21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

പരാജയത്തിന്റെ പാഠങ്ങള്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണം; ഇല്ലെങ്കില്‍ ചരിത്രത്തിന്റെ ശേഷിപ്പായി അവശേഷിക്കും

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
December 3, 2024 4:50 pm

രാജ്യത്ത് ബിജെപി വീണ്ടുംഅധികാരത്തില്‍ എത്തരുതെന്ന ശക്തമായ നിലാപാടുമായി രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ചും സിപിഐ, സിപിഐ(എം) സിപിഐ(എംഎല്‍ ) ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളും മറ്റ് മതേതര പ്രസ്ഥാനങ്ങളും എടുത്ത രാഷട്രീയ തീരുമാനം ശരിയായ ദിശയിലേക്കുള്ള സൂചനയായി മാറി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ശരിക്കും വിറപ്പിക്കാന്‍ കഴിഞ്ഞു.

അവര്‍ക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ കക്ഷികളുടെ ഇച്ഛാശക്തിയുടെ ഭാഗമായി രൂപം കൊണ്ട രാഷട്രീയ കൂട്ടായ്മയാണ് ” ഇന്ത്യാ സഖ്യം.” എന്നാല്‍ വീണ്ടും ബിജെപിക്ക് അധികാരത്തിന് വഴിതുറന്നു കൊടുത്തതിന്റെ പ്രധാന ഉത്തരവാദിത്വം മറ്റാര്‍ക്കുമല്ല , പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനാണ്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയ ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. അവര്‍ ഇപ്പൊഴും കുടുംബാധിപത്യത്തില്‍ അഭിരമിക്കുന്ന കാഴ്ചയാണ്. വെറും ആള്‍കൂട്ടമായി ആ പാര്‍ട്ടി മാറിയിരിക്കുകയാണ്.

പ്രത്യയ ശാസ്തമോ,സംഘടനാ സംവിധാനങ്ങളോ ഇല്ലാതെ രാജ്യത്തെ ഒരോ ദിവസവും കഴിയുന്തോറും ദുര്‍ബലമായികൊണ്ടിരിക്കുകയാണ്. “ഇന്ത്യാ ” മുന്നണിയിലെ മറ്റ് ചെറിയ കക്ഷികളെ വിശ്വാസത്തിലെടുത്ത് ആ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ തെര‍ഞ്ഞെടുപ്പ് രാഷട്രീയത്തില്‍ പങ്കാളികളാക്കുന്നതിനു പകരം കോണ്‍ഗ്രസ് ഒറ്റക്ക് മതസരിക്കുയാണ് ഉണ്ടായത്. അവിടെല്ലാം കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുന്ന കാഴ്ച രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. 

ഡിഎംകെയും, ആര്‍ജെഡിയും, എന്‍സിപിയും കലവറയില്ലാത്ത പിന്തുണ നല്‍കിയതിനാലും ഇടതുപാര്‍ട്ടികള്‍ക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ മതേതതരവോട്ടുകള്‍ ഭിന്നിക്കരുതെന്ന വിശ്വാസത്തില്‍ നല്‍കിയ പിന്തുണയുടെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കുറേ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. അതു വഴി പ്രതിപക്ഷ നേതൃസ്ഥാനവും ലഭിച്ചു. എന്നാല്‍ അവരുടെ താന്‍ പ്രമാണിത്തം. എന്നാല്‍ പിന്നീട് കാണാന്‍ കഴിഞത് ആ പാര്‍ട്ടി താഴേക്ക്, താഴേക്കാണ്. മൂന്ന് സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്നടിഞ്ഞിരിക്കുന്നത്. ആദ്യം ഹരിയാനയും ജമ്മു കശ്മീരും, പിന്നീട് മഹാരാഷ്ട്രയും. ഏറെ സുപ്രധാനമായിരുന്ന ഈ ജനവിധികളില്‍ കോണ്‍ഗ്രസ് ഇത്രയ്ക്ക് നിലംപരിശായത് എങ്ങനെയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പോടെ അല്പം നില മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ് അതേ ജനങ്ങളാല്‍ തന്നെ തഴയപ്പെടുകയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അടിത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ഭരണവിരുദ്ധവികാരം ഉണ്ടായിട്ടും എന്തുകൊണ്ടാണ് അതു മുതലാക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോകുന്നത്.ഹരിയാനയിലും മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് ഏറെക്കുറെ സമാനമായ കാരണങ്ങളാണ്. അമിത ആത്മവിശ്വാസം, ഉള്‍പാര്‍ട്ടി തര്‍ക്കം, ഗ്രൂപ്പ് പോര് , നേതാക്കളുടെ അഹന്ത സീറ്റ് വിഭജന തര്‍ക്കം, എന്നിങ്ങനെ പോകുന്നു.ഈ മൂന്ന് സംസ്ഥാനങ്ങളിലും സഖ്യങ്ങള്‍ നേരിട്ട പ്രതിസന്ധി പ്രധാനകാരണമാണ്,

ദേശീയതലത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ പ്രധാനി കോണ്‍ഗ്രസ് ആണെങ്കിലും പല സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ അങ്ങനെയല്ല. എന്നിട്ടും, സഖ്യ സാധ്യതകള്‍ ആരായുമ്പോള്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മേല്‍ക്കോയ്മാ സമീപനം മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ത്തു. എന്നാല്‍ ലോക്‌സഭയല്ല നിയമസഭ എന്ന് കോണ്‍ഗ്രസ് തിരിച്ചറിയുമ്പോഴേക്കും അതിന് വലിയ വില കൊടുക്കേണ്ടി വന്നിരുന്നു.പൂര്‍വ്വകാല തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മോശം പ്രകടനങ്ങള്‍ നടത്തിയ, എന്നാല്‍ പ്രാദേശിക കക്ഷികള്‍ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നു എന്നതായിരുന്നു ഒരു പ്രശ്‌നം.

കശ്മീരിലും മഹാരാഷ്ട്രയിലുമായിരുന്നു ഈ പ്രശ്‌നം രൂക്ഷമായത്. 2000ത്തിന് ശേഷം കശ്മീരില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിലും, സീറ്റുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവരികയാണ് ഉണ്ടായത്. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസത്തിന്റെ പുറത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ശക്തി കേന്ദ്രങ്ങളിലെ സീറ്റുകളായിരുന്നു. ഇത് സഖ്യത്തിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിരുന്നു. ഫലം വന്നപ്പോള്‍ 32ല്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്ഹരിയാനയിലും കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് നേരിട്ടത്. അമിത ആത്മവിശ്വാസത്തില്‍ പ്രാദേശിക കക്ഷികളുടെ പോലും സഖ്യം വേണ്ട എന്ന് തീരുമാനിച്ച് മത്സരിച്ച കോണ്‍ഗ്രസിനെ ചരിത്രപരമായ ഒരു അട്ടിമറിയായിരുന്നു ഹരിയാനയില്‍ കാത്തിരുന്നത്.

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് ആയിരുന്നു കോണ്‍ഗ്രസിനെ ഹരിയാനയില്‍ തോല്‍പ്പിച്ചത്. രണ്‍ദീപ് സിംഗ് ഹൂഡയും കുമാരി സെല്‍ജയും സുര്‍ജെവാലയും അടക്കമുള്ള നേതാക്കളുടെ തര്‍ക്കങ്ങള്‍ ലക്ഷ്യമില്ലാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റിയിരുന്നു. അനുകൂല സാഹചര്യങ്ങളെ കളഞ്ഞുകുളിച്ച് ഹരിയാനയില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സീറ്റ് വിഭജനത്തിന് മുന്നേ തന്നെ ആര് മുഖ്യമന്ത്രിയാകും എന്നതിനെ ചൊല്ലിയായിരുന്നു മഹാ വികാസ് അഘാഡിയിലെ തര്‍ക്കം. ശരദ് പവാറിനെപ്പോലെയോ ഉദ്ധവ് താക്കറെയെ പോലെയോ ഒരു ജനകീയ നേതാവില്ലാത്ത, 2014ലെ തെരഞ്ഞെടുപ്പിനുശേഷം ഒരു തരത്തിലും മെച്ചമുണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസും അവകാശ വാദം ഉന്നയിച്ചതോടെ ആകെ പ്രതിസന്ധിയായി. സീറ്റ് വിഭജനം പോലും തിരഞ്ഞെടുപ്പിന്റെ ഏറ്റവും അവസാന മണിക്കൂറുകളിലേക്ക് നീണ്ടു. വിമതരുടെ ശല്യം വേറെ.

സഖ്യത്തിലും അതിന് പുറത്തും പ്ലാന്‍ ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ മഹാരാഷ്ട്രയില്‍ തകര്‍ന്നു തരിപ്പണമായി നെഹ്റു- ഇന്ദിര കാലത്തെ കോണ്‍ഗ്രസല്ല ഇന്ന് എന്ന് നേതാക്കള്‍ ഉള്‍ക്കൊണ്ടാല്‍ നല്ലത് ഇനി വരാന്‍ പോകുന്നത് ഡല്‍ഹി.യും ബിഹാറുമാണ്. കോണ്‍ഗ്രസിനെയും ഇന്‍ഡ്യ സഖ്യത്തെയും സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള രണ്ട് സംസ്ഥാനങ്ങള്‍. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ സഖ്യം ഉണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അവിടെ കോണ്‍ഗ്രസിനെ വേണ്ടേ, വേണ്ട എന്നാണ് ആപ്പ് പറയുന്നത്.

ബിഹാറിലും വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകേണ്ടി വരും. അവിടെ ആര്‍ജെഡി നിര്‍ണായക ശക്തിയാണ്, സിപിഐ ‚സിപിഐ(എം), സിപിഐ(എംഎല്‍ ) അടക്കമുള്ള പാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസം ഇല്ലാഞ്ഞതിനാല്‍ അവരുടെ സീറ്റുകളില്‍ പരാജയപ്പെട്ടു. ഹരിയാന, കശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കൃത്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ ഡില്‍ഹിയിലും ബിഹാറിലും കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരും .രാജ്യത്ത് തകര്‍ന്നടിഞ്ഞ് തരിപ്പണമാകും

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.