
തദ്ദേശതെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സ്ഥാനമേൽക്കൽ മുതൽ തുടങ്ങിയ പടലപ്പിണക്കങ്ങളിൽ പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം. മറ്റത്തൂരിലെ ബിജെപി സഖ്യത്തിലും ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയിലും പ്രതിരോധത്തിലായ ജില്ലയിലെ കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്കെതിരെ നടപടിയെടുത്ത് രക്ഷപ്പെടുകയാണ്. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് ബിജെപിക്കൊപ്പം സഖ്യത്തിലേർപ്പെട്ടതും ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയിൽ കോൺഗ്രസ് അംഗം പ്രസിഡന്റായതിലുമാണ് നടപടി. ഇവരെയെല്ലാം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. തൃശൂർ മേയർ തെരഞ്ഞെടുപ്പിനെ തുടർന്ന് സീറ്റ് നൽകാത്തതിൽ പ്രതികരിച്ച ലാലി ജെയിംസിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ആകെ 15 പേർക്കെതിരെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം നടപടിയെടുത്തത്.
എന്നാൽ നടപടി നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുവെക്കാനെന്ന് ഡിസിസി സെക്രട്ടറി ടി എം ചന്ദ്രൻ പറഞ്ഞു. വിപ്പ് കൊടുക്കാൻ തയ്യാറാകാതിരുന്നത് വീഴ്ചയായെന്നും ചന്ദ്രൻ പറഞ്ഞു. മറ്റത്തൂരിലെ ബിജെപി സഖ്യവുമായി ബന്ധപ്പെട്ട് ഡിസിസി സെക്രട്ടറി ടി എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെയും പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. മറ്റത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥികളായി ജയിച്ച എട്ടുപേരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുൻപായി ബിജെപിക്കൊപ്പം സഖ്യം രൂപവല്‍ക്കരിച്ചത്. തുടർന്ന് ഈ എട്ടുപേരുടെയും ബിജെപി അംഗങ്ങളുടെയും പിന്തുണയിൽ യുഡിഎഫ് വിമത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് ജയിച്ച എട്ടുപേരെയും രണ്ട് യുഡിഎഫ് സ്വതന്ത്രരെയും പാർട്ടിയിൽനിന്ന് കോൺഗ്രസ് നേതൃത്വം പുറത്താക്കിയിരുന്നു.
എന്നാൽ, ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നിധീഷിനോട് ഡിസിസി നേതൃത്വം രാജിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെയാണ് നിധീഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചത്. പിന്നാലെ പാർട്ടി തീരുമാനങ്ങൾ ലംഘിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച സബേറ്റ വർഗീസിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
അതേസമയം, മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് പുറത്താക്കിയ വാർഡ് അംഗങ്ങളെ ബിജെപിയിൽ എത്തിക്കാനും നീക്കമുണ്ട്. എട്ട് വാർഡ് അംഗങ്ങളെ ബിജെപി നേതാക്കൾ സമീപിച്ചതായി സൂചനയുണ്ട്. മറ്റത്തൂരിൽ ആര് ബിജെപിയിലേക്ക് വന്നാലും സ്വീകരിക്കും എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.