സംസ്ഥാനത്തെ പ്രശംസിച്ചുള്ള ലേഖനമെഴുതിയ കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂര്‍ എംപിയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍.ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുകയാണ്. കേരളം വ്യവസായ സൗഹൃദം ആണെന്ന് പറയുന്നതിനോട് താൻ യോജിക്കുന്നില്ലെന്നും അത് ശശി തരൂർ തെറ്റിദ്ധരിച്ച് പറഞ്ഞതാകുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. മന്ത്രി പറഞ്ഞത് കേട്ട് തരൂർ ലേഖനമെഴുതിയത് ആകാം.ഒരു മിനുറ്റിൽ ഒരു വ്യവസായവും ഇവിടെ തുടങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ തരൂരുമായി സംസാരിക്കുമെന്നും എന്നാൽ സംഭവം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തെ അഭിനന്ദിച്ച ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുൻപ് രംഗത്ത് വന്നിരുന്നു.കേരളത്തിൽ മികച്ച വ്യവസായ അന്തരീക്ഷമില്ലെന്നും ശശി തരൂർ എന്ത് കണക്കാണ് പറഞ്ഞതെന്നറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തരൂരിന്റെ പ്രസ്താവനയോട് തങ്ങൾ യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തരൂർ പറഞ്ഞത് പാർട്ടി പരിശോധിക്കട്ടേയെന്നും വ്യക്തമാക്കി.അതിനിടെ തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്റെ നിലപാടല്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. അദ്ദേഹത്തിന്റെ നിലപാടിൽ ദേശീയ നേതൃത്വം മറുപടി പറയണമെന്നും കേരളത്തിലെ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ പറ്റുന്ന നിലപാടല്ല തരൂരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ ദേശീയ നേതാവും വിശ്വ പൗരനുമാണ്,ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ തരൂരിന്റെ പ്രസ്താവനയെ വിലയിരുത്താൻ താൻ ആളല്ല എന്ന് അദ്ദേഹം പരിഹസിക്കുകയുമുണ്ടായി.കേരളത്തിന്റെ വ്യവസായ രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ പ്രശംസിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലാണ് ശശി തരൂര്‍ ലേഖനം എഴുതിയത്. വ്യവസായ രംഗത്തെ നേട്ടങ്ങള്‍ കൊയ്ത് കേരളം മുന്നേറുകയാണെന്ന് ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു. കേരളത്തിന്റെ ഈ മാറ്റം ആഘോഷിക്കപ്പെടേണ്ടതാണെന്നും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് അതിശയകരമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.ഒന്നോ രണ്ടോ വര്‍ഷം മുമ്പ് സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു കമ്പനി തുടങ്ങാന്‍ മൂന്നു ദിവസമാണ് വേണ്ടിയിരുന്നതെങ്കില്‍ ഇന്ത്യയില്‍ അത് 114 ദിവസമാണെന്നാണ് പറയുന്നത്. കേരളത്തിലാണെങ്കില്‍ അത് 236 ദിവസവും.എന്നാല്‍ ഒന്നോ രണ്ടോ ആഴ്ച മുമ്പ് കേരളത്തില്‍ രണ്ടു മിനിറ്റു കൊണ്ട് കമ്പനി തുടങ്ങാനാവുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ച കാര്യം തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഇതൊരു അതിശയകരമായ മാറ്റമാണ്.ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്നു മാത്രമല്ല, അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു സംഭവിക്കുകയും ചെയ്യുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ കേരളം മുന്നിലെത്തിയിട്ടുണ്ട്. എഐ ഉള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ കേന്ദ്രീകരിക്കുന്ന പുതിയ വ്യവസായ നയം കേരളം നടപ്പാക്കി.ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് ഉദ്യമത്തിലൂടെ 2,90,000 എംഎസ്എംഇകളാണ് സ്ഥാപിക്കപ്പെട്ടത്. ഈ മാറ്റങ്ങള്‍ എല്ലാം ആഘോഷിക്കേണ്ടതു തന്നെയാണെന്നും തരൂര്‍ പറയുന്നു. 1991ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സംഭവിച്ചതിനു സമാനമായ മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ലേഖനത്തില്‍ തരൂര്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.