25 February 2026, Wednesday

Related news

February 20, 2026
February 17, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; കുക്കി പ്രതിഷേധം സമ്പൂര്‍ണം

Janayugom Webdesk
ഇംഫാല്‍
February 6, 2026 10:08 pm

മണിപ്പൂരിലെ പുതിയ ബിജെപി സര്‍ക്കാരിനെതിരെ കുക്കി-സോ ഗോത്ര സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ ഹര്‍ത്താല്‍ ബന്ദായി. ചുരാചന്ദ്പൂർ ജില്ലയില്‍ സാധാരണ ജീവിതത്തെ ബാധിച്ചു. ജില്ലാ ആസ്ഥാനമായ ആസ്ഥാനമായ തുയിബോങ്ങില്‍ ബന്ദ് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. മാർക്കറ്റുകൾ അടഞ്ഞുകിടന്നു, വാഹനങ്ങൾ റോഡുകളിലിറങ്ങിയില്ല. വിദ്യാഭ്യാസ, സർക്കാർ ഓഫിസുകളിലും ഹാജർ കുറവായിരുന്നുവെന്ന് സംഘടനകള്‍ അവകാശപ്പെട്ടു.
കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ ചുരാചന്ദ്പൂർ യൂണിറ്റ് വെള്ളിയാഴ്ച അർധരാത്രി മുതൽ ജില്ലയിൽ 24 മണിക്കൂർ സമ്പൂർണ ബന്ദ് പ്രഖ്യാപിച്ചപ്പോള്‍, മറ്റൊരു സംഘടനയായ ജോയിന്റ് ഫോറം ഓഫ് സെവൻ കുക്കി-സോ പ്രദേശങ്ങളിൽ ഇന്നലെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് ബന്ദ് ആഹ്വാനം ചെയ്തു. ജില്ലയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുകയാണെന്നും ജില്ലാ ആസ്ഥാന നഗരത്തിലെ സുപ്രധാന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സർക്കാർ രൂപീകരണത്തോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കുക്കി സംഘടനകൾ, കുക്കി സമുദായാംഗമായ നെംച കിപ്ജെൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിനെ രൂക്ഷമായി വിമർശിച്ചു. സർക്കാരിൽ ചേർന്ന കുക്കി എംഎൽഎമാരുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ തടയുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേക സ്വയംഭരണ പ്രദേശം എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സർക്കാരിൽ ചേർന്നത് ജനവഞ്ചനയാണ് എന്നാണ് കുക്കി ഇൻപി മണിപ്പൂർ, കുക്കി-സോ കൗൺസിൽ തുടങ്ങിയ സംഘടനകളുടെ നിലപാട്.

ഈ സര്‍ക്കാര്‍ സമാധാനം പുനഃസ്ഥാപിക്കുകയോ, സാമൂഹിക വിഭജനം പരിഹരിക്കുകയോ ചെയ്യില്ലെന്നും മെയ്തികളെ ഒഴിവാക്കിയുള്ള പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും കുക്കി-സോ കൗൺസിൽ പറഞ്ഞിരുന്നു. കുക്കി-സോ ജനതയ്ക്കതിരെ ഉണ്ടായ അതിക്രമങ്ങളും മെയ്തികൾ അടിച്ചേല്പിച്ച നിർബന്ധിത കുടിയൊഴിപ്പിക്കലും കണക്കിലെടുത്ത്, സർക്കാർ രൂപീകരണത്തിൽ പങ്കെടുക്കരുതെന്നും കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.
ബിജെപി നേതാവായ യുംനാം ഖേംചന്ദ് സിങ് സർക്കാരിൽ പങ്കെടുക്കുന്ന കുക്കി-സോ എംഎൽഎമാര്‍ പൊതുജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ഗുവാഹട്ടി പ്രമേയത്തിന് വിരുദ്ധമായി സര്‍ക്കാരിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതിന്റെ കാരണം വിശദീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.