23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 11, 2026
January 10, 2026

ബിജെപിയെ ചെറുക്കുന്നതിൽ കോൺഗ്രസിന് ദൂരകാഴ്ചയില്ല: ബിനോയ് വിശ്വം

Janayugom Webdesk
തൃശൂർ
March 18, 2024 7:53 pm

ജോഡോ ന്യായ് യാത്ര സമാപനത്തിൽ നിന്നും ഇടതുപക്ഷം വിട്ടുനിന്നത് കോൺഗ്രസിന്റെ ദൂര കാഴ്ചയില്ലായ്മ മൂലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യത്തിന് അപകടകാരികളായ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ഇന്ത്യയിൽ മഹാസഖ്യം എന്ന ആശയം മുന്നോട്ടുവെച്ചത് സിപിഐ ആണ്. പിന്നീട് 26 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഇന്ത്യാസഖ്യം രൂപം കൊണ്ടെങ്കിലും അതിന്റെ ആശയവും രാഷ്ട്രീയവും ഉൾക്കൊണ്ടു മുന്നോട്ടുപോകുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി തുടരുമ്പോഴും ദൂരകാഴ്ചയില്ലാത്ത കോൺഗ്രസിന്റെ പിടിവാശിയാണ് ഛത്തീസ് ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിജെപിയെ വിജയിപ്പിച്ചത്. ബിജെപിക്കും കേരളത്തിലെ കോൺഗ്രസിനും നിരാശയുടെ ഹാലിളക്കമാണ്. ഇരു കൂട്ടരെയും നയിക്കുന്ന മൗലിക രാഷ്ട്രീയം ഇടതുപക്ഷ വിരോധമാണ്. ബിജെപിയും കോൺഗ്രസും സ്വാഭാവിക സഖ്യത്തിന് ശ്രമിക്കുകയാണ്. തൃശൂരിൽ ഒരിക്കലും ജയിക്കാത്തയാളെ സ്ഥാനാർത്ഥിയാക്കിയിട്ട്, കേന്ദ്ര മന്ത്രിയാക്കുമെന്നതാണ് മോഡിയുടെ ഗ്യാരണ്ടിയെന്നും അദ്ദേഹം പരിഹസിച്ചു. പഴയ ചാക്കിനേക്കാൽ വിലകുറഞ്ഞ ഒന്നായി മോഡി ഗ്യാരണ്ടി മാറുന്നു. മോഡിക്കറിയാം ഈ ഗ്യാരണ്ടികളൊന്നും നടപ്പിലാക്കാനുള്ളതല്ലെന്ന്. 

ഇന്ത്യയിലെ മുഴുവൻ കള്ളപ്പണവും പിടിച്ചെടുക്കുമെന്ന മോഡി ഗ്യാരണ്ടിയുടെ ബാക്കിപത്രമാണ് ഇലക്ട്രൽ ബോണ്ടുകൾ. കള്ളപ്പണത്തെ എസ്ബിഐ വഴി വെള്ളപൂശി ബിജെപിയുടെ അക്കൗണ്ടിലേക്കെത്തിക്കുന്ന ഏറ്റവും നാണംകെട്ട മന്ത്ര വിദ്യയാണ് ഇലക്ട്രൽ ബോണ്ടുകൾ. ബിജെപി ബന്ധം കോൺഗ്രസിന്റെ അടിത്തറ തകർത്തു. ഗാന്ധി- നെഹ്റു മൂല്യങ്ങളെ മറന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ. എന്നാൽ ഗാന്ധിയെയും നെഹ്റുവിനെയും ഓർക്കുന്ന കോൺഗ്രസുകാർ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

മുസ്ലിം ക്രിസ്ത്യൻ വൈരുദ്ധ്യം മുതലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് തീക്കളിയാണ്. ഒരു വിഭാഗത്തെ തങ്ങൾക്കനുകൂലമാക്കി വോട്ടിന്റെ കടമ്പ കടക്കാനുള്ള ശ്രമം തെറ്റാണ്. പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർത്ഥികളാക്കുകയാണ് മോഡി ഭരണം. പാവപ്പെട്ടവരുടെ കൂടെയാണ് എപ്പോഴും ഇടതുപക്ഷം. അതാണ് എൽഡിഎഫ് നൽകുന്ന ഗ്യാരണ്ടി. തൃശൂരിൽ എൽഡിഎഫ് വിജയം 100 ശതമാനം ഗ്യാരണ്ടിയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. റവന്യൂമന്ത്രി കെ രാജൻ, സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Eng­lish Sum­ma­ry: Con­gress lacks fore­sight to fight BJP: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.