
കോൺഗ്രസിന്റെ ഉറച്ച കോട്ടയെന്ന് അവകാശവാദമുള്ള തൃപ്പൂണിത്തുറ നിയമസഭ നിയോജക മണ്ഡലത്തിലേക്ക് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ.എം ലിജുവിനെ പരിഗണിക്കുന്നുവെന്ന പ്രചരണം ശക്തമായതോടെ കോൺഗ്രസിനകത്ത് പൊട്ടിത്തെറി. കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും സജീവ പ്രവർത്തകരാണ് സാമൂഹിക മാധ്യമങ്ങളിൽ ലിജുവിനെ തൃപ്പൂണിത്തുറക്ക് വേണ്ടെന്ന നിലയിൽ പോസ്റ്ററുകളുമായി രംഗത്ത് എത്തിയത്.
അമ്പലപ്പുഴയിൽ ഉന്നതനായ നേതാവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിപ്പിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ലിജുവിനെ തൃപ്പൂണിത്തുറയിലേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. തൃപ്പൂണിത്തുറയിൽ സിറ്റിംഗ് എംഎൽഎയായ കെ ബാബു മൽസരിക്കാത്ത സാഹചര്യത്തിൽ ഇവിടെ ആദ്യം മുതൽ സിനിമാ താരം രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവരുടെ പേരുകൾ ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്നു. ഈ സ്ഥാനത്തേക്കാണ് കെപിസിസി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ലിജുവിന്റെ പേര് ശക്തമായി ഉയർന്ന് കേൾക്കുന്നത്. എന്നാൽ പ്രവർത്തകർക്കിടയിൽ സ്വരചേർച്ച ഇല്ലായ്മ ഉടലെടുത്തതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്തം കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകും.
1991 മുതൽ 2011 വെരെ കെ ബാബു തുടർച്ചയായി മൽസരിച്ച് ജയിച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ. 2016ൽ ആയിരുന്നു തിരിച്ചടി നേരിട്ടത്. എൽഡിഎഫിന്റെ എം സ്വരാജിനോട് പരാജയപ്പെട്ടു.അന്ന് 4467 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എൽഡിഎഫിന്റെ വിജയം. പിന്നീട് നടന്ന തെരഞ്ഞടുപ്പിൽ എൽഡിഎഫിനായി മൽസരിച്ച എം സ്വരാജിനെ നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് മണ്ഡലം തിടികെ പിടിക്കാനും ബാബുവിന് സാധിച്ചിരുന്നു. ഒരിക്കൽ പോലും മൽസരിച്ച ഇടങ്ങളിൽ ശോഭിക്കാത്ത ലിജുവിന് അമ്പലപ്പുഴയിലും കായംകുളത്തും വൻ തോൽവിയായിരുന്നു ഫലം. അതിനാൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ തൃപ്പൂണിത്തുറയിൽ പരീക്ഷണം വേണ്ടന്ന നിലപാടിലാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.