19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 15, 2024
December 13, 2024
December 10, 2024
December 10, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

കോണ്‍ഗ്രസ് നേതൃത്വം അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ല: ബിനോയ് വിശ്വം

തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാക്കാതിരിക്കാനാണ് ബിജെപി നീക്കം
Janayugom Webdesk
കോഴിക്കോട്
February 15, 2024 5:40 pm

ജനകീയ പ്രശ്നങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാക്കാതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന സിപിഐ ജില്ലാ തല പ്രവർത്തക യോഗത്തില്‍ ദേശീയ കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രമായ മതവികാരം ജനങ്ങളിലേക്ക് ഇട്ടുകൊടുത്ത് ജനശ്രദ്ധ മാറ്റി തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് ബിജെപി സര്‍ക്കാരിന്റെ രഹസ്യ അജണ്ട. അതിനു വേണ്ടതെല്ലാം അവര്‍ ഇതിനകം ചെയ്തു കഴിഞ്ഞു. ബിജെപിയെ സംബന്ധിച്ച് ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ. മറ്റു പ്രവര്‍ത്തനങ്ങളെല്ലാം അവര്‍ ഒരുക്കിക്കഴിഞ്ഞു. 

രാജ്യം ഭരിക്കുന്ന ബിജെപിയുടെ തലയും തലച്ചോറും നട്ടെല്ലുമെല്ലാം ആര്‍എസ്എസ് ആണ്. മൂലധന ശക്തികളോടുള്ള അളവറ്റ ദാസ്യവും കോര്‍പ്പറേറ്റ് തമ്പരുരാക്കന്‍മാരോടുള്ള വിധേയത്വവുമാണ് ഫാസിസത്തിന്റെ അടിത്തറ. ഹിറ്റ്ലറുടേയും മുസോളിനിയുടേയുമെല്ലാം ചരിത്രം അതായിരുന്നു. ഹിറ്റ്ലര്‍ തന്റെ രാഷ്ട്രീയത്തിന്റെ ഊടും പാവും നെയ്തത് ഇത്തരം ബന്ധത്തിലൂടെയായിരുന്നു. മറ്റെല്ലാത്തിനും മേലെയാണ് വംശം (മതം) എന്ന് ഇവര്‍ ചിന്തിപ്പിക്കുന്നു. രാജ്യത്ത് ഹിന്ദുമതത്തിനാണ് ആധിപത്യമെന്നും ആ മതത്തിന്റെ കല്പന പ്രകാരമേ ഇന്ത്യ ചലിക്കാവൂ എന്നുമാണ് സംഘപരിവാറിന്റെ തിട്ടൂരം. ജര്‍മനിയിലും നാം ഇത് കണ്ടതാണ്. ആര്യന്‍മാരാണ് ശരിയെന്നും ജൂതന്‍മാരെ ഉന്‍മൂലനം ചെയ്യണമെന്നുമായിരുന്നു അവിടെ ആഹ്വാനം. ഇന്ത്യയിലും അതുതന്നെയാണ് കാണുന്നത്. മോഡി സര്‍ക്കാരിന് അദാനിമാരോടാണ് വിധേയത്വം. അവരാണ് സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത്. ബിജെപിയുടേയും ആര്‍എസ്എസ്സിന്റേയും സാമ്പത്തിക അടിത്തറ കോര്‍പ്പറേറ്റ് ശക്തികളാണ്. 

