
2002ലെ വോട്ടർപട്ടിക അടിസ്ഥാന രേഖയായി എടുത്തുകൊണ്ട് രാജ്യത്താകെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പിലാക്കാൻ കേന്ദ്രസർക്കാരും കമ്മിഷനും മുന്നോട്ടു പോവുകയാണ്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടികയ്ക്ക് ശേഷം നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ നടന്നു. ഏറ്റവും അവസാനം 2004ലെ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക ഇപ്പോഴും സജീവമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടെയും കൈവശം ഉള്ളതാണ്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സിഇഒമാരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്ത് എസ്ഐആർ നടത്താൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരിക്കുകയാണ്. അവർക്ക് നൽകിയ നിർദേശം അടിസ്ഥാന രേഖയായി 2004ലെ വോട്ടർ പട്ടികയെ കണക്കാക്കാനാണ്. 2002ലെ എസ്ഐആറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ രേഖയ്ക്കുശേഷം നിരവധി തവണ വോട്ടവകാശം വിനിയോഗിച്ച മുഴുവൻ പൗരന്മാരെയും അപമാനിക്കുന്നതിന് തുല്യമാണിത്. 2024ലെ വോട്ടർ പട്ടികയിലെ അപാകതകൾ തിരുത്തി, പുതിയ വോട്ടവകാശമുള്ള പൗരന്മാരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കുകയാണ് വേണ്ടത്.
ജനപ്രാതിനിധ്യ നിയമം 1950 അനുസരിച്ച് 18 വയസ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും മറ്റ് അയോഗ്യത ഇല്ലെങ്കിൽ വോട്ടര്‍ പട്ടികയിൽ പേര് ഉൾപ്പെടുത്തിക്കിട്ടാൻ അർഹരാണ്. ജനാധിപത്യ സംവിധാനത്തിൽ ഒരു ഭാരത പൗരന്റെ ഏറ്റവും പ്രധാന അവകാശമാണ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുകയെന്നതും അതുവഴി അർഹതപ്പെട്ട തന്റെ വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കുകയെന്നതും. ആ നിലയ്ക്ക് കൃത്യവും, സത്യസന്ധവും ശരിയായതുമായ ഒരു രേഖ ആയിരിക്കണം വോട്ടര്‍ പട്ടിക. ആയതിനാൽത്തന്നെ കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കപ്പെടേണ്ടതുണ്ട്. ജാതിയുടെയോ, മതത്തിന്റെയോ, സമ്പത്തിന്റെയോ, വംശത്തിന്റെയോ പേരിൽ ഒരു പൗരനും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടാൻ പാടില്ല.
പ്രത്യേക തീവ്ര പുതുക്കൽ അടിയന്തരമായി രാജ്യത്താകെ നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ സമയക്രമം പുറപ്പെടുവിക്കും എന്നാണറിയുന്നത്. ഇത്ര ധൃതി ഇക്കാര്യത്തിൽ ശരിയല്ല. ആവശ്യമായ സമയമെടുത്ത്, വീടുവീടാന്തരമുള്ള എന്യൂമറേഷൻ പൂർത്തിയാക്കി, അർഹരെ മുഴുവൻ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്താനും അനർഹരെ ഒഴിവാക്കാനും കഴിയണം. രാജ്യത്താകെ ഈ പ്രക്രിയ പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരും എന്നിരിക്കെ അതിനു മുതിരാതെ എസ്ഐആര്‍ അടിയന്തരമായി നടപ്പിലാക്കുന്നത് മനഃപൂർവമായ ഒഴിവാക്കലിനും, കൂട്ടിച്ചേർക്കലിനും ഇടവരുത്തും എന്ന് സംശയിക്കുന്നു.
ബിഹാറിലെ എസ് ഐആറിന്റെ ഭാഗമായി 86 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതും പുതുതായി 60 ലക്ഷം പേരെ ഉൾക്കൊള്ളിച്ചതും അതിന്റെ പേരിൽ ഉണ്ടായ ആശങ്കകളും എല്ലാം ഓർക്കുന്നത് നല്ലതാണ്. തുടർന്ന് സുപ്രീം കോടതി തന്നെ ക്രമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായാൽ എസ്ഐആര്‍ റദ്ദാക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ ഓർമ്മിപ്പിച്ചതും കണക്കിലെടുക്കേണ്ടതാണ്.
കേരളത്തിലെ എസ്ഐആര്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ യോഗം ഇക്കഴിഞ്ഞ 17ന് തിരുവനന്തപുരത്ത് വിളിച്ചു. ബിജെപി ഒഴികെ പങ്കെടുത്ത എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളും ഒക്ടോബർ, നവംബർ മാസങ്ങളിലായി നടത്തി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന എസ്ഐആറിനെ സംബന്ധിച്ചുള്ള ആശങ്ക അറിയിക്കുകയും കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുശേഷം മതി എന്ന് ആവശ്യപ്പെടുകയുമുണ്ടായി.
