മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാനുള്ള കാരണം സ്വന്തം നിലയില്‍ തന്നെ ജയിച്ചുകളയാം എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഹന്തയാര്‍ന്ന സമീപനത്തിന്റെ ഫലമാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയിലെ മതേതര ജനാധിപത്യ ദേശാഭിമാന ഇടതുപക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന ഇന്ത്യന്‍ ജനതയുടെ പൊതുചിന്താഗതിയെ മാനിക്കാത്ത സമീപനമാണ് കോണ്‍ഗ്രസിന്റെ പക്വതയില്ലാത്ത നേതൃത്വം സ്വീകരിച്ചത്. ഓരോ സംസ്ഥാനത്തും തെരഞ്ഞെടുപ്പ് തന്ത്രവും സീറ്റ് വിഭജനവും സംസ്ഥാന നേതൃത്വങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ബിജെപി ഇതര ജനവിഭാഗങ്ങളെ ഒരുമിപ്പിക്കുക എന്ന രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ ആഗ്രഹിക്കുന്ന പൊതു രാഷ്ട്രീയനയം നടപ്പിലാക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതുകൊണ്ട് മാത്രമാണ് തെലങ്കാന ഒഴികെയുള്ള മൂന്നു സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുന്നതിന് സാധ്യത ഒരുക്കിയത്. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഉന്നതന്മാര്‍ തമ്മിലുള്ള അധികാരത്തിനായുള്ള കുത്സിത നീക്കങ്ങളും കുതികാല്‍വെട്ടും ബിജെപി വിജയത്തിന്റെ വേഗത കൂട്ടുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ പ്രസിഡന്റായ മല്ലികാര്‍ജുൻ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യത്തിന്റെ പൊതുരാഷ്ട്രീയ സാഹചര്യം മനസിലാക്കാതെയാണ് മുന്നോട്ടുപോയത്.
ബിജെപിയെ ഏതുവിധേനയും അധികാരത്തില്‍ നിന്നും പുറത്താക്കണം എന്ന ജനങ്ങളുടെ പൊതു ചിന്താഗതിയെ കൂട്ടിയോജിപ്പിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. അധികാരമോഹികളുടെ ഒരു കൂടാരമായി കോണ്‍ഗ്രസ് മാറിയതിനാലാണ് മൂന്നു സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കാന്‍ കാരണമായത്. ഈ വിജയത്തിന്റെ ഉത്തരവാദി കോണ്‍ഗ്രസ് നേതൃത്വമാണ്. രാജ്യത്തെ മതേതര ജനാധിപത്യ ഇടതുപക്ഷ വിശ്വാസങ്ങളോട് കൂറുപുലര്‍ത്തുന്ന ജനങ്ങളെ കോണ്‍ഗ്രസ് വഞ്ചിക്കുകയാണ് ചെയ്തത്. നരേന്ദ്രമോഡി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ എല്ലാ ജനാധിപത്യ സങ്കല്പങ്ങളെയും കുഴിച്ചുമൂടുന്ന നയമാണ് സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള ഭരണകൂടം നടപ്പിലാക്കുന്നത്. വിദേശ‑ആഭ്യന്തര മൂലധന ശക്തികളുടെ താല്പര്യങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇന്ന് പതിന്മടങ്ങായിരിക്കുന്നു. ദേശീയ സമ്പത്ത് ധന മൂലധന ശക്തികള്‍ കവര്‍ന്നെടുക്കുന്നു. തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്നു. ഇന്ത്യയിലെ കര്‍ഷകര്‍ ജീവിക്കുവാന്‍ കഴിയാതെ ദുരിതത്തിലാണ്. 140 കോടിയിലധികം വരുന്ന ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. കാര്‍ഷിക മേഖലയെ ദേശീയ‑വിദേശ ശക്തികള്‍ക്ക് കൈമാറാനുള്ള കാര്‍ഷിക നിയമത്തിനെതിരായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്തിയ സമരം ഐതിഹാസികമായിരുന്നു. സമരത്തിനു മുമ്പില്‍ നരേന്ദ്രമോഡി മുട്ടുമടക്കി കര്‍ഷകരോട് മാപ്പുപറഞ്ഞു. യുവാക്കള്‍ക്ക്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല. ഹിന്ദുത്വവാദം ഉയര്‍ത്തി രാജ്യത്തുടനീളം കലാപങ്ങളുണ്ടാക്കി ന്യൂനപക്ഷങ്ങളില്‍ ഭയപ്പാട് സൃഷ്ടിക്കുകയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.
