ഗ്രൂപ്പിന്റെ പേരിൽ ആര്‍ക്കും ഇനി ആനുകൂല്യം ഇല്ലെന്നു തീർത്തുപറയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എ,ഐ ഗ്രൂപ്പുകളും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒന്നിച്ചു. തിരുത്തൽ വാദത്തോടെ രമേശ് ഐ ഗ്രൂപ്പ് വിട്ട സതീശൻ സുധാകരനൊപ്പം ഏറെനാൾ മുന്നോട്ട് പോയെങ്കിലും പ്ലീനറി കഴിഞ്ഞ സാഹചര്യത്തിൽ പുതിയ ഇടം കണ്ടെത്താൻ സുധാകരനെ എതിർക്കുന്നുവെന്നാണ് ഒടുവിലെ കാഴ്ച. രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് തള്ളിപ്പറയാത്ത സ്ഥിതിയിൽ സുധാകരനൊപ്പമുള്ള കൂട്ടുകെട്ട് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവ് കോൺഗ്രസിൽ പുതിയ ധ്രുവീകരണത്തിന് വഴിവയ്ക്കുകയാണ്.
കേരള രാഷ്ട്രീയത്തിലേക്ക് ഉടൻ ഇല്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയതോടെ ആദ്യ പ്രതികരണം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആയിരുന്നു. ഭാരത് ജോഡോയാത്രയുടെ ആവേശം നിലനിർത്തുന്നതിൽ സംസ്ഥാനത്തെ നേതാക്കൾ പരാജയപ്പെട്ടുവെന്നും നേതൃത്വത്തിലെ പൊരുത്തക്കേട് താഴെത്തട്ടിലുള്ള സംഘടനാ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് കെ സി വേണുഗോപാൽ ഹൈക്കമാൻഡിന് നൽകിയിട്ടുള്ള റിപ്പോർട്ട്. ഇതേത്തുടർന്നാണ് നിലവിലെ സംഘടനാ പ്രശ്നങ്ങളിൽ അഭിപ്രായം പറയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.
കേരളത്തിലെ നേതൃത്വം രണ്ടുതട്ടിലായെന്ന് ഹൈക്കമാൻഡ് തന്നെ സമ്മതിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുകയാണ്. കെ സുധാകരനെ മാറ്റണമെന്ന് ഏഴ് എം പിമാർ ഹൈക്കമാൻഡിനോടാവശ്യപ്പെട്ടെങ്കിലും അത് സ്ഥിരീകരിക്കാൻ എഐസിസി നേതൃത്വം തയ്യാറായിട്ടില്ല. എം കെ രാഘവൻ, കെ മുരളീധരൻ, ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റണമെന്ന് ഹൈക്കമാൻഡിനോടാവശ്യപ്പെട്ടിരിക്കുന്നത്. അടൂർ പ്രകാശ്, വി കെ ശ്രീകണ്ഠൻ, ശശി തരൂർ എന്നിവരും കെ സുധാകരന്റെ പ്രവർത്തനത്തില്‍ അതൃപ്തിയറിയിച്ചിട്ടുണ്ട്.
അതേസമയം വി ഡി സതീശൻ തന്നോടൊന്നും ആലോചിക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടു പോവുകയാണെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. കെപിസിസി ഭാരവാഹികളുടെ ലിസ്റ്റും തന്നോടാലോചിക്കാതെയാണ് തയ്യാറാക്കിയത്. കെ സി വേണുഗോപാലും വി ഡി സതീശനും ചേർന്ന് തീരുമാനങ്ങളെടുക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തുന്നു, രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോഴും മഹിളാ കോൺഗ്രസിന്റെ ഭാരവാഹി ലിസ്റ്റ് പുറത്തിറക്കിയപ്പോഴും പാര്‍ട്ടി അധ്യക്ഷനായ തന്നോട് ആലോചിച്ചിട്ടില്ലെന്ന പരാതിയാണ് കെ സുധാകരൻ ഹൈക്കമാൻഡിന് മുന്നിൽ ഉയർത്തിയിരിക്കുന്നത്.
പ്ലീനറി കാലത്ത് പുനഃസംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യില്ലെന്നും സംസ്ഥാനത്തു തന്നെ പ്രശ്നങ്ങൾ തീർക്കണമെന്നും ഹൈക്കമാൻഡ് തീരുമാനം വന്നെങ്കിലും രാഹുൽ ഗാന്ധി അഭയം കണ്ടെത്തിയ പിസിസി എന്ന നിലയിൽ നിലവിലുള്ള വികാരങ്ങൾ എഴുതിത്തള്ളാൻ കഴിയില്ല. എ കെ ആന്റണിയും ഉമ്മൻചാണ്ടിയും അഭിപ്രായ രൂപീകരണ വേദിയിൽ നിന്ന് ഒഴിഞ്ഞതോടെ കെ സി വേണുഗോപാൽ നിർണായക ശക്തിയായി മാറി. എന്നാല്‍ അത് ശരിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.