വീടുവീടാന്തരമുള്ള എന്യൂമറേഷൻ, കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം, ഹിയറിങ്, രേഖകളുടെ പരിശോധന, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം എന്നീ നടപടിക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്ന കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയില്ല. മാത്രവുമല്ല 2002ലെ പട്ടികയിൽ പേരുള്ളവർ പോലും പുതിയ ഡിക്ലറേഷൻ കൊടുക്കേണ്ടിയിരിക്കുന്നു. 2002ന് ശേഷമുള്ള വോട്ടർ പട്ടികയിൽ പേരുള്ളവരായാലും കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തുകൊണ്ടിരിക്കുന്നവരായാലും, അവർ തെളിവ് രേഖകൾ ഹാജരാക്കണം. ഇത് യഥാർത്ഥത്തിൽ അനാവശ്യമാണ്.
ലക്ഷക്കണക്കായ വോട്ടവകാശികളെ ബുദ്ധിമുട്ടിക്കാൻ മാത്രമേ ഈ നിബന്ധനകൾ വഴിവയ്ക്കൂ. കേരളത്തിലെ എല്ലാവർക്കും റേഷൻ കാർഡുണ്ട്. എങ്കിലും റേഷൻ കാര്‍ഡ് ഒരു രേഖയായി അംഗീകരിക്കപ്പെട്ടിട്ടില്ല. വിദൂര കേന്ദ്രങ്ങളിൽ നിന്ന് യാന്ത്രികമായി വൻതോതിൽ വോട്ട് വെട്ടിനീക്കാനും, തോന്നിയപോലെ വ്യാജ വോട്ടർമാരെ ചേർക്കാനും ഇടവരുന്നതല്ലേ ഇപ്പോൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ എന്ന് ന്യായമായും സംശയിക്കുന്നു. കുടിയേറ്റക്കാരെയും/ വിദേശികളായവരെയും നീക്കം ചെയ്യുക എന്ന മാനദണ്ഡത്തിന്റെ മറവിൽ ഇപ്പോൾ രാജ്യത്താകെയും പ്രത്യേകിച്ച് ബിഹാറിലും മറ്റും ഉയര്‍ന്നിട്ടുള്ള പൗരന്മാരുടെ ആശങ്കകൾ പോലെ തന്നെ കേന്ദ്രഭരണകക്ഷികളുടെ താല്പര്യ പ്രകാരം വോട്ടർ പട്ടിക അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. ‘കുടിയേറ്റക്കാർ’ എന്നത് നിർവചിക്കപ്പെട്ടിട്ടില്ല. ‘വിദേശികൾ’ എന്നതും നിർവചിക്കപ്പെട്ടതായി കാണുന്നില്ല. ‘ദേശീയ പൗരത്വ രജിസ്റ്റർ’ എന്നത് കേന്ദ്രസർക്കാരിന്റെ ഒരു കുടിലതന്ത്രമാണ് എന്നും ആശങ്കയുണ്ട്.
യോഗ്യതയുള്ള ഒരാളും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടില്ല എന്നും അതേസമയം തന്നെ യോഗ്യതയില്ലാത്ത ഒരാളും വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നില്ല എന്നും ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയണം. അതല്ലെങ്കിൽ ജനാധിപത്യ സംവിധാനം തന്നെ തകർന്നടിയാന്‍ ഇടയാകും. നിലവിൽ കേരളത്തിൽ 25,468 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ 1,100 വോട്ടർമാർ ഒരു ബൂത്തിൽ എന്ന് ക്രമീകരിക്കപ്പെട്ടാൽ 6,300ൽപ്പരം പുതിയ ബൂത്തുകൾ കൂടി വേണ്ടിവരും.
ഓരോ ബൂത്തിലും എസ്ഐആര്‍ പ്രവർത്തനത്തിന് വേണ്ട ബൂത്ത് ലെവൽ ഓഫിസർമാരെ നിയോഗിക്കണം. അവർ ബിഎല്‍എമാരുമായി ചേർന്ന് എസ്ഐആറിന്റെ എല്ലാ പ്രവർത്തനവും സഹകരിച്ചു ചെയ്യേണ്ടിയിരിക്കുന്നു. ആയതിലേക്ക് അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ബിഎല്‍എമാരെ നിശ്ചയിക്കണം. ബിഎല്‍ഒമാർക്കും ബിഎല്‍എമാർക്കും പരിശീലനം നൽകാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണം. ഇത്തരം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി സമഗ്ര വോട്ടർ പട്ടിക നിർമ്മാണം പൂർത്തീകരിക്കാൻ ആവശ്യമായ സമയം വേണം. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കാതെ എസ്ഐആര്‍ പൂർത്തീകരിക്കാൻ ശ്രദ്ധാപൂർവമായ നടപടികൾ ഉണ്ടാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.