22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 20, 2024
December 15, 2024
December 15, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇലക്ട്രറല്‍ ബോണ്ട് അഴിമതിയില്‍ കോണ്‍ഗ്രസ് കൂട്ടുകക്ഷി, അഴിമതിപ്പണം കോണ്‍ഗ്രസും കൈപ്പറ്റിയിട്ടുണ്ട്: ഡി രാജ

Janayugom Webdesk
ആലപ്പുഴ/ കൊല്ലം
April 17, 2024 10:20 pm

ഭരണത്തണലിൽ ബിജെപി നടത്തിയ ഇലക്ടറല്‍ ബോണ്ട് അഴിമതിക്കെതിരെ ശബ്ദമുയർത്താനാവാത്ത നിസഹായാവസ്ഥയിലാണ് കോൺഗ്രസെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം പുന്നപ്രയിലും താമരക്കുളത്തും സംഘടിപ്പിച്ച പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിപ്പണത്തിന്റെ ഒരു പങ്ക് കോണ്‍ഗ്രസും കൈപ്പറ്റിയിട്ടുണ്ടെന്ന് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ വ്യക്തമായി. ഓരോ പൗരനും തൊഴിൽ, ഭക്ഷണം, പാർപ്പിടം എന്നിവ ലഭ്യമാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ മോഡി ഭരണത്തിൽ പാവപ്പെട്ടവർ കൂടുതൽ ദരിദ്രരാവുകയും അഡാനി- അംബാനിമാർ കൂടുതൽ സമ്പന്നരാകുകയുമാണ് ചെയ്തത്. താങ്ങുവില ചോദിച്ച് നടത്തിയ സമരത്തിൽ 700ലധികം കർഷകരാണ് മരിച്ചത്. ബിജെപിയെ പരാജയപ്പെടുത്തി ഭരണഘടന സംരക്ഷിക്കാൻ നമുക്ക് കഴിയില്ലെങ്കിൽ വലിയ ദുരന്തങ്ങള്‍ ആവര്‍ത്തിക്കും.

കഴിഞ്ഞ 10 വർഷത്തിനിടെ സ്ത്രീകൾ, കുട്ടികൾ, പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർ, മണിപ്പൂർ നിവാസികൾ എന്നിവരെല്ലാം ആക്രമിക്കപ്പെട്ടത് നാടിന്റെ മനസിലെ നോവാണ്. രാജ്യത്ത് ഐക്യം നിലനിർത്തി സമാധാനം സംരക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. അതിന് ഇടതുപക്ഷമാണ് ഗ്യാരന്റി. ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കമ്മ്യൂണിസ്റ്റുകാരും ഇടതുപ്രവർത്തകരും നടത്തിയ ത്യാഗമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവാക്കളടക്കമുള്ള വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്ത മോഡി ഗ്യാരന്റിയെന്ന് പറഞ്ഞ് പുതിയ നുണകള്‍ തട്ടിവിടുകയാണ്. പട്ടിണി സൂചികയിൽ ബിജെപി ഇന്ത്യയെ മുന്നിലെത്തിക്കുമ്പോഴും മോഡി ഗ്യാരന്റി എന്ന പൊള്ളത്തരം അവർ പ്രചരിപ്പിക്കുകയാണെന്നും രാജ പറഞ്ഞു. ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം പുന്നപ്രയില്‍ നടന്ന യോഗത്തില്‍ ഇ കെ ജയനും മാവേലിക്കര മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. സി എ അരുണ്‍കുമാറിന്റെ പ്രചരണാര്‍ത്ഥം താമരക്കുളത്ത് നടന്ന പൊതുയോഗത്തില്‍ കെ രാഘവനും അധ്യക്ഷത വഹിച്ചു.

ബിജെപിയുടെ പതനം ഉറപ്പ്

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും മതേതര കക്ഷികളുടെ കൂട്ടായ്മ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കേരളത്തിൽ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ ഡി രാജ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ശക്തി ക്ഷയിച്ചു വരികയാണ്. അതുകൊണ്ടാണ് മോഡി അടിയ്ക്കടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഓടിയെത്തുന്നത്. എൻഡിഎ സഖ്യത്തിന് 400 സീറ്റ് ലഭിക്കുമെന്നുമുള്ള ബിജെപിയുടെ അവകാശവാദം പൊള്ളയാണ്. ബിസിനസ് സാമ്രാജ്യങ്ങൾക്കും കോർപ്പറേറ്റ് ഹൗസുകൾക്കും വേണ്ടിയുള്ള ഭരണമാണ് മോഡി നടത്തുന്നത്. 10 വർഷത്തെ ഭരണത്തിൽ ഇന്ത്യയുടെ സമ്പദ്ഘടനയെ അഡാനിമാർക്കും അംബാനിമാർക്കും തീറെഴുതി. മോഡിയുടെ ഗ്യാരന്റി എന്നത് യാതൊരു ആത്മാർത്ഥതയുമില്ലാത്ത ജല്പനങ്ങളും പച്ചക്കള്ളങ്ങളുമാണ്.
മത ചടങ്ങുകളെ രാഷ്ട്രീയവൽക്കരിക്കുകയും രാഷ്ട്രീയസംഭവങ്ങളെ വർഗീയവൽക്കരിച്ച് നേട്ടം കൊയ്യുകയുമാണ് മോഡി ചെയ്യുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണോ മുഖ്യ പൂജാരിയാണോ എന്ന കാര്യം മോഡി വ്യക്തമാക്കണം.
മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന നിയമഭേദഗതിയെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായി എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഇപ്പോഴും മൗനം അവലംബിക്കുകയാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. അതിനെ അട്ടിമറിക്കാൻ ഒരിക്കലും അനുവദിക്കില്ല. ഭരണഘടന എഴുതിയുണ്ടാക്കുന്ന അവസരത്തിൽ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാൻ ഹിന്ദുത്വ ശക്തികൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇന്ത്യ മതേതരത്വ ജനാധിപത്യ റിപ്പബ്ലിക് ആയിരിക്കുമെന്ന ശക്തമായ നിലപാട് സ്വീകരിച്ചത് ഡോ. അംബേദ്കറാണ്. അംബേദ്കർ ഇന്ത്യക്ക് എന്ത് സംഭാവന നൽകിയെന്നാണ് മോഡി ഇപ്പോൾ ചോദിക്കുന്നത്.
മോഡി വന്നാലും അമിത് ഷാ വന്നാലും ബിജെപിക്ക് കേരളത്തിൽ കാലുകുത്താൻ കഴിയില്ല. ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അവർ എൽഡിഎഫിനെ വിജയിപ്പിക്കുമെന്ന് രാജ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാലും പങ്കെടുത്തു.

Eng­lish Sum­ma­ry: Con­gress ally in Elec­toral bond scam, Con­gress also received cor­rupt mon­ey: D Raja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.