
ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം പടരുന്നു. ഉഖ്റൂൽ ജില്ലയിൽ നാഗ‑കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ നിരവധി വീടുകൾ അഗ്നിക്കിരയാക്കി. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഉഖ്റൂലിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച നാഗ സമുദായത്തിൽപ്പെട്ട യുവാവിനെ ഒരു സംഘം കുക്കി വിഭാഗക്കാർ മർദിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ഇതിന് പിന്നാലെ ലിതാൻ മേഖലയിൽ വെടിവയ്പ്പും അക്രമ സംഭവങ്ങളും അരങ്ങേറി. സംഘർഷം ലഘൂകരിക്കാൻ ഇരുവിഭാഗങ്ങളും ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ അക്രമികൾ വീടുകൾക്ക് തീയിട്ടു. നാഗ വിഭാഗത്തിന്റെ 21 വീടുകളും കുക്കി വിഭാഗത്തിന്റെ 3 വീടുകളും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ.
അക്രമം ഭയന്ന് ലിതാൻ സാരയ്ഖോങ് ഗ്രാമത്തിലെ നിവാസികൾ കൂട്ടത്തോടെ അയൽ ജില്ലകളിലേക്ക് പലായനം ചെയ്യുകയാണ്. സായുധ സംഘങ്ങൾ പരസ്പരം വെടിവെപ്പ് നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ, പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച മുഖ്യമന്ത്രി വൈ ഖേംചന്ദ് സിങ്, നിലവിലെ സംഘർഷങ്ങൾ വെറും തെറ്റിദ്ധാരണയുടെ ഫലമാണെന്ന് പ്രതികരിച്ചു. എല്ലാ സമുദായങ്ങളും സമാധാനം പാലിക്കണമെന്നും അക്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.