
ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിവസം കോണ്‍ഗ്രസ് എംപി രേണുക ചൗധരി നായയുമായി പാര്‍ലമെന്റില്‍ എത്തിയത് വിവാദത്തില്‍. സംഭവത്തില്‍ എംപിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. നായുമായി പാര്‍ലമെന്റില്‍ എത്തിയ എംപിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
സർക്കാരിന് മൃഗങ്ങളെ ഇഷ്ടമല്ലെന്നും ഒരു ചെറിയ, നിരുപദ്രവകാരിയായ മൃഗം അകത്തു കയറിയാൽ എന്താണ് ദോഷമെന്നുമായിരുന്നു വിമർശനത്തോടുള്ള രേണുകാ ചൗധരിയുടെ പ്രതികരണം. കടിക്കുമെന്ന് ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് പാര്‍ലമെന്റിനകത്താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാർലമെൻ്റിലേക്കുള്ള യാത്രക്കിടെ അപകടം നടന്ന സ്ഥലത്ത് കണ്ട നായയെ താൻ ഒപ്പം കൂട്ടിയതാണെന്നും തന്റെ കാറിൽ തന്നെ നായയെ മടക്കി അയച്ചെന്നും എംപി പറഞ്ഞു.
രേണുക ചൗധരിയുടെ പ്രവർത്തിയിൽ നടപടിയെടുക്കണമെന്ന് ബിജെപി എംപി ജഗദംബിക പാൽ ആവശ്യപ്പെട്ടു. ചില പാർലമെന്ററി പദവികൾ ഉണ്ടെന്ന് കരുതി അവ ദുരുപയോഗം ചെയ്യണമെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായ്ക്കളെ ഷെല്‍ട്ടറില്‍ അടയ്ക്കണമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് എംപി വളര്‍ത്തുനായയുമായി പാര്‍ലമെന്റ് സന്ദര്‍ശക ഗാലറിയില്‍ എത്തിയത്. തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നിര്‍മ്മാര്‍ജനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.