22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

കോൺഗ്രസ് ഗ്രൂപ്പുപോര്‌ സാമൂഹിക മാധ്യമങ്ങളിലേയ്ക്ക് ‘ഇനി നമുക്ക്‌ പരലോകത്ത്‌ പോയി സംഘടനയുണ്ടാക്കാം അമ്മാവാ…

Janayugom Webdesk
കൊച്ചി
November 17, 2021 7:13 pm

‘ഇനി നമുക്ക്‌ പരലോകത്ത്‌ പോയി സംഘടനയുണ്ടാക്കാം അമ്മാവാ… അതുവരെയൊന്ന്‌ വിശ്രമിക്കു’ കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ഉമ്മൻ ചാണ്ടിയുടെ വാർത്തയ്‌ക്ക്‌ കീഴിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ കമന്റ്‌ ഈ രീതിയിലാണ്‌. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾക്കിടയിലെ പോര്‌ ഇപ്പോൾ പ്രവർത്തകരിലൂടെ സമൂഹമാധ്യമങ്ങളിലും പടരുകയാണ്‌.

പുനഃസംഘടന നിർത്തിവയ്‌ക്കണമെന്ന ആവശ്യവുമായി ഡൽഹിയിൽ സോണിയ ഗാന്ധിയെ കണ്ട ശേഷം ഉമ്മൻചാണ്ടി മാധ്യമങ്ങളോട്‌ പ്രതികരിക്കുന്ന വാർത്തയ്‌ക്ക്‌ കീഴിലാണ്‌ ഒ സി ആർമിയും കെ എസ്‌ ബ്രിഗേഡും ഏറ്റുമുട്ടിയത്‌. നിരവധി കോൺഗ്രസ്‌ പ്രവർത്തകരാണ്‌ ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപകരമായ കമന്റുകളുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇതിനെല്ലാം മറുപടിയുമായി ഉമ്മൻ ചാണ്ടിയുടെ അനുയായികളും രംഗത്തുണ്ട്‌.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി ഹൈക്കമാന്റമായി ചര്‍ച്ച നടത്തിയിരുന്നു. പുനഃസംഘടന നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഉമ്മൻചാണ്ടി ഡൽഹിയിലെത്തിയതിന്‌ പിന്നാലെ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ സംസ്ഥാന നേതൃത്വവും പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസിൽ പോര്‌ കൂടുതൽ മുറുകി. കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട ഉമ്മൻ ചാണ്ടി നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികൾ അക്കമിട്ട്‌ നിരത്തിയതായാണ്‌ സൂചന. ഇതേ പരാതിയുമായി രമേശ്‌ ചെന്നിത്തലയും ഡൽഹിയിലെത്തിയിട്ടുണ്ട്.

ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന കർശന നിലപാടിലാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. കേരള ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഉമ്മൻചാണ്ടി കണ്ടതിന് പിന്നാലെ പുനഃസംഘടനയ്ക്കുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രതികരണം പരസ്യഏറ്റുമുട്ടലിനും മടിക്കില്ലെന്നതിന്റെ സൂചനയാണ്‌. 24, 25 തീയതികളിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പുനഃസംഘടനാ മാനദണ്ഡങ്ങൾക്ക് അന്തിമരൂപം നൽകാനാണ്‌ തീരുമാനം.

അതിനിടെ, ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തനും മുൻ കെപിസിസി സെക്രട്ടറിയുമായ എം എ ലത്തീഫിന്റെ വിശദീകരണം കെ സുധാകരൻ തള്ളി. ലത്തീഫിനെതിരെ കൂടുതൽ അന്വേഷണം നടത്താൻ ജനറൽ സെക്രട്ടറിമാരായ ടി യു രാധാകൃഷ്‌ണൻ, അഡ്വ. പിഎം നിയാസ്‌ എന്നിവരെ നിയോഗിച്ചു. ഒരുവിട്ടുവീഴ്ചയുമില്ലെന്നാണ് ഇതിലൂടെ കെ സുധാകരനും വി ഡി സതീശനും വ്യക്തമാക്കുന്നത്. വിമർശം വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന്‌ എം എ ലത്തീഫിനെ പുറത്താക്കാനുള്ള തന്ത്രമാണ്‌ സുധാകരൻ ഒരുക്കുന്നത്‌. അച്ചടക്ക വാൾ വീശി എ, ഐ ഗ്രൂപ്പുകളിൽ ചോർച്ചയുണ്ടാക്കാനാണ്‌ നീക്കം. ഇത്‌ മനസ്സിലാക്കിയാണ്‌ സോണിയാഗാന്ധി വഴി തിരിച്ചടിക്കാൻ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും പുറപ്പാട്‌. കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ്‌ കെ സുധാകരനും വി ഡി സതീശനും നീങ്ങുന്നത്‌.ഇതിനിടെ അനുനയനീക്കവുമായി സതീശൻ രംഗത്തുവന്നു.

സംസ്ഥാനത്തെ പുനഃസംഘടനാ നടപടിയില്‍ അതൃപ്തിയുള്ള നേതാക്കളുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനഃസംഘടന നടത്താതിരുന്നാല്‍ പ്രവര്‍ത്തനം മന്ദീഭവിക്കുമെന്നും അതിന് താല്‍പര്യപ്പെടുന്നില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ‘കേരളത്തില്‍ പുനഃസംഘടന നടത്താതിരുന്നാല്‍ പ്രവര്‍ത്തനം മുഴുവന്‍ മന്ദീഭവിക്കും. അത് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. മാറ്റമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇതൊന്നും വിവാദമാക്കേണ്ട വിഷയമല്ല.’ വിഡി സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡണ്ടിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തനിക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അദ്ദേഹമെന്നും വിഡി സതീശന്‍ കൂട്ടിചേര്‍ത്തു. നമ്മളെല്ലാം വ്യക്തികളാണ്, എല്ലാവര്‍ക്കും 100 ശതമാനം പൂര്‍ണതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്നും വിഡി സതീശന്‍ ചോദിച്ചു.

ENGLISH SUMMARY:Congress group to social media
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.