24 January 2026, Saturday

ഉമ്മന്‍ചാണ്ടി അന്തരിച്ചു

Janayugom Webdesk
July 18, 2023 6:05 am

ഉമ്മൻചാണ്ടി അന്തരിച്ചു

ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയും യുഡിഎഫ് നേതാവുമായ ഉമ്മന്‍ചാണ്ടി (80) നിര്യാതനായി.  അസുഖ ബാധിതനായി ബംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ പുലർച്ചെ 4.25നായിരുന്നു അന്ത്യം. അർബുദബാധിതനായി കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശ്ശേരി എസ്ബി കോളജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി. എ ബിരുദം നേടി. എറണാകുളം ലോ കോളജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വ്യക്തിയാണ്.

2004–2006,2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977–1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്. 2020‑ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടിയെ ആദരിച്ചിരുന്നു.

ഭാര്യ: മറിയാമ്മ ഉമ്മൻ. മക്കൾ: മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ. സംസ്കാരം പുതുപ്പള്ളിയിൽ.

ഉമ്മൻചാണ്ടിയുടെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, കെ രാജന്‍, പി പ്രസാദ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിനോയ് വിശ്വം എംപി, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും അനുശോചിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.