3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

വഖഫ് ഭേദഗതി ബില്ലില്‍ കോണ്‍ഗ്രസ് വെട്ടില്‍

 നിയമഭേദഗതിയെ എതിര്‍ക്കരുതെന്ന് സിബിസിഐ
 കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു 
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
March 31, 2025 11:04 pm

വഖഫ് ഭേദഗതി ബില്ലില്‍ കോണ്‍ഗ്രസ് നിലയില്ലാക്കയത്തില്‍. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന് (കെസിബിസി) പിന്നാലെ വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ)യും രംഗത്തെത്തിയതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് വിഷമവൃത്തത്തിലായി. നാളെ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. 

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍ക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. മുനമ്പം ഉള്‍പ്പടെയുള്ള ഭൂമി പ്രശ്‌നങ്ങള്‍ക്ക് വഖഫ് നിയമ ഭേദഗതിയിലൂടെ ശാശ്വത പരിഹാരം കാണണം. നിലവിലുള്ള വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനയ്ക്കും മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്. മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികള്‍ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോര്‍ഡ് ഈ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തിയെന്ന് സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വഖഫ് നിയമഭേദഗതി ബില്‍ എതിര്‍ക്കപ്പെടേണ്ടതല്ലെന്ന നിലപാടാണ് സിബിസിഐ മുന്നോട്ടുവച്ചിരിക്കുന്നത്. വഖഫ് നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഘട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും നിയമസഭാ അംഗങ്ങളും പക്ഷപാതരഹിതവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണം. നിയമപരമായ ഭേദഗതിയിലൂടെ മാത്രമേ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകൂ. ഇത് ജനപ്രതിനിധികള്‍ തിരിച്ചറിയണം. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിച്ച് കൊണ്ടാകണം മാറ്റമെന്നും സിബിസിഐ വ്യക്തമാക്കി.

കേരള കാത്തലിക് ബിഷപ് കൗണ്‍സിലും കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ട് ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും അടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.
വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചരണം നടത്തുന്നതായി കിരൺ റിജിജു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് നുണകൾ പ്രചരിപ്പിക്കരുത്. ന്യൂനപക്ഷ വിരുദ്ധമായ ഒന്നും ബില്ലിലില്ല. പാർലമെന്റിന്റെ ഈ സെഷനിൽ തന്നെ ബിൽ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമായി നടക്കുകയാണെന്നും കേന്ദ്ര മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബജറ്റ് സമ്മേളനം ഈയാഴ്ച അവസാനിക്കാനിരിക്കെ രണ്ട് സഭകളിലും പാസാക്കാനാകുമോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.

അതേസമയം വഖഫ് ബില്ലിനെ എതിര്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ബില്ലില്‍ വോട്ടെടുപ്പ് ആവശ്യപ്പെടണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കെസിബിസി നിലപാട് സമ്മർദമായി മാറിയ പശ്ചാത്തലത്തില്‍ ബില്ലിനെ പൂർണമായും എതിർക്കരുതെന്ന അഭിപ്രായം ചില എംപിമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, ബില്ലിനെ ഭാഗികമായി എതിർക്കാനാവില്ലെന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ബില്ലിന്റെ കാര്യത്തില്‍ കടുത്ത നിലപാടുമായി മുസ്ലിം ലീഗും രംഗത്തുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.