മണ്ഡലപുനര്‍ നിര്‍ണയനത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും, ജനാധിപത്യത്തെയും അസ്ഥിരപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രനീക്കം അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ ജനാധിപത്യം ഇല്ലാതാക്കുന്ന രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം ഇല്ലാതാക്കുകയാണ് കേന്ദ്രം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര ശ്രമത്തിനെതിരെ തമിഴ്‌നാട് നടത്തുന്ന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ പാർലമെന്ററി പ്രാതിനിധ്യവും രാജ്യത്തിന്റെ സമ്പത്തിലെ വിഹിതവും കുറഞ്ഞാൽ ലഭിക്കേണ്ട ന്യായമായ ഫണ്ടിന്റെ വിഹിതവും അത് ആവശ്യപ്പെടാനുള്ള അവകാശവും ഒരേസമയം നഷ്ടപ്പെടുന്ന സാഹചര്യമാണ് കേന്ദ്രം ഒരുക്കുന്നത്. ഈ പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഇപ്പോൾ പ്രതിഷേധത്തിൽ ഒന്നിക്കുന്നത്. സംയുക്ത പ്രവർത്തന സമിതി രൂപീകരിച്ച് ഏകോപിത ചെറുത്തുനിൽപ്പിന് തുടക്കം കുറിക്കാനാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.
ധനനയങ്ങൾ മുതൽ ഭാഷാനയങ്ങൾ, സാംസ്കാരിക നയങ്ങൾ, പ്രാതിനിധ്യ നിർണ്ണയം വരെയുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ ചട്ടക്കൂടിനെയും അസ്ഥിരപ്പെടുത്തുന്നതാണ്. ഇത് പാസാക്കാൻ അനുവദിക്കില്ല.നികുതിയിലടക്കം കേന്ദ്രവിഹിതം കുറയാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറിച്ചിട്ടുണ്ട്. കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. ഫെഡറിലസം രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ് മുഖ്യമന്ത്രി പിണറായി പറഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.