വിവാദ പ്രസ്താവനകളിലൂടെ പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന എഐസിസി വർക്കിങ് കമ്മിറ്റി അംഗം ശശി തരൂരിനെ അവഗണിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ്. പ്രതികരിക്കുമ്പോൾ തരൂരിന് കൂടുതൽ ശ്രദ്ധ കിട്ടുമെന്നാണ് പാർട്ടി കരുതുന്നത്. രാഷ്ട്രീയത്തിൽ തരൂരിന് അധികകാലം ഭാവിയില്ലെന്നും അതുകൊണ്ട് അവഗണനയാണ് ഏറ്റവും നല്ലതെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
അതേസമയം അടുത്ത മാസം ഗുജറാത്തിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ തരൂരിന്റെ നിലപാടുകൾ ആരെങ്കിലും ഉന്നയിച്ചാൽ വർക്കിങ് കമ്മിറ്റി അംഗമായ തരൂരിനെതിരെ നിലപാടെടുക്കാൻ പാർട്ടി നിർബന്ധിതമാകുമെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ മാസം വിളിച്ച നേതൃയോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായി തരൂർ മുന്നോട്ട് പോകുന്നതിൽ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. തരൂരിന്റെ നീക്കങ്ങളിൽ സംസ്ഥാന നേതാക്കളുടെ എതിർപ്പുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹൈക്കമാന്‍ഡിന് നൽകുന്നതോടെ ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
തദ്ദേശ — നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തെത്തിയ സാഹചര്യത്തിൽ തരൂരിനെതിരെ പരസ്യ പ്രതികരണം ശക്തമാക്കുന്നത് തിരിച്ചടിയാകുമോ എന്ന ഭയമാണ് സംസ്ഥാനത്തെ നേതാക്കൾക്കുള്ളത്. അതുകൊണ്ട് തന്നെയാണ് മോഡിയെ അനുകൂലിച്ചുകൊണ്ടുള്ള തരൂരിന്റെ നിലപാട് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടും കേരളത്തിലെ പ്രധാന നേതാക്കളൊന്നും ഇതുവരെയും കാര്യമായി പ്രതികരിക്കാതിരിക്കുന്നത്. പ്രസ്താവനകൾക്കെതിരെ തത്ക്കാലം കാര്യമായ പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണ് ഇവരെല്ലാവരും.
റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് ശരിയാണെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. രണ്ട് വർഷം മുമ്പ് രാഹുൽ ഗാന്ധി പറഞ്ഞ അതേ കാര്യങ്ങളാണ് താനും പറഞ്ഞതെന്നാണ് തരൂർ വ്യക്തമാക്കുന്നത്. ലോകത്ത് സമാധാന ശ്രമങ്ങൾക്ക് മുൻകയ്യെടുക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് പറയുന്ന തരൂർ തന്റെ നിലപാടിൽ നിന്ന് മാറില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ് മോഹൻ ഉണ്ണിത്താനും കെ മുരളീധരനും പോലെ അപൂർവം ചിലർ മാത്രമാണ് തരൂരിന്റെ നിലപാടിനെതിരെ പ്രതികരിച്ചിട്ടുള്ളത്.
ഘടകകക്ഷികൾക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിലും ആർഎസ്‌പി മാത്രമാണ് അതൃപ്തി പരസ്യമാക്കിയിട്ടുള്ളത്. തരൂരിന്റെ പരാമർശങ്ങൾ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് ആർഎസ്‌പിയുടെ നിലപാട്. നേരത്തെ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ ഏറെ പോസിറ്റീവായാണ് കാണുന്നതെന്നും തരൂർ പറഞ്ഞിരുന്നു.
ഇതേ സമയം പ്രധാനമന്ത്രി സ്തുതിയുടെ കാര്യത്തിൽ മൗനം പാലിക്കുന്ന കോൺഗ്രസ് നേതൃത്വവും മുഖപത്രമായ വീക്ഷണവും തരൂർ നേരത്തെ കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തെ അംഗീകരിച്ച് രംഗത്ത് വന്നപ്പോൾ അതി രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്. മുഖപ്രസംഗത്തിൽ തരൂരിന്റെ പേര് പരാമർശിക്കാതെയായിരുന്നു വീക്ഷണം പത്രത്തിന്റെ വിമർശനം. എന്നാൽ മോഡിയെ അനുകൂലിച്ചുള്ള പ്രസ്താവനയിൽ വീക്ഷണവും കാര്യമായ പ്രതികരണം നടത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.