സാധാരണ കുടുംബത്തിൽ ജനിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃനിരയിലേക്ക് ഉയർന്ന എസ് കുമാരന്റെ 32-ാം ചരമവാർഷികദിനമാണിന്ന്. എസ് കുമാരന്‍ എന്ന കുറിയ മനുഷ്യന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ നേതാക്കളില്‍ പ്രമുഖനായിരുന്നു. പുന്നപ്ര‑വയലാര്‍ സമരത്തിന്റെ അഗ്നിപരീക്ഷണങ്ങളിലൂടെയാണ് കൊച്ചു കുമാരന്‍ എന്ന് അയല്‍ക്കാര്‍ വാത്സല്യപൂര്‍വം വിളിച്ച സഖാവ് എസ് സ്ഫുടം ചെയ്തെടുക്കപ്പെട്ടത്. കേരളത്തിന്റെ രാഷ്ട്രീയഭാവി മാറ്റിക്കുറിച്ച ഐതിഹാസികമായ ആ സമരത്തിന്റെ പിന്നണിയിലും മുന്നണിയിലും ഒരുപോലെ ജ്വലിച്ചുനിന്ന നേതാവായിരുന്നു അദ്ദേഹം. വീട്ടിലെ ഇല്ലായ്മകള്‍മൂലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടാന്‍ കഴിഞ്ഞ ഒളിവുകാലവും ജയില്‍വാസവും തന്റെ വിദ്യാഭ്യാസ കാലമാക്കി മാറ്റിയ അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പാഠങ്ങളും സംഘടനാപ്രവര്‍ത്തനങ്ങളും ഒരുപോലെ ഹൃദിസ്ഥമായിരുന്നു. പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച ആരംഭിക്കുന്നത്. സഖാവ് പി കൃഷ്ണപിള്ളയുടെ ശിക്ഷണത്തില്‍ ആര്‍ജിച്ച അനുഭവപാഠങ്ങള്‍ എന്നും വഴികാട്ടിയായി. നിയമസഭയിലും പാര്‍ലമെന്റിലും എസ് കുമാരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിമാനമുയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയായി നിലകൊണ്ടു. 1964ലെ നിര്‍ഭാഗ്യകരമായ ഭിന്നിപ്പിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കെെപിടിച്ചുയര്‍ത്തിയതില്‍ സഖാവ് വഹിച്ച പങ്ക് വലുതാണ്.
ആലപ്പുഴയിൽ ആര്യാട് കൊച്ചുതകിടിയിൽ വീട്ടിൽ കിട്ടന്റെയും കൊച്ചുപാറുവിന്റെയും മകനായി 1923 ൽ ജനിച്ചു. കയർഫാക്ടറിത്തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയരംഗത്തെത്തിയാണ് ദേശീയ സ്വാതന്ത്ര്യസമരത്തിലും പുന്നപ്ര‑വയലാർ സമരത്തിലും പങ്കെടുത്തത്. പി കൃഷ്ണപിള്ള മുൻകയ്യെടുത്ത് ആലപ്പുഴയിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ എസ് കുമാരൻ അതിലെ അംഗമായിരുന്നു. ടി വി തോമസ്, സുഗതൻ സാർ, സി കെ കുമാരപ്പണിക്കർ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ച സഖാവ്, കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ സമർത്ഥമായ നേതൃത്വം നൽകി. ദീർഘനാൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ലോക്കപ്പ് ജീവിതവും നിഷ്ഠൂരമായ പൊലീസ് മർദനവും അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം നീക്കിയതിനെ തുടർന്ന് 1952ൽ എസ് കുമാരൻ പ്രവർത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റി. എംഎൻ സെക്രട്ടറിയായ സംസ്ഥാന കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. സംസ്ഥാന കമ്മിറ്റി ഓഫിസിന്റെയും സംഘടനാ കാര്യങ്ങളുടെയും ചുമതല സഖാവിനായിരുന്നു. പാർട്ടി പ്രവർത്തകരുടെയാകെ വിശ്വാസവും ബഹുമാനവും നേടിയ സഖാവ് 1991 ഡിസംബർ 24നാണ് വിട പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.