ഇവര്‍ പറയുന്നത് ഹിന്ദുത്വം എന്ന ഓമനപ്പേരാണ്. അതിന് യഥാര്‍ത്ഥ ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. ഹിന്ദുത്വ വാദം ചാതുര്‍വര്‍ണ്യത്തിന്റെ പരിഷ്കരിച്ച രൂപമാണ്. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനുമെല്ലാമായി ജനങ്ങളെ വിഭജിക്കാനാണ് നീക്കം. കാലം തള്ളിക്കളഞ്ഞ ആശയത്തെ തിരിച്ചുകൊണ്ടുവരുവാനുള്ള വാദമാണ് ഹിന്ദുത്വവാദം. അത് ബിജെപി അറിഞ്ഞുകൊണ്ട് ഉണ്ടാക്കിയതാണ്. വിഭജനമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ അത് വിലപ്പോവുന്നുണ്ട്. കേരളമല്ല ഇന്ത്യ. രാജ്യത്ത് പലയിടങ്ങളിലും വര്‍ഗ്ഗീയ കലാപങ്ങള്‍ ആളിക്കത്തിക്കാന്‍ ഇതാണ് ആര്‍എസ്എസ്സും ബിജെപിയും ഉപയോഗിക്കുന്നത്. ശ്രീരമന്റെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കാനുള്ള ശ്രമവും നടക്കുന്നു. ഒരു മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരുമതത്തിന്റെ ആരാധനാലയം ഉദ്ഘാടനം ചെയ്യുന്നു. ഇത് നല്‍കുന്ന സന്ദേശം എന്താണ്?. പള്ളിപൊളിച്ച സ്ഥലത്ത് ഉയരുന്ന ക്ഷേത്രത്തിന്റെ പ്രധാനപൂജാരിയായി പ്രധാനമന്ത്രി തന്നെ മാറുന്നു. ഏതെങ്കിലും ഒരു മതത്തിന്റെ അധിപന്റെ വേഷം കെട്ടാന്‍ ഒരു മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി തയ്യാറാകുന്നു. ഇത് കളംഒരുക്കല്‍ മാത്രമാണ്. മധുരയും കാശിയുമെല്ലാം അടുത്ത ലക്ഷ്യങ്ങളാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

അനുഭവത്തില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നില്ലെന്നതാണ് ആ പാര്‍ട്ടിയുടെ പരാജയം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി മികച്ച വിജയം കൊയ്യുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ മുന്നണിയിലെ മറ്റ് കക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതാണ് നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പരാജയം സമ്മാനിച്ചത്. ഇന്ത്യാ സഖ്യമെന്ന നിലയില്‍ തെലങ്കാനയില്‍ മാത്രമാണ് മുന്നണിക്ക് വിജയം കൈവരിക്കാനായത്. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. താനാണ് അധിപന്‍ എന്നാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചിന്തിക്കുന്നത്. മോഡി സര്‍ക്കാര്‍ ഊതി വീര്‍പ്പിച്ചു നല്‍കിയ അധികാരം മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. മണിപ്പൂരില്‍ ബിജെപി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. മണിപ്പൂരിന്റെ മുറിവുണക്കാന്‍ ബിജെപിക്ക് ഒട്ടും താല്പര്യമില്ല. കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മോഡി ഇതുവരെ തയ്യാറാവാതിരുന്നത് അതാണ് തെളിയിക്കുന്നത്. 

ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കുകയാണ് രാജ്യത്തെ ജനങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ കടമ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മഹത്തായ സമരമാണ് കര്‍ഷക സമരം. മോഡിയെ മുട്ടുകുത്തിക്കാന്‍ ആ സമരത്തിനു കഴിഞ്ഞു. എന്നാല്‍ മോഡി സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാന്‍ തയ്യാറായില്ല. ഇത് കര്‍ഷകരെ വീണ്ടും പ്രക്ഷോഭത്തിലേക്കിറക്കിയിരിക്കുകയാണ്. ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ നിലനിര്‍ത്താനുള്ള തെരഞ്ഞെടുപ്പാണ്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കാനുള്ള ഈ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. ഈ യുദ്ധത്തില്‍ നാം ഓരോരുത്തരും പടയാളികളായി സ്വയം മാറണം. 

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇടതുപക്ഷത്തിന്റേയും സംഖ്യാബലം വര്‍ധിപ്പിക്കാന്‍ കഴിയണം. ഒപ്പം മതേതര ശക്തികളുടേയും കരുത്ത് വര്‍ധിക്കണം. ഇതിലൂടെ ഫാസിസ്റ്റ് സര്‍ക്കാരിനെ തറപറ്റിച്ച് ഇന്ത്യാ സഖ്യത്തെ അധികാരത്തിലേറ്റാന്‍ കഴിയണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരും മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയകൗൺസിൽ അംഗം സത്യൻ മൊകേരി സംസ്ഥാന കൗൺസിൽ തീരുമാനങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി വി ബാലൻ, അഡ്വ. പി വസന്തം, ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ് എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. 

Eng­lish Summary:Congress lead­er­ship not learn­ing from expe­ri­ence: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.