
മേഘാലയയില്‍ കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് നേരെ പൊലീസ് വെടിവയ്പ്. വെടിവയ്പില്‍ രണ്ട് പേര് മരിച്ചു. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. ഏപ്രിൽ 10 ന് നടക്കാനിരിക്കുന്ന ഗാരോഹില്‍സ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ (ജിഎച്ച്എഡിസി) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോത്രവിഭാഗങ്ങളും ഗോത്രേതര വിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘര്‍ഷം തുടര്‍ന്ന സാഹചര്യത്തിലാണ് പ്രദേശത്ത് രാത്രി സമയ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇതിനിടെയാണ് ചിബിനാങ് എന്ന പ്രദേശത്ത് രാത്രിയില്‍ ആളുകള്‍ സംഘം ചേര്‍ന്നത്. തുടര്‍ന്ന് പൊലീസ് ആളുകളെ പിരിച്ച് വിടന് ശ്രമിക്കുകയും ഇത് പൊലീസും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ പൊലീസ് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു.
സംഭവത്തിന് പിന്നാലെ സ്ഥിതി വഷളാകാതിരിക്കാനായി ജില്ലയിലെ രാത്രി കർഫ്യൂ പൂർണദിവസ കർഫ്യൂവായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. അധിക സുരക്ഷാസേനയെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാന സർക്കാർ തിങ്കളാഴ്ച അർധരാത്രി മുതൽ 48 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനവും നിർത്തിവച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ വോയ്സ് കോൾ, എസ്എംഎസ് സേവനങ്ങൾ തുടരും.
വരുന്ന ജിഎച്ച്എഡിസി തെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിക്കാൻ ടുറയിലെ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസിൽ എത്തിയ മുൻ ഫുൽബാരി എംഎൽഎയായ എസ്തമുര് മോമിനെ ഒരു സംഘം ആളുകള്‍ തടയുകയും ആക്രമിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. തെരഞ്ഞെടുപ്പില്‍ ഗോത്രേതര വിഭാഗത്തില്‍പ്പെട്ടവര്‍ മത്സരിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഫെബ്രുവരി 17ന് ജിഎച്ച്എഡിസി എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നിർബന്ധമായും പട്ടികവർഗ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. മാര്‍ച്ച് 16ആണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. അത് വരെ എല്ലാ കേന്ദ്രങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.