20 January 2026, Tuesday

Related news

January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026

അറസ്റ്റിന് മുമ്പ് കാരണം അറിയിക്കേണ്ടത് ഭരണാഘടനാ ബാധ്യത: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2025 10:05 pm

ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അതിനുള്ള കാരണം അറിയിക്കേണ്ടത് ഔപചാരികത മാത്രമല്ലെന്നും ഭരണഘടനാ ബാധ്യതയാണെന്നും സുപ്രീം കോടതി. അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കണമെന്ന ഭരണഘടനയിലെ അനുഛേദം 22(1) ഉയർത്തിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഈ നിബന്ധന പാലിക്കാത്തപക്ഷം അറസ്റ്റ് നിയമവിരുദ്ധമായി മാറുമെന്നും കോടതി അറിയിച്ചു. കാരണം വ്യക്തമാക്കാതെ ഹരിയാന പൊലീസ് ഒരാളെ അറസ്റ്റ് ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ നിയമം പാലിച്ചിട്ടില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും വിധിച്ച കോടതി, അറസ്റ്റിലായ വ്യക്തിയെ ഉടൻ വിട്ടയയ്ക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് എ എസ് ഓക, ജസ്റ്റിസ് എൻ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.

മൗലികാവകാശങ്ങളില്‍ ഉൾപ്പെടുത്തിയിരിക്കുന്ന അനുഛേദം 22(1) പ്രകാരം, അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ അതിന്റെ കാരണങ്ങൾ അറിയേണ്ടത് അടിസ്ഥാന അവകാശമാണ്. കാരണങ്ങൾ അറിയിക്കാതിരുന്നാൽ, അത് അനുഛേദം 21 (ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം), അനുഛേദം 22 (കാരണം വ്യക്തമാക്കാതെയുള്ള അറസ്റ്റില്‍ നിന്നും തടങ്കലില്‍ വയ്ക്കുന്നതിനുമെതിരായ അവകാശം), സിആര്‍പിസി 50ന്റെ നിലവിലെ പതിപ്പായ ബിഎന്‍എസ്എസിന്റെ സെഷന്‍ 48ല്‍ പറയുന്ന അറസ്റ്റിന് മുമ്പ് കാരണം വ്യക്തമാക്കണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകും. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സ്വാതന്ത്ര്യത്തെ ഇത് ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികളും പൊലീസും നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കോടതി ഉത്തരവില്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയൊ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കേണ്ടതും ഭരണഘടനാ ആവശ്യകതയാണെന്ന് ജസ്റ്റിസ് എൻ കെ സിങ് തന്റെ പ്രത്യേക വിധിയിൽ പറഞ്ഞു.

ഡല്‍ഹി ഹൈക്കോടതി

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണങ്ങള്‍ അറസ്റ്റ് മെമ്മോയ്ക്കൊപ്പം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) സെക്ഷന്‍ 50 പ്രകാരമാണ് അറസ്റ്റ് മെമ്മോ നല്‍കുന്നത്. അറസ്റ്റിനുള്ള കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ നിസാരമായി കാണാരുതെന്ന് ജസ്റ്റിസ് അനുപ് ജയറാം വ്യക്തമാക്കി.

സിആര്‍പിസി 50-ാം വകുപ്പില്‍ ‘ഉടന്‍’ എന്ന് പറയുന്നതിനര്‍ത്ഥം അറസ്റ്റ് മെമ്മോയ്ക്കൊപ്പം അതിന്റെ കാരണവും നല്‍കണമെന്നാണെന്നും കോടതി വ്യാഖ്യാനിച്ചു. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസ് ഉദ്യോഗസ്ഥന് ബോധ്യംവന്നാല്‍, അതിനുള്ള കാരണങ്ങള്‍ രേഖാമൂലം തത്സമയം അറിയിക്കണം. അതിന് സാധിച്ചില്ലെന്നു പറയുന്നത് നീതീകരിക്കാവുന്നതല്ലെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിനുള്ള കാരണം കാണിക്കുന്നതിനുള്ള കോളം അറസ്റ്റ് മെമ്മോയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.