7 January 2025, Tuesday
KSFE Galaxy Chits Banner 2

ഊർജ സംരക്ഷണം ; ഇന്നിന്റെ ആവശ്യകത,നാളെയുടെയും

അഞ്ജലി തോമസ്
December 17, 2023 4:45 am

മനുഷ്യസംസ്കാരത്തിന്റെ തുടിപ്പും, നാഗരികതയുടെ നട്ടെല്ലും ഊർജമാണ്. വെളിച്ചത്തിന്റെ കിരണങ്ങളിലും, ഗതാഗതത്തിന്റെ ഗതിയിലും, വ്യവസായത്തിന്റെ ചൂടിലും ഊർജത്തിന്റെ നിഗൂഢനൃത്തം ദർശിക്കാൻ കഴിയും. എന്നാൽ, ഈ അനുപമ ഊർജസ്രോതസിന്റെ ലഭ്യത പരിമിതമാണെന്ന സത്യം തിരിച്ചറിയാതെ പോകരുത്. അമിതമായ ഉപഭോഗത്തിന്റെ ആർത്തിയിൽ ഊർജ കലവറകൾ ക്രമേണ ശൂന്യമാകുന്ന കാഴ്ച ഭാവിക്ക് അപകടകരമായ ചിത്രമാണ് നല്‍കുന്നത്. ഭാവി തലമുറകൾക്ക് പരിഷ്കൃതമായ ജീവിതം കൈമാറാനും, ഭൂമിയുടെ ആരോഗ്യം സംരക്ഷിക്കാനും ഇന്ന് സ്വീകരിക്കേണ്ട ഏറ്റവും നിർണായകമായ തീരുമാനം ഊർജ സംരക്ഷണമാണ്. ഓരോ വർഷവും നാം ഊർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും, അതിന്റെ സംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധരാകുകയും ചെയ്യുന്നതിന് ഒരുദിവസം മാറ്റിവച്ചിരിക്കുന്നു. ഡിസംബർ 14 ഇത്തവണയും കടന്നുപോയി. ഊർജത്തിന്റെ പരിമിതാവസ്ഥയും അതിന്റെ സുസ്ഥിര ഉപയോഗവും ഊട്ടിയുറപ്പിക്കുന്ന ദീർഘദർശനമാണ് ഇതിനുപിന്നില്‍. 1974ലാണ് ഇന്ത്യയിൽ ആദ്യമായി ഊർജസംരക്ഷണത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ ആരംഭിക്കുന്നത്.

1982ൽ ഊർജ വകുപ്പിന്റെ കീഴിൽ ‘ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി’ (ബിഇഇ) സ്ഥാപിച്ചതോടെയാണ് ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കരുത്തും ലഭിച്ചത്. ബിഇഇ നടപ്പാക്കിയ വിവിധ പദ്ധതികളും നയങ്ങളും രാജ്യത്തെ ഊർജ സംരക്ഷണത്തിന്റെ പാതയിലേക്ക് നയിച്ചു. ദേശീയ ഊര്‍ജ സംരക്ഷണ അവാർഡുകൾ നൽകാനുള്ള 1989ലെ തീരുമാനം ഉത്തേജനമായി. 1991ലാണ് ഡിസംബർ 14 ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ഊർജ സംരക്ഷണം കേവലം ഒരു സാങ്കേതിക പദമല്ല, മറിച്ച്, നമ്മുടെ ജീവിതശൈലിയിൽ നാമോരോരുത്തരും വരുത്തേണ്ട ചെറിയ മാറ്റങ്ങളിലൂടെ സാധ്യമാക്കാവുന്ന ഒരു വലിയ ദൗത്യമാണ്. ഉപയോഗിക്കുന്ന ഊർജത്തിന്റെ അളവ് കുറയ്ക്കുക, അനാവശ്യ ഉപയോഗം ഒഴിവാക്കുക, ഭാവി തലമുറകൾക്കായി ഊർജസ്രോതസുകൾ സംരക്ഷിക്കുക എന്നിങ്ങനെ ഊർജ സംരക്ഷണത്തെ സംഗ്രഹിക്കാം. ഇന്ന് ചെയ്യുന്ന ഓരോ ചെറിയ സംരക്ഷണ നടപടിയും നാളെയുടെ പ്രകാശത്തിനും ഭൂമിയുടെ ആരോഗ്യത്തിനും വലിയ സംഭാവനയാണ് നൽകുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണമാണ്.


ഇതുകൂടി വായിക്കൂ:പോരാടണം വായുവിനും പരിസ്ഥിതിക്കും വേണ്ടി


ഹിമാനികളുടെ നഷ്ടം, കടൽക്ഷോഭം, അതിതീവ്രമായ കാലാവസ്ഥാമാറ്റങ്ങൾ ഇതെല്ലാം ഊർജ ദുർവിനിയോഗത്തിന്റെ ഭീകര ഫലങ്ങളാണ്. ഊർജ സംരക്ഷണത്തിലൂടെ ഈ ദുരന്തങ്ങളെ ചെറുക്കാനും നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനും ശ്രമിക്കണം. ഫോസിൽ ഇന്ധനങ്ങൾ പരിമിത സ്രോതസുകളാണ്. അവയെ അമിതമായി ഉപയോഗിക്കുമ്പോൾ, ഭാവിതലമുറകൾക്ക് ലഭ്യത കുറയുകയും വികസനത്തിന് തടസം നേരിടുകയും ചെയ്യും. ഇവയെ കരുതലോടെ സംരക്ഷിക്കുകയും, സൂര്യപ്രകാശം, കാറ്റ്, ജലം എന്നിവ പോലുള്ള പുനരുല്പാദിപ്പിക്കാവുന്ന ഊർജസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഊർജ ചെലവ് കുറയ്ക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. ഊർജ കാര്യക്ഷമമായ ഉപകരണങ്ങൾ ഉപയോഗിക്കുക, വെളിച്ചം ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക, വാഹനങ്ങൾ കൃത്യമായി പരിപാലിക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങളിലൂടെ ഊർജ ബില്ലുകൾ കുറയ്ക്കാനും സാമ്പത്തികമായി മുന്നേറാനും കഴിയും. 140 കോടി ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തിന്റെ ഊർജ ആവശ്യകത അനുദിനം കുതിച്ചുയരുന്നതാണ്. സ്വാതന്ത്യ്രാനന്തര കാലത്ത് വൈദ്യുതി ക്ഷാമം നേരിട്ടിരുന്ന നാട്, ഇന്ന് വൈദ്യുതി മിച്ച രാജ്യമായി മാറിയിരിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടുകൊണ്ട്, പുനരുല്പാദിപ്പിക്കാവുന്ന ഊർജസ്രോതസുകളിലേക്കും ഊർജകാര്യക്ഷമത വർധിപ്പിക്കുന്നതിലേക്കും ഇന്ത്യ വേഗത്തിൽ നീങ്ങുന്നു. പുനരുല്പാദിപ്പിക്കാവുന്ന ഊർജത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഉല്പാദകനാണ് ഇന്ത്യ. ഇന്ന്, രാജ്യത്തിന്റെ വൈദ്യുതി ശേഷിയുടെ 40 ശതമാനത്തിലധികവും പുനരുല്പാദിപ്പിക്കാത്ത ഊർജസ്രോതസുകളിൽ നിന്നാണ് വരുന്നത്. ഇതുവരെ കെെവരിച്ച നേട്ടങ്ങൾ വിലപ്പെട്ടവയാണെങ്കിലും, ഊർജ സംരക്ഷണത്തിലും കാര്യക്ഷമതയിലും ഇനിയും വളരേ ചെയ്യാനുണ്ട്. ഓരോ വ്യക്തിയും സമൂഹവും ചേർന്നു പ്രവർത്തിച്ചാൽ മാത്രമേ ഊർജ സ്വയംപര്യാപ്തതയിലേക്കും സുസ്ഥിര വികസനത്തിലേക്കും എത്തുകയുള്ളു.

പരമ്പരാഗത ബാങ്കുകളെപ്പോലെ, ഊർജം സംരക്ഷിച്ചുണ്ടാക്കുന്ന ‘ഊർജ യൂണിറ്റുകൾ’ നിക്ഷേപിക്കാനും വിൽക്കാനും കഴിയുന്ന പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കണം. വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചോ, അല്ലെങ്കിൽ ഊർജ കാര്യക്ഷമത വർധിപ്പിച്ചോ ഉണ്ടാക്കുന്ന യൂണിറ്റുകൾ വിൽക്കാനും വാങ്ങാനും കഴിയുന്ന സംവിധാനവുമായിരിക്കണം. ഊർജ സംരക്ഷണത്തിന്റെ ഗുണങ്ങൾ വിവരിക്കുന്നതിനു പകരം, ഓഗ്‌മെന്റഡ് റിയാലിറ്റി പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അനുഭവം നൽകുക. ഊർജകാര്യക്ഷമതയുള്ള വീട്ടിൽ താമസിക്കുന്നതും ഊർജം പാഴാക്കാതെ ഉപയോഗിക്കുന്നതും എങ്ങനെ അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് നേരിട്ട് കാണിക്കുക. ബുദ്ധിപൂർവകമായ ഉപകരണങ്ങളും എഐ അധിഷ്ഠിത സിസ്റ്റങ്ങളും ഉപയോഗിച്ച് വീടുകളെ ഊർജ സൗഹൃദമാക്കി മാറ്റുക. വെളിച്ചം, താപം, വെള്ളം എന്നിവയുടെ ഉപയോഗം യാന്ത്രികമായി നിയന്ത്രിച്ച് ദുർവിനിയോഗം കുറയ്ക്കാം. ഉത്സവങ്ങൾ, കായിക മത്സരങ്ങൾ, പരിസ്ഥിതി ദിനങ്ങൾ തുടങ്ങിയ അവസരങ്ങളിൽ ഊർജസംരക്ഷണത്തിനു വേണ്ടി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കണം. ഊർജ സംരക്ഷണത്തിനുള്ള പ്രതിജ്ഞാബദ്ധതയും നേട്ടങ്ങളും രേഖപ്പെടുത്താനും അംഗീകരിക്കാനുമുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതും ഗുണം ചെയ്യും.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.