
ഇന്ത്യക്ക് ചരിത്ര മുഹൂര്‍ത്തം. ബഹിരാകാശ ഗവേഷണരംഗത്ത് രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ശുഭാംശു ശുക്ല. ശുഭാംശു ഉള്‍പ്പെടെ നാലുപേരെ വഹിച്ചുള്ള ആക്സിയം 4 പേടകം ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നു. 41 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്ര നടത്തുന്നത്. ഇന്ന് ഇന്ത്യന്‍ സമയം 12.01ഓടെയാണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഡ്രാഗണ്‍ പേടകവുമായി കുതിച്ചുയര്‍ന്നത്. 28 മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷം നാളെ വൈകിട്ട് 4.30ന് ഉപഗ്രഹം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും. വിക്ഷേപണം കഴിഞ്ഞ് ഒമ്പത് മിനിറ്റുകള്‍ക്കു ശേഷം ലാന്‍ഡര്‍ ഒന്നാം ലോഞ്ച് പാഡില്‍ തിരിച്ചെത്തി.
രാകേഷ് ശര്‍മ്മയ്ക്കു ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് പിന്നില്‍. ഐഎസ്ആര്‍ഒയും ആക്സിയവും നാസയും സ്പേസ് എക്സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര. ഇവര്‍ യാത്രചെയ്യുന്ന ഡ്രാഗണ്‍ ക്രൂ മൊഡ്യൂളിന് ഗ്രേസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ് ഫ്ലെെറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സനാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. പോളണ്ടിൽ നിന്നുള്ള സ്ലാവാസ് ഉസ്നാൻസ്കി വിസ്‌നേസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരും ബഹിരാകാശ പേടകത്തിലുണ്ട്.
14 ദിവസമാണ് സംഘം നിലയത്തില്‍ തങ്ങുക. ഏഴ് ക്രൂ അംഗങ്ങള്‍ നിലവില്‍ ഐഎസ്എസില്‍ ഉണ്ട്. ബഹിരാകാശ നിലയത്തില്‍ 60 പരീക്ഷണങ്ങള്‍ സംഘം നടത്തും. ഇതില്‍ ഏഴെണ്ണം ഇന്ത്യന്‍ ഗവേഷകരില്‍ നിന്ന് ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തതാണ്. ബഹിരാകാശത്തുനിന്നും ജയ്ഹിന്ദ് പറഞ്ഞുകൊണ്ട് ഇന്ത്യക്കാര്‍ക്ക് ശുഭാംശു ശുക്ലയുടെ ആദ്യ സന്ദേശമെത്തി. ഇത് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയില്‍ നിങ്ങളെല്ലാവരും. ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹമെന്നും ശുഭാംശു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.