രണ്ട് ദിവസങ്ങൾക്കുള്ളിൽ മൂന്ന് വിമാനത്താവളങ്ങളുടെ മേൽക്കൂര തകർന്നുവീണ സംഭവങ്ങളുണ്ടായി. രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ജബൽപൂരിലെയും രാജ്കോട്ടിലെയും വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തപ്പോൾ മേൽക്കൂരകൾ നിലംപൊത്തിയത്. ഡൽഹിയിലെ അപകടത്തിൽ ഒരാൾ മരിച്ചു. കുറച്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതുവിലേക്കുള്ള റോഡിൽ ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ജനുവരിയിൽ രാജ്യാന്തര കൊട്ടിഘോഷത്തോടെ ഉദ്ഘാടനം ചെയ്ത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായെന്ന പരാതി പറഞ്ഞത് പുരോഹിതനായിരുന്നു. അതുകഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പണിത 14 കിലോമീറ്റർ റോഡിൽ പലയിടത്തