21 January 2026, Wednesday

Related news

January 21, 2026
January 12, 2026
December 28, 2025
December 24, 2025
December 20, 2025
December 19, 2025
December 1, 2025
November 28, 2025
November 26, 2025
November 10, 2025

അസമിൽ എസ്‌ടി പട്ടികയെച്ചൊല്ലി സംഘർഷം; ആയിരങ്ങൾ തെരുവിൽ, സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ആരോപണം

Janayugom Webdesk
ദിസ്‌പുർ
December 1, 2025 6:33 pm

ആറ് പുതിയ സമുദായങ്ങളെക്കൂടി പട്ടികവർഗ്ഗ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെച്ചൊല്ലി അസമിൽ സംഘർഷം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി അസമിലെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപി സർക്കാർ നീക്കം നിലവിലെ ഗോത്രവിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ കവർന്നെടുക്കുമെന്നാണ് പ്രതിഷേധക്കാർ പ്രധാനമായും ആരോപിക്കുന്നത്. കൊക്രജാറിലെ സ്വയംഭരണ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ആസ്ഥാനത്ത് സമരക്കാർ അക്രമാസക്തമായി പ്രതിഷേധിച്ചു. പട്ടികവർഗ വിഭാഗങ്ങളെ മൂന്ന് മേഖലകളായി തിരിക്കുകയും ആറ് വിഭാഗങ്ങളെ പുതിയതായി ഉൾപ്പെടുത്തുകയും ചെയ്യുന്ന മന്ത്രിതല സമിതിയുടെ ശുപാർശ നിയമസഭയിൽ അവതരിപ്പിച്ചതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സമതലങ്ങളിലും കുന്നുകളിലും താമസിക്കുന്ന നിലവിലെ ആദിവാസി വിഭാഗത്തിനൊപ്പം താഴ്‌വര‑തേയിലത്തോട്ട മേഖലകളിലെ തായ്-അഹോം, ചുട്ടിയ, മൊറാൻ, മോട്ടോക്ക്, കൊച്ച്-രാജ്ബോങ്ഷി, തേയില ഗോത്രങ്ങൾ എന്നീ ആറ് സമുദായങ്ങളെയാണ് പട്ടികവർഗ്ഗ പദവിക്കായി പരിഗണിക്കുന്നത്. 

നിലവിലെ 13% വരുന്ന പട്ടികവർഗ ജനസംഖ്യയിലേക്ക്, 27% വരുന്ന ഈ ആറ് സമുദായങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള നീക്കം തങ്ങളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന് നിലവിലെ ഗോത്രവിഭാഗങ്ങൾ പറയുന്നു. ഈ ആറ് സമുദായങ്ങൾ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളടക്കം നൂറുകണക്കിന് പ്രതിഷേധക്കാർ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ആസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടു. ബോഡോ ആദിവാസി വിദ്യാർത്ഥികൾ ഓഫീസുകൾ അടിച്ച് തകർക്കുകയും വാഹനങ്ങൾക്ക് തീവെക്കുകയും ചെയ്തു. ഞായറാഴ്ച ഗുവാഹത്തിയിൽ ഗോത്ര സംഘടനകൾ സർക്കാർ റിപ്പോർട്ടിൻ്റെ പകർപ്പുകൾ കത്തിച്ചു.

ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ, സർക്കാരിന് നൽകിയ എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എന്നാൽ പട്ടികവർഗ പദവി നൽകുമ്പോൾ നിലവിലെ പട്ടികവർഗ സമുദായങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമാകരുതെന്ന വ്യവസ്ഥയിലാണ് എൻഒസി നൽകിയതെന്നാണ് ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ അധ്യക്ഷൻ ഹഗ്രാമ മൊഹിലാരി പറയുന്നത്. രണ്ട് കോടി പേരെ അടിച്ചേൽപ്പിച്ചാൽ അസമിലെ നിലവിലുള്ള 45 ലക്ഷം ആദിവാസികൾക്ക് അവകാശം നഷ്ടപ്പെടുമെന്ന് ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡൻ്റ് ദിപൻ ബോറോ അഭിപ്രായപ്പെട്ടു. മന്ത്രിമാരുടെ സംഘത്തിൻ്റെ ശുപാർശകൾ ശനിയാഴ്ച സംസ്ഥാന പാർലമെന്റിൽ അവതരിപ്പിച്ചതുമുതൽ റിപ്പോർട്ടിനെതിരായ പ്രതിഷേധം തുടരുകയാണ്. റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ തൻ്റെ സർക്കാർ പ്രതിഷേധക്കാരെ ക്ഷണിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.