ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടി ബിജെപിവിജയിച്ച്അധികാരത്തിലെത്തിയതിനു പിന്നില്‍ പ്രധാന പ്രതികള്‍ മറ്റാരുമല്ല. ഭരണത്തിലിരുന്ന ആംആദ്മി പാര്‍ട്ടിയും, രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസുമാണ് . എഎപിയും ‚കോണ്‍ഗ്രസും പരസ്പരം പോരടിച്ചതാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്.
ഇന്ത്യാ മുന്നണിയിലെ ഐക്യമില്ലായ്മയാണ് തോല്‍വിക്ക് പ്രധാനകാരണം. ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിമണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് സിംഗ് സാഹിബിനോട് തോറ്റത് 4089 വോട്ടിനാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇന്‍ഡ്യാ മുന്നണിയില്‍ ഒരുമിച്ചായിരുന്നു കോണ്‍ഗ്രസും ആംആദ്മിയും ഇവിടെ മത്സരിച്ചത്. ആ ഒരുമ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നുവെങ്കില്‍ കെജ്രിവാള്‍ വീണ്ടും ഡല്‍ഹി നിയമസഭയില്‍ എത്തുമായിരുന്നു. ആംആദ്മിയിലെ രണ്ടാമന്‍ മനീഷ് സിസോദിയയെ തോല്‍പ്പിച്ചതും കോണ്‍ഗ്രസിന്റെ വോട്ടു പിടിത്തം മാത്രമാണ്. ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് മിക്ക മണ്ഡലത്തിലും ആംആദ്മി തോല്‍വിക്ക് വഴിയൊരുക്കിയെന്നതാണ് വസ്തുത,
കെജ്രിവാള്‍മത്സരിച്ച ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് സാഹിബ് 30088 വോട്ടാണ് നേടിയത്. കെജ്രിവാള്‍ 25999 വോട്ടും. ഇവിടെ ത്രികോണ പോരിന്റെ പശ്ചാത്തലം പോലും സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനായില്ല. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനായ സന്ദീപ് ദീക്ഷിതായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇവിടെ അദ്ദേഹത്തിന് കിട്ടിയത് 4568 വോട്ടും. ഈ വോട്ടു കൂടി കെജ്രിവാളിന് കിട്ടിയിരുന്നുവെങ്കില്‍ കുറഞ്ഞത് 400 വോട്ടിന് ജയിക്കുമായിരുന്നു
ജന്‍പുരയില്‍ മുന്‍ ഉപമുഖ്യമന്ത്രികൂടിയായ സിസോദിയ മികച്ച പോരാട്ടമാണ് നടത്തിയത്. 675 വോട്ടിനായിരുന്നു അദ്ദേഹം തോറ്റത് . ഇവിടെ വിജയിച്ച ബിജെപിയുടെ തര്‍വീന്ദര്‍ സിംഗ് മര്‍വയ്ക്ക് 38859 വോട്ടു കിട്ടി. മനീഷ് സിസോദിയയ്ക്ക് 38184 വോട്ടും. ഇവിടെ കോണ്‍ഗ്രസിനായി മത്സരിച്ച ഫര്‍ഹാദ് സൂരി നേടിയത് 7350 വോട്ടാണ്.അങ്ങനെ സിസോദിയയും തോറ്റു. കോണ്‍ഗ്രസിനു പോയ വോട്ടിന്റെ പകുതിനേടിയുരുന്നുെങ്കില്‍ സിസോദിയയും വിജയിച്ചേനേ
മൂവായിരം വോട്ടില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ബിജെപി നേടിയ സീറ്റുകളിലെല്ലാം ആംആദ്മിയ്ക്ക് വിനയായത് കോണ്‍ഗ്രസിന്റെ വോട്ടു പിടിത്തം തന്നെയാണ്. ഇവിടെ ചെറുപാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചത് ഒവൈസിയും, എഐഎംഐഎം ആണ്. 0.75 ശതമാനം വോട്ടു കിട്ടി. മുസ്ലീം വോട്ടുകളെ കെജ്രിവാളുമായി അടുക്കാതെ കാത്തത് ഈ ഇടപെടലാണ്. ബിജെപിയുടെ സഖ്യ കക്ഷിയായി മത്സരിച്ച ജെഡിയുവിന് 0.58 ശതമാനം വോട്ടും കിട്ടി. കോണ്‍ഗ്രസിന് 6.39 ശതമാനവും. ബിഎസ് പി യ്ക്ക് 0.57 ശതമാനവും നേടാനായി. രണ്ടു പാര്‍ട്ടികളോ രണ്ടു മുന്നണികളോ തമ്മിലെ നേരിട്ടുള്ള മത്സരമെന്നതില്‍ ഉപരി കോണ്‍ഗ്രസ് പിടിച്ച ആറു ശതമാനമാണ് ഡല്‍ഹിയില്‍ നിര്‍ണ്ണായകമായത്.
കോണ്‍ഗ്രസ് ഇന്നും, ഇന്ദിരാഗാന്ധിയുടെ കാലത്തെ വലിയ പ്രതാപത്തിന്റെ പഴയകഥകള്‍ പറയുകയല്ലാതെ സംഘടന കെട്ടിപ്പെടുക്കുന്നതിലോ, ബിജെപിക്ക് എതിരെ മറ്റ് പാര്‍ട്ടികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോബം നടത്താനോ തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി വന്‍ പരാജയമാണ്. അതുപോലെ കോണ്‍ഗ്രസുമായി ചില് വിട്ടു വീഴ്ചയ്ക്ക് കെജ്രിവാളും തയ്യാറാകേണ്ടിയിരുന്നു. ന്യൂനപക്ഷ മേഖലയിലെ മണ്ഡലങ്ങളില്‍ പരസ്പരം പോരടിച്ചത് വിനയായി. ബിജെപിയുടെ കുതന്ത്ര പ്രചാരണ തന്ത്രങ്ങളെ നേരിടുന്നതില്‍ വന്‍ പരാജയമാണ് ഇരുപാര്‍ട്ടിളില്‍ നിന്നും ഉണ്ടായത് ന്യൂനപക്ഷ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സജീവ സാന്നിധ്യവും ആം ആദ്മി പാർട്ടിക്ക് വിനയായി
അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി എത്തി പത്തുവർഷംകൊണ്ട് ദേശീയ പാർട്ടി പദവി സ്വന്തമാക്കിയ ആം ആദ്മി പാർട്ടി, ഇത്തവണയും ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ടത്, 50 ദിവസത്തെ ആദ്യ സർക്കാർ നൽകിയ സൗജന്യങ്ങളുടെ ആത്മവിശ്വാസത്തിലാണ്. മദ്യനയ അഴിമതിയെ രാഷ്ട്രീയ പകപോക്കൽ എന്ന് പ്രതിരോധിച്ച ആം ആദ്മി പാർട്ടിക്ക്, എന്നാൽ കെജ്രിവാളിന്റെ ആഡംബര വസതിയുടെ മാതൃകകളും, 10 നുണകളുടെ ശബ്ദ രേഖയുമായി ബിജെപി അടിത്തട്ടിൽ പ്രാചാരണത്തിനിറങ്ങിയപ്പോൾ പ്രതിരോധിക്കാൻ ആയുധമില്ലാതായി.
ചേരികളിലെ വോട്ടർമാർ പോലും ആം ആദ്മി യെ കൈ വിട്ടു. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വളരെയധികം മോശമായ പ്രകടനമാണ് ഇത്തവണ ആം ആദ്മി പാർട്ടി കാഴ്ചവച്ചത്. ആപ്പിലെ ഒന്നാമനും മുൻ മുഖ്യമന്ത്രിയുമായ കെജ്രിവാളും, രണ്ടാമനും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. അഴിമതിയാരോപണവും നിയമ പ്രശ്നനങ്ങളൂം ബിജെപി പ്രചരണത്തില്‍ എടുത്തു കാട്ടി. പാർട്ടിയുടെ മുൻനിര നേതാക്കളുടെ പ്രത്യേകിച്ചും കെജ്രിവാള്‍ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരുടെ അഴിമതി ആരോപണങ്ങളും അറസ്റ്റുകളും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലാണ് ഉണ്ടാക്കിയത്. ഈ പ്രശ്‌നങ്ങൾ എഎപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയെ ദുർബലപ്പെടുത്തി.
യമുന നദി ശുചീകരിക്കും, ഡൽഹിയിലെ റോഡുകൾ പാരീസ് പോലെയാക്കും, ശുദ്ധജലം ലഭ്യമാക്കും തുടങ്ങി കെജ്രിവാൾ നൽകിയ മൂന്ന് പ്രധാന വാഗ്ദാനങ്ങളും പാലിച്ചില്ല. യമുനാ നദിയിലെ മാലിന്യം കാരണം വെള്ളത്തിന് ബുദ്ധിമുട്ടിയ ഡൽഹി നിവാസികൾ കുറച്ചൊന്നുമല്ല അലഞ്ഞത്. ഒരു തുള്ളി വെള്ളം ഇല്ലാതെ ശരിക്കും കഷ്ടപ്പെട്ടിരുന്നു. ഇത് ആം ആദ്മി പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന് വിള്ളലേൽപ്പിച്ചു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി കെജ്രിവാളിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.ഒമ്പത് പേര്‍ ഉള്‍പ്പെടുന്ന ആം ആദ്മി പാര്‍ട്ടിയുടെ സംഘത്തേയും രാഹുല്‍ വിമര്‍ശിച്ചിരുന്നു. മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സത്യേന്ദ്ര ജെയ്ന്‍ എന്നിവരുള്‍പ്പെട്ട സംഘത്തിലെ ഓരോരുത്തരും നരേന്ദ്ര മോഡിയോട് സാമ്യമുള്ളവരാണ് എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
അതുപോലെ പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങളുടെ ആഘാതവും എഎപിയെ നാന്നായി ബാധിച്ചു. ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ അഴിമതി ആരോപണങ്ങൾക്ക് കഴിഞ്ഞു. ഇത് പാർട്ടിയുടെ പ്രതിച്ഛായയെ ഒന്നുകൂടി തകർത്തു. ഇതുകൊണ്ടൊക്കെ തന്നെ ഡൽഹി നിവാസികൾ എഎപിയെ അക്ഷരാർത്ഥത്തിൽ കൈവിട്ടു. 2020ലെ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിലാണ് എഎപി ജയിച്ചത്. എട്ട് സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. 2015ലെ തെരഞ്ഞെടുപ്പിൽ 67 സീറ്റുകളിലാണ് എഎപി വിജയിച്ചത്. അന്ന് മൂന്ന് സീറ്റിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് പൂജ്യം സീറ്റാണ് കിട്ടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.