
ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസില്‍ നേതാക്കള്‍ രംഗത്ത്, മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ സുധാകരന്‍ രംഗത്തുവരികയും അദ്ദേഹത്തെ ന്യായീകരിക്കുയും ചെയ്തു .രാഹുല്‍ നിരപരാധിയെന്നും രാഹുല്‍ സജീവമാകണമെന്നും സുധാകരന്‍ പറഞ്ഞു. ഇതിനെതിരെ മറ്റൊരു മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ രംഗത്തുവന്നത് . രാഹുലിനെ പിന്തുണച്ച കെ സുധാകരനെ തള്ളിപറഞ്ഞിരിക്കുകയാണ് മുരളീധരന്‍. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസി സംഘടനജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പടെ രംഗത്തുവരുന്നതിനിടെയാണ് പിന്തുണയുമായി കെ. സുധാകരന്‍ വരുന്നത്.രാഹുല്‍ തീര്‍ത്തും നിരപരാധിയാണ്. ഞാനതൊക്കെ അന്വേഷിക്കുന്നുണ്ട്.
അന്വേഷിച്ചത് രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ്. പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നി ഐ വാസ് റോങ്. ഞാനവനെ വിളിച്ച് സംസാരിച്ചു. നമുക്ക് അവനെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്നമല്ല. രാഹുല്‍ സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ജനമനസില്‍ സ്ഥാനമുള്ളവനാണ്. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന, പ്രാസംഗിക കരുത്തുള്ളവനാണ്. അവനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞാന്‍ ശബ്ദ സന്ദേശം കേട്ടിട്ടില്ല, അവന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വെല്ലുവിളിച്ചിട്ടുണ്ടല്ലോ. രാഹുലിനെ പാര്‍ട്ടിയോടൊപ്പം കൂട്ടിനിര്‍ത്തിക്കൊണ്ടുപോകണം. അദ്ദേഹത്തിനൊപ്പം ഞാന്‍ വേദി പങ്കിടും സുധാകരന്‍ തുറന്നടിച്ചിരിക്കുകയാണ്.
ഇതിനെ എതിര്‍ത്താണ് മുരളീധരന്റെ പ്രസ്ഥാവനരാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ, പാര്‍ട്ടി നടപടിക്രമങ്ങളില്‍ പങ്കെടുക്കാനോ അവകാശമില്ല. അദ്ദേഹം സസ്‌പെന്‍ഷനിലാണ്. രാഹുലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരട്ടെ. റിപ്പോര്‍ട്ട് ലഭിച്ചശേഷം പാര്‍ട്ടി നടപടിയെടുക്കും. താന്‍ ജനപ്രതിനിധിയാണെന്നും, ഈ പുകമറ നിലനില്‍ക്കുന്നതിനാല്‍ ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ നിരപരാധിത്വം തെളിയിക്കാന്‍ ഇത്രയും മാസത്തിനോ, ദിവസത്തിനോ അകം അന്വേഷണം പൂര്‍ത്തീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതിയെ സമീപിക്കാന്‍ കഴിയും. അതൊക്കെ നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. അതേസമയം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രാഹുല്‍ പുറത്താണ് നില്‍ക്കുന്നത്.അതിനാല്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ആര്‍ക്കും വോട്ടു പിടിക്കാന്‍ അവകാശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായി ബന്ധമുള്ള നിരവധി പേര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു തേടി ഇറങ്ങാറുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പില്‍ സഹായിച്ചവര്‍ ഇപ്പോള്‍ ഇലക്ഷനില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ വീടുകളില്‍ പോയി പ്രചാരണം നടത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നും, അത് പാര്‍ട്ടിപരമായിട്ടുള്ളതല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.തെറ്റ് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. ധൈര്യമായിട്ട് പെണ്‍കുട്ടി എഴുതിക്കൊടുക്കണം. സമൂഹത്തിന്റെ പ്രൊട്ടക്ഷന്‍ എന്തായാലും ആ കുട്ടിക്ക് ഉണ്ടാകും. ആരാണെങ്കിലും പുകമറയില്‍ നിര്‍ത്തുന്നത് ശരിയല്ല. ആളെ പുറത്തു കാണാതെ ആരോപണങ്ങള്‍ മാത്രം, അത് നല്ലൊരു രീതിയല്ല. ധൈര്യമായി പെണ്‍കുട്ടി പരാതിയുമായി മുന്നോട്ടു പോകണം. അങ്ങനെയുണ്ടെങ്കില്‍ സമൂഹം എല്ലാ പിന്തുണയും ആ കുട്ടിക്ക് നല്‍കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.