കേരളം ഹൃദയത്തിലേറ്റിയ നവകേരള സദസ് അതിന്റെ വിജയകരമായ പര്യവസാനത്തിലേക്ക് കടക്കുമ്പോള്‍ വിറളി പൂണ്ട പ്രതിപക്ഷം സമാധാനഭംഗമുണ്ടാക്കുന്ന സമരത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റേതായി നടക്കുന്ന സമരങ്ങള്‍ അക്രമത്തിന്റെ മാര്‍ഗത്തിലാണ്. നവകേരള സദസിന് നേരെ കരിങ്കൊടി കാട്ടുകയും പ്രതിഷേധം നടത്തുകയും ചെയ്ത് സമാധാനഭംഗം നടത്താമെന്നാണ് കരുതിയതെങ്കിലും അത് ഏശിയില്ല. കരിങ്കൊടി പ്രതിഷേധക്കാരെ ആക്രമിക്കുന്നു എന്നൊക്കെ പ്രചരിപ്പിച്ചും വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് പൊലിപ്പിച്ച് കാട്ടാനും ശ്രമങ്ങളുണ്ടായി. അതും ഫലം കണ്ടില്ല. മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് മൂന്നാം ദിവസം കല്യാശേരി മണ്ഡലത്തിലെത്തിയപ്പോഴാണ് ആദ്യത്തെ അപ്രഖ്യാപിത കരിങ്കൊടി പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഒന്നാകെ സഞ്ചരിക്കുന്ന പരിപാടിക്കുനേരെയുണ്ടായ അപ്രഖ്യാപിത പ്രതിഷേധം ഫലത്തില്‍ ആക്രമണത്തിന്റെ പ്രതീതിയാണ് ഉണ്ടാക്കിയത്. പിന്നീട് പ്രതിഷേധമെന്ന പേരില്‍ എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ ഓരോ പ്രതിഷേധവും ആ തരത്തിലുള്ളതായി. ചിലയിടങ്ങളില്‍ നവകേരള ബസിനുനേരെ ചെരുപ്പേറുണ്ടായി. ചില ദൃശ്യമാധ്യമങ്ങളെ മാത്രം അറിയിച്ച് നടത്തിയ പ്രസ്തുത സമരരീതി ജനങ്ങളില്‍ നിന്നുപോലും വലിയ വിമര്‍ശനം വരുത്തിവച്ചു. അതുകൊണ്ടാണ് ചെരുപ്പേറ് സമരം ഇനിയുണ്ടാകില്ലെന്ന് കെഎസ്‍യു സംസ്ഥാന അധ്യക്ഷന് പരസ്യമായി പറയേണ്ടിവന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിന് യുഡിഎഫില്‍ നിന്നുമാത്രമല്ല, കോണ്‍ഗ്രസില്‍ നിന്നുപോലും വേണ്ടത്ര പിന്തുണയുണ്ടായില്ലെന്നും സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. സമരത്തിലെ പങ്കാളിത്തം അതാണ് വ്യക്തമാക്കുന്നത്. ചാവേറുകളായിറങ്ങുന്ന വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരല്ലാതെ അണികള്‍ ഇറങ്ങുന്ന സമരം ഒരിടത്തുമുണ്ടായില്ല. പ്രതിപക്ഷ മുന്നണിയിലെ മറ്റൊരു ഘടക കക്ഷിയും നവകേരള സദസിനെതിരെ ശക്തമായി രംഗത്തുവന്നില്ല എന്നതും ശ്രദ്ധിക്കണം. എല്ലാംകൊണ്ടും തങ്ങളുടെ സമരം ശ്രദ്ധയാകര്‍ഷിക്കുന്നില്ലെന്നും അതേസമയം നവകേരള സദസ് വര്‍ധിച്ച പിന്തുണയോടെയും ആവേശകരമായ അനുഭവങ്ങളോടെയും മുന്നോട്ടുപോയി വിജയകരമായ സമാപനത്തിലെത്തുന്നുവെന്നും വന്നതോടെ ഉത്തരവാദപ്പെട്ടവരുടെ നേതൃത്വത്തില്‍ അക്രമസമരത്തിന് ഇറങ്ങിയിരിക്കുകയാണ്. കരിങ്കൊടികളുമായി ചാവേറുകളെ അയയ്ക്കുന്നതിന് പകരം നേതാക്കള്‍തന്നെ അണികളുമായി തെരുവിലിറങ്ങി കലാപനീക്കമാണ് നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിലേക്കും പൊലീസ് ആസ്ഥാനത്തേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മാര്‍ച്ചുകളെല്ലാം അക്രമത്തില്‍ കലാശിക്കുന്നതാണ് കണ്ടത്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും പൊലീസിനെ ആക്രമിക്കുന്ന സമീപനങ്ങളും എല്ലായിടങ്ങളിലും ദൃശ്യമായി. കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ചു.
പലതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോയില്ല. മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം തടഞ്ഞപ്പോള്‍ പൊലീസിന്റെ കയ്യിൽ നിന്നും ഷീൽഡുകൾ പിടിച്ചുവാങ്ങി തകർത്തു. പൊലീസ് വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. ഇന്നലെയും ബുധനാഴ്ചയും എല്ലായിടങ്ങളിലും ഒരേരീതിയാണ് സമരത്തില്‍ പിന്തുടര്‍ന്നത് എന്നതില്‍ നിന്ന് ഇതിന്റെ തിരക്കഥ ഒരിടത്താണ് തയ്യാറാക്കപ്പെട്ടതെന്ന് വ്യക്തമാണ്. നിയമം കയ്യിലെടുക്കുമെന്നും അടിച്ച ആളുകളെയൊക്കെ തിരിച്ചടിക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രകോപന പ്രസംഗം അണികളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തുന്നതിനുള്ള ഗൂഢാലോചന പ്രതിപക്ഷത്തിനൊപ്പം രാജ്ഭവന്‍ വരെ നീളുന്നതാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കോഴിക്കോട് മിഠായിത്തെരുവില്‍ ഇറങ്ങി നടത്തിയ നാടകം അതിന്റെ ഭാഗമായിരുന്നു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു കോഴിക്കോട്ട് റോഡിലൂടെയുള്ള അദ്ദേഹത്തിന്റെ സഞ്ചാരം.
ആരെയും അറിയിക്കാതെയായിരുന്നു എന്നാണ് പറഞ്ഞിരുന്നതെങ്കിലും പതിവ് പോലെ സംസ്ഥാനസര്‍ക്കാരിനെതിരായ കുപ്രചരണങ്ങളില്‍ മത്സരിക്കുന്ന എല്ലാ മാധ്യമങ്ങളും കാലേക്കൂട്ടി എത്തിച്ചേര്‍ന്നിരുന്നു. ബിജെപിയും തങ്ങള്‍ക്കാകും വിധത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ എന്ന വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തുന്നതിന് ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടിറങ്ങിയത്. സര്‍വകലാശാലാ സെനറ്റുകളില്‍ സംഘ്പരിവാറുകാരെ തിരുകിക്കയറ്റിയതിനെതിരെ കലാലയങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം കനത്തുനില്‍ക്കുന്നതിനിടയില്‍ സുരക്ഷ വേണ്ടെന്ന് വീമ്പിളക്കി തെരുവിലൂടെ നടക്കുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമെന്നും അത് സുവര്‍ണാവസരമാക്കാമെന്നും ധരിച്ചാണ് അദ്ദേഹം ഇതിനിറങ്ങിയത്. എന്നാല്‍ ആ പരിപ്പും വെന്തില്ല. ഇങ്ങനെ കേരളത്തിന്റെ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് വിവിധ രൂപങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ കുത്സിത നീക്കത്തിനെതിരെ പ്രബുദ്ധകേരളം ജാഗരൂകരാകേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.