മരണം മുന്നിൽ പത്തിവിടർത്തി നിന്ന് കണ്ണുകളിൽ ഇരുട്ട് പടർത്തിയപ്പോൾ, ജീവന്റെ ആ അവസാന നിമിഷത്തിൽ പോലും, ഒട്ടും പതറാതെ, ധീരമായ് സഖാക്കളെ മുന്നോട്ട്… ലാൽസലാം… എന്ന വിപ്ലവാക്ഷരങ്ങൾ ഉരുവിട്ടു കൊണ്ട് തലമുറകൾക്കായി അത് കുറിച്ചുവച്ചു… ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു എന്ന് ഒരു പക്ഷേ പുതിയ തലമുറ വിശ്വസിക്കില്ല. അത്രയ്ക്ക് അവിശ്വസനീയവും അസാധാരണവുമായ വ്യക്തിത്വവും ജീവിതവുമായിരുന്നു സഖാവിന്റെത്.

 

സഖാവ് പി കൃഷ്ണപിള്ളയെ കുറിച്ചു പി എ ബക്കർ സംവിധാനം ചെയ്ത ‘സഖാവ് വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ വേളയിൽ സഖാവ് ഇ എം എസ്സിനോടും സംവിധായകൻ പി എ ബക്കറിനോടുമൊപ്പം ചിത്രത്തിൽ നായകകഥാപാത്രമായ സഖാവ് പി കൃഷ്ണപിള്ളയെ അവതരിപ്പിച്ച പ്രേംകുമാർ

 

അഭിനയിക്കുന്ന കഥാപാത്രങ്ങൾ നടൻ എന്ന വ്യക്തിയെ കുറച്ചൊക്കെ ചിലപ്പോൾ സ്വാധീനിക്കാറുണ്ട്. എന്നാൽ അഭിനയിച്ച ഒരു കഥാപാത്രം നടന്റെ വ്യക്തിപരമായ ചിന്തകളെയും, ആശയങ്ങളെയും, അഭിപ്രായങ്ങളെയും, കാഴ്ചപ്പാടുകളെയും നിലപാടുകളെയും, നടന്റെ വ്യക്തിത്വത്തെ തന്നെയും മാറ്റി മറിച്ച അപൂർവാനുഭവമാണ് സഖാവ് പി കൃഷ്ണപിള്ളയെന്ന അത്ഭുത മനുഷ്യനെ അഭ്രപാളികളിൽ അവതരിപ്പിച്ചപ്പോൾ എനിക്കുണ്ടായത്. അത്രയ്ക്ക് മഹത്തരമായ ഒരു ജീവിതമായിരുന്നു അത്. ഏറ്റവും ലളിതമായി ജീവിച്ചു കൊണ്ട്, മികച്ച സംഘാടകനായി സമൂഹത്തിൽ ഇടപ്പെട്ടുകൊണ്ട് മഹാനായ ആ വിപ്ലവചിന്തകൻ എല്ലാവർക്കും സന്തോഷം നിറഞ്ഞ ഏറ്റവും നല്ലനാളെകളുടെ ഭാസുരമായ ഭാവിക്കായി പ്രവർത്തിച്ചു.
“സത്യവും ധർമ്മവും നീതിയും വാഴുന്ന സമത്വസുന്ദരമായ ഒരു പുത്തൻ ലോകത്തിന്റെ നിർമ്മാണം, മനുഷ്യരാശിയോട് മുഴുവനുമുള്ള സ്നേഹത്തിൽ അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമത്തിന്റെ സൃഷ്ടി”. അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. നന്മയും നിസ്വാർത്ഥതയും മനുഷ്യസ്നേഹവും മാനവികത ഉയർത്തിപ്പിടിച്ചുള്ള ഉജ്വലമായ ആ ജീവിതവും എന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാക്കി മാറ്റി. സഖാവ് എന്നെ കമ്മ്യൂണിസ്റ്റ് ആക്കി.

‘ഭ്രാന്താലയം’ എന്ന ഒരു കാലഘട്ടത്തിലെ ദുരവസ്ഥയിലേക്ക് കേരളം തിരിച്ചു പോകുന്നു എന്ന ആശങ്കകൾ ഉയരുന്ന ഈ ആധുനിക കാലത്ത് സഖാവിനെക്കുറിച്ചുള്ള ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ട്. ജാതി വ്യവസ്ഥയും ജന്മിത്തവും സർവ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന പഴയകാല കേരളം. മനുഷ്യർ മൃഗതുല്യരായി പരിഗണിക്കപ്പെട്ടിരുന്ന, നികൃഷ്ട ജീവിതം ജീവിച്ചിരുന്ന ഏറ്റവും ദയനീയാവസ്ഥയുടെ ഇരുണ്ടകാലം. അന്ന് സകല അനീതികൾക്കുമെതിരെ ഒരു മിന്നൽ പിണർപോലെ ജ്വലിച്ചു കൊണ്ട് വെളിച്ചമായി മാറി സഖാവ് പി കൃഷ്ണപിള്ള. വിപ്ലവത്തിന്റെ വീര പുത്രനായ സഖാവ് നയിച്ച സാഹസികമായ സമരങ്ങളുടെയും ഐതിഹാസികമായ പോരാട്ടങ്ങളുടെയും ചരിത്രം പുതിയ തലമുറ ശ്രദ്ധയോടെ പഠിക്കേണ്ടതാണ്. മനുഷ്യൻ എന്ന് അംഗീകരിച്ച് കിട്ടാൻ വേണ്ടി. മനുഷ്യനായി ജീവിക്കാനുള്ള അവകാശം പിടിച്ചു പറ്റാനായി — നിലനില്പിനു തന്നെ വേണ്ടിയുള്ളതായിരുന്നു.

നമ്മുടെ സമരങ്ങളുടെയൊക്കെ ചരിത്രം കൊടിയ മർദനങ്ങൾ, പീഡനങ്ങള്‍, ത്യാഗങ്ങൾ… സമരത്തിന്റെ തീച്ചൂളകളിൽ ദേശാഭിമാനികളായ എത്ര എത്ര ധീരരക്ത സാക്ഷികൾ അവരൊഴുക്കിയ ആ ചോരപ്പാടുകളിൽ ചവിട്ടിയാണ് നാം നിൽക്കുന്നത് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. നാം ഇന്ന് അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും സർവ സൗഭാഗ്യങ്ങളും എല്ലാ പുരോഗമനങ്ങളും നമുക്ക് നേടി തന്നത് ഒരിക്കലും മരണമില്ലാത്ത സഖാവിനെ പോലെ ഒരുപാട് മഹാമനുഷ്യർ കനൽവഴികളിലൂടെ നടന്നും, കനൽ വഴികളില്‍ ഒടുങ്ങിയുമൊക്കെയാണെന്ന് നമ്മൾ അറിയണം, ഒപ്പം നമ്മളെങ്ങനെ നമ്മളായെന്നും. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള നിറഞ്ഞ നന്ദിയോടെ ആ മഹാമനുഷ്യരെ നാം എന്നും ഓർക്കുകയും വേണം.

TOP NEWS

June 29, 2024
June 29, 2024
June 29, 2024
June 29, 2024
June 28, 2024
June 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.