
പുല്‍പ്പള്ളി പഞ്ചായത്തില്‍ ബിജെപി പിന്തുണയിൽ കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങൾക്ക് വിജയം. ആരോഗ്യ‑വിദ്യാഭ്യാസകാര്യ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലെ വനിതാ സംവരണ സീറ്റുകളില്‍ കോണ്‍ഗ്രസ് അംഗങ്ങളായ സെലിൻ മാനുവൽ, ഗീത കുഞ്ഞികൃഷ്ണൻ എന്നിവരാണ് ബിജെപി പിന്തുണയോടെ ജയിച്ചത്. ഇത് ഏറെ രാഷ്ട്രീയ ചർച്ചയാവുകയും ചെയ്തു.
നേതൃത്വത്തിന്റെ അറിവോടെയാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്ന് ജയിച്ച അംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഇവര്‍ പിന്നീട് രാജിവച്ചു. ഈ ഒഴിവുകളില്‍ അടുത്ത ദിവസം തെരഞ്ഞെടുപ്പ് നടക്കും. ഇരുവരും ബിജെപി പിന്തുണയോടെയാണ് ഇന്നലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ്-ബിജെപി ബന്ധം ആരോപിച്ച് എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു. വികസനകാര്യ, ആരോഗ്യ‑വിദ്യാഭ്യാസകാര്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലെ മറ്റു അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബിജെപിയും സിപിഐ(എം)ഉം രണ്ടുവീതം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. ഈ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിലേക്ക് ബിജെപി അംഗം കഴിഞ്ഞ ദിവസം വിജയിച്ചിരുന്നു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ(എം) രണ്ട്, കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഒന്നുവീതം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ആരോഗ്യ‑വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് കോണ്‍ഗ്രസിലെയും സിപിഐ(എം)ലെയും രണ്ടുവീതം അംഗങ്ങള്‍ വിജയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആര്‍ക്ക് എന്നതില്‍ കോണ്‍ഗ്രസ് വനിതാ അംഗം രാജിവച്ച ഒഴിവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതോടെ വ്യക്തമാകും. പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും ബിജെപിക്ക് നാലും അംഗങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.