മണിപ്പൂരിലെ വംശഹത്യ ബിജെപിയുടെയും സംഘ്പരിവാറിന്റെയും നയത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ ഭരണഘടനയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും ഇല്ലായ്മ ചെയ്യുന്നു. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുവാനും ജീവിക്കുവാനുള്ള അവകാശത്തിനും വേണ്ടിയുള്ള പോരാട്ടമാണ് രാജ്യത്ത് വളര്‍ന്നുവരുന്നത്. അത്തരം ഒരു ഘട്ടത്തിലാണ് ഇന്ത്യയിലെ മതേതര – ജനാധിപത്യ ദേശാഭിമാന – ഇടതുപക്ഷ ശക്തികള്‍ എല്ലാം ഒന്നിക്കണമെന്ന ശക്തമായ ആവശ്യം രാജ്യത്ത് ഉയര്‍ന്നുവന്നത്. ബിജെപി അധികാരത്തില്‍ എത്തിയതിനുശേഷം പുതുച്ചേരിയില്‍ ചേര്‍ന്ന സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ജനങ്ങള്‍ ഒന്നടങ്കം അണിനിരക്കണമെന്ന് ആദ്യം ആഹ്വാനം ചെയ്തത്. ഇന്ത്യാ മുന്നണി ആ രാഷ്ട്രീയ ദിശയിലേക്കുള്ള രാഷ്ട്രീയ വേദിയായി വളര്‍ന്നുവന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൈവരിക്കുവാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യാ മുന്നണി ആഹ്വാനം ചെയ്തു. നേതൃയോഗങ്ങള്‍ ചേര്‍ന്ന് അതിനായി പരിപാടികള്‍ തയ്യാറാക്കി. ഇന്ത്യാ മുന്നണി തയ്യാറാക്കിയ പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസം നിന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. മധ്യപ്രദേശില്‍ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന റാലി മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം തടസപ്പെടുത്തി. ദേശീയ നേതൃത്വത്തിലെ പ്രമുഖനായ കമല്‍നാഥ് ആണ് അതിന് നേതൃത്വം നല്‍കിയത്.
കോണ്‍ഗ്രസ് ഒറ്റയ്ക്കുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ വിജയിച്ചു കയറാം എന്ന അഹന്തയായിരുന്നു കമല്‍നാഥിന്. രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടും മറിച്ചായിരുന്നില്ല. തെലങ്കാനയില്‍ ജയിച്ചുവെങ്കിലും യാഥാര്‍ത്ഥ്യം മനസിലാക്കിയുള്ള സീറ്റ് വിഭജനത്തിന് കോണ്‍ഗ്രസ് തയ്യാറായതുമില്ല. എല്ലാ സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്ന നിലപാടാണ് തെരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ദേശീയ ശക്തികളുമായി ചേര്‍ന്ന് ഇന്ത്യാ മുന്നണിയായി മത്സരിക്കണമെന്ന തെരഞ്ഞെടുപ്പ് നയം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. സംസ്ഥാനങ്ങളിലെ സ്ഥാന മോഹികളായ നേതാക്കളുടെ പിറകെ പോകുന്ന സമീപനമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചത്. അതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ഉണ്ടായത്. ഇന്ത്യാ മുന്നണിയായി മത്സരിച്ചിരുന്നെങ്കില്‍ മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുവാന്‍ കഴിയുമായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ ഒന്ന് വോട്ട് ലഭിച്ച ബിജെപിയാണ് അധികാരത്തില്‍ വന്നത്. മറ്റ് ജനവിഭാഗങ്ങളെ യോജിപ്പിക്കുന്ന ദൗത്യമാണ് ഇന്ത്യാ മുന്നണിയുടേത്. അതിനെ തടസപ്പെടുത്തുന്ന സമീപനമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. നാലു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്ത വോട്ട് 12.29 കോടിയാണ്. ബിജെപിക്ക് ലഭിച്ചതാകട്ടെ 4.82 കോടി മാത്രമാണ്. ഏഴു കോടിയില്‍ അധികം വോട്ടര്‍മാര്‍ ബിജെപിക്കെതിരാണ് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ബിജെപി ഇതര വോട്ടര്‍മാരെ ഒന്നിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് അതില്‍നിന്നും പിറകോട്ടുപോയി. അവരുടെ അധികാരമോഹം ബിജെപിയെ മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തില്‍ കൊണ്ടുവരുന്നതിന് സഹായകമായി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന രാഷ്ട്രീയത്തില്‍ വിജയം കൈവരിക്കാന്‍ കഴിയും. നാലു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് നില അതാണ് വ്യക്തമാക്കുന്നത്. ഇന്ത്യാ മുന്നണി ശക്തമാക്കുക, മുന്നണിയിലെ വലുതും ചെറുതുമായ പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവരുടെ പങ്കുവഹിക്കാന്‍ കഴിയും. അതുകൊണ്ട് അവരെയെല്ലാം യോജിപ്പിക്കുക എന്നതാകണം നിലപാട്. ആ നിലപാട് കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദി കോണ്‍ഗ്രസാണ്. സ്വയം പരിശോധന നടത്തി അവരുടെ തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്ക് വിജയിക്കാന്‍ കഴിയും എന്നുതന്നെയാണ് നാലു സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില വ്യക്തമാക്കുന്നത്. അവരെ ആകെ കൂട്ടിയോജിപ്പിക്കുവാന്‍ കഴിയണം. അതിലൂടെ ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുവാന്‍ കഴിയും. കോണ്‍ഗ്രസ് അവരുടെ അധികാര മോഹം കൈവിടണം. ഇന്ത്യയിലെ യാഥാര്‍ത്ഥ്യം മനസിലാക്കണം. അല്ലെങ്കില്‍ 2024ലും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് മനസിലാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.