6 January 2026, Tuesday

Related news

January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 5, 2026
January 5, 2026
January 5, 2026
January 5, 2026

കെപിസിസി പുനഃസംഘടനയിൽ പുകഞ്ഞ് കോൺഗ്രസ്

*പിണങ്ങി കെ മുരളീധരൻ
*വേദന പരസ്യമാക്കി ചാണ്ടി ഉമ്മൻ
*പരിഹസിച്ച് കെ സുധാകരൻ
കെ കെ ജയേഷ് 
കോഴിക്കോട്
October 18, 2025 9:58 pm

പറഞ്ഞ് പിണങ്ങി കെ മുരളീധരൻ, വേദന പരസ്യമാക്കി ചാണ്ടി ഉമ്മൻ, പരിഹസിച്ച് ചിരിച്ച് കെ സുധാകരൻ… അതൃപ്തി പരസ്യമാക്കി പ്രമുഖനേതാക്കൾ രംഗത്തെത്തിയതോടെ കെപിസിസി പുനഃസംഘടനയിൽ പുകഞ്ഞ് കോൺഗ്രസ് നേതൃത്വം.
തുടക്കത്തില്‍ പരസ്യപ്രതികരണം നടത്തിയ ഷമ മുഹമ്മദിന് പിന്നാലെ കൂടുതൽ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പരമാവധി പേരെ ഉൾക്കൊള്ളിച്ച് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് വെട്ടിലായത്. പ്രതികരണത്തിനപ്പുറം നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടുള്ള നീക്കമാണ് കെ മുരളീധരനിൽ നിന്നും ഉണ്ടായത്. പുനഃസംഘടനയിൽ അതൃപ്തി രേഖപ്പെടുത്തി വിശ്വാസസംരക്ഷണ യാത്രയുടെ സമാപനത്തിൽ നിന്ന് പിന്മാറാനുള്ള മുരളീധരന്റെ നീക്കം നേതൃത്വത്തെ ഞെട്ടിച്ചു. ഒടുവിൽ കെ മുരളീധരന്റെ തന്ത്രപരമായ ഭീഷണിയ്ക്ക് മുന്നിൽ നേതൃത്വം തലകുനിക്കുകയായിരുന്നു.
മുന്‍നിര നേതാക്കൾ ഇടപെട്ടാണ് ജാഥാ ക്യാപ്റ്റനായിരുന്ന മുരളീധരനെ അനുനയിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുരളീധരനെ നേരിട്ട് വിളിച്ച് സംസാരിച്ചു. കെ മുരളീധരന്റെ പരാതിയിൽ ഇടപെടാമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് ഉറപ്പ് നൽകേണ്ടിയും വന്നു. മുരളീധരന്റെ നോമിനികളെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇതോടെയാണ് കെ മുരളീധരൻ വിഷയത്തിൽ അയഞ്ഞത്. കെ മുരളീധരൻ നിര്‍ദേശിച്ച കെ എം ഹാരിസിന്റെ പേര് പരിഗണിച്ചിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലും മുരളീധരന് നീരസമുണ്ടായിരുന്നു. തൃശൂർ ഡിസിസി മുൻ പ്രസിഡന്റ് ജോസ് വള്ളൂരിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതിനെതിരെയും കെ മുരളീധരൻ നേരത്തെ രംഗത്തുവന്നിരുന്നു.
പാർട്ടിയുടെ ദയനീയാവസ്ഥയെ പരിഹസിച്ചായിരുന്നു കെ സുധാകരൻ രംഗത്തെത്തിയത്. പുനസംഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് തൃപ്തനാണ് എന്ന ഒറ്റവാക്കിലുള്ള പ്രതികരണമായിരുന്നു മുൻ അധ്യക്ഷൻ കെ സുധാകരന്റേത്. എല്ലാറ്റിലും തൃപ്തനാണ്. സംതൃപ്തിയിലാണ്. ഇത്രയും തൃപ്തി മുമ്പ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പാർട്ടിയിൽ എതിർശബ്ദങ്ങൾ ഉയരുമ്പോഴാണ് പരിഹാസരൂപേണയുള്ള കെ സുധാകരന്റെ മറുപടി. കെ സുധാകരനും രമേശ് ചെന്നിത്തലയുമൊന്നും നൽകിയ പേരുകളൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യത്തിൽ ചെന്നിത്തലയ്ക്ക് ഉൾപ്പെടെ കടുത്ത അമർഷമുണ്ട്.
പുനസംഘടനയിൽ അവഗണന നേരിട്ട ചാണ്ടി ഉമ്മനും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കെപിസിസിയുടെ പരിപാടി ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ബഹിഷ്കരിച്ചിരുന്നു. തന്റെ ജീവിതം തന്റെ പാർട്ടിക്ക് വേണ്ടിയുള്ളതാണെന്നും താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ചാണ്ടി ഉമ്മനെ ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും തഴയപ്പെടുന്നവെന്നായിരുന്നു പരാതി.
അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം നിഷേധിച്ചതിനെതിരെ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. ഇതാണ് ഇദ്ദേഹത്തെ തഴയാൻ കാരണമെന്നും ആരോപണമുയർന്നിരുന്നു. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയതും ചാണ്ടി ഉമ്മനെ നീരസത്തിലാക്കി. ചാണ്ടി ഉമ്മനും അബിൻ വർക്കിയുമെല്ലാം തഴയപ്പെട്ടതിലെ അതൃപ്തി ഓർത്തഡോക്സ് സഭയും പരസ്യമാക്കിയിട്ടുണ്ട്.
ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഗ്രൂപ്പ് സമവാക്യങ്ങൾ പരമാവധി പാലിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോടൊപ്പം നിൽക്കുന്നവരാണ് പദവിയിലെത്തിയതില്‍ കൂടുതൽ ആളുകളുമെന്നാണ് ആരോപണം. പരമാവധി പേരെ കുത്തി നിറച്ച് ജംബോ പട്ടിക തയ്യാറാക്കിയിട്ടും പ്രതിഷേധങ്ങൾ തുടരുന്നത് കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.