9 December 2025, Tuesday

Related news

December 7, 2025
December 6, 2025
December 3, 2025
December 1, 2025
November 25, 2025
November 24, 2025
November 23, 2025
November 22, 2025
November 21, 2025
November 18, 2025

ഭരണഘടനാ സംരക്ഷണം പാർട്ടിയുടെ ഉത്തരവാദിത്തം; കെ പ്രകാശ് ബാബു

Janayugom Webdesk
വയനാട്
July 5, 2025 10:24 pm

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ പ്രകാശ് ബാബു. സിപിഐ വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ചീരാ‍ൽ പ്ലാസ ഓഡിറ്റോറിയത്തിൽ (സ. വിശ്വംഭരൻ നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് പാർട്ടി പ്രവർത്തകരുടെ ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമായി മാറണം. അസഹിഷ്ണുതയുടെ സംഘ്പരിവാർ രാഷ്ട്രീയത്തെ മതനിരപേക്ഷ, ജനാധിപത്യ പാർട്ടികൾ ഒന്നിച്ച് എതിർക്കണം. രാജ്യത്തിന്റെ വിദേശനയത്തിലെ മാറ്റം എല്ലാവരേയും അസ്വസ്ഥരാക്കുന്നുണ്ട്. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രയേൽ അടക്കമുളള രാഷ്ട്രങ്ങളുമായി ഇന്ത്യ ബന്ധം സ്ഥാപിക്കുകയാണ്. പൗരത്വത്തിന് മതം ഘടകമാക്കുന്നു. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷിച്ചിരുന്ന വന്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. രാജ്യത്ത് മണ്ഡല പുനർനിർണയം നടത്തുന്നത് ബിജെപിക്ക് കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കാൻ വേണ്ടിയാണ്. നക്സൽവിമുക്ത രാജ്യം എന്ന മുദ്രാവാക്യമുയര്‍ത്തി മാവോയിസ്റ്റ് വേട്ട നടത്തുന്നത് കമ്മ്യൂണിസ്റ്റ്മുക്ത രാഷ്ട്രമാക്കുന്നതിനുള്ള തുടക്കമാണ്. എല്ലാ ജനാധിപത്യ പാർട്ടികളും ഇത് ചെറുത്തുതോല്പിക്കാൻ മുന്നോട്ടുവരണം. കേരളത്തിന്റെ ബദൽ രാഷ്ട്രീയത്തെ തകർക്കുകയെന്നത് ബിജെപി അജണ്ടയാണ്. ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം എത്തുകയാണെന്നും പ്രകാശ് ബാബു പറഞ്ഞു. 

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ വി ചാമുണ്ണി, എൻ രാജൻ, മന്ത്രി കെ രാജൻ എന്നിവര്‍ അഭിവാദനപ്രസംഗം നടത്തി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇ ജെ ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി ജെ ചാക്കോച്ചൻ, നിഖിൽ പത്മനാഭൻ, എം വിജയലക്ഷ്മി എന്നിവരടങ്ങുന്ന പ്രസീഡിയവും അതുൽ നന്ദൻ, ബിൻസി എബി ചെറിയാൻ, സത്യദാസ് എന്നിവരുള്‍പ്പെട്ട മിനിറ്റ്സ് കമ്മിറ്റിയും കെ എം ബാബു, ഡോ. അമ്പി ചിറയിൽ, ശശി കുളത്താടന്‍ എന്നിവര്‍ അംഗങ്ങളായ പ്രമേയ കമ്മിറ്റിയും ഷിബു പോൾ, സജി കവനാക്കുടി, അസൈനാർ ബത്തേരി എന്നിവര്‍ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രൊഫ. താര ഫിലിപ്പ്, ലതിക ജി നായർ, സുധ സുരേഷ് എന്നിവരുള്‍പ്പെട്ട രജിസ്ട്രേഷൻ കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. പുതിയ ജില്ലാ കൗൺസിലിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.