ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി പ്രതിപക്ഷ നേതാവടക്കം എംഎല്‍എമാര്‍ ബിജെപിയിലേക്ക്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്ത എംഎല്‍എമാരാണ് ഒരുവര്‍ഷം തികയുംമുമ്പ് മറുകണ്ടം ചാടിയിരിക്കുന്നത്.
നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ നിന്നും ഏഴ് എംഎല്‍എമാര്‍ വിട്ടുനിന്നതായി വാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം കോണ്‍ഗ്രസ് നേതൃത്വം നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോയും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ഉള്‍പ്പെടെയുള്ള അഞ്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തിയതോടെ ചുവടുമാറ്റം ഉറപ്പായി.
നിലവില്‍ 11 അംഗങ്ങളാണ് ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനുളളത്. 40 അംഗ നിയമസഭയില്‍ 25 സീറ്റുകള്‍ നേടിയ എന്‍ഡിഎയാണ് ഭരിക്കുന്നത്. എട്ട് എംഎല്‍എമാരുണ്ടെങ്കില്‍ കൂറുമാറ്റ നിരോധനനിയമം ഒഴിവാക്കാനാകും.
ലോബോയെ എതിര്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത് കോണ്‍ഗ്രസിന് പ്രതീക്ഷിക്കാത്ത അടിയായി മാറി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ദിഗംബര്‍ കാമത്തായിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ലോബോ ഇപ്പോഴും പഴയ പാര്‍ട്ടിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എംഎല്‍എമാരെ ഭീഷണിപ്പെടുത്താനും വേട്ടയാടാനും ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞു.
2019ല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും ബിജെപിയില്‍ ചേര്‍ന്നതോടെ നിയമസഭാംഗങ്ങളായി നാല് മുന്‍ മുഖ്യമന്ത്രിമാര്‍ മാത്രമായി ചുരുങ്ങിയിരുന്നു. അതിനിടെ നാളെ നടക്കേണ്ടിയിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സ്പീക്കര്‍ രമേഷ് തവാഡ്കര്‍ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ഹരിയാനയില്‍ നിന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുമറിച്ചതിനാണ് ബിഷ്ണോയിയെ കോൺഗ്രസ് പുറത്താക്കിയത്.
അടുത്തിടെ ബിജെപിയുടെ വന്‍ കുതിരക്കച്ചവടനീക്കത്തില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് അധികാരം നഷ്ടമായിരുന്നു.
English Summary: Congress MLAs in Goa: jumped the other way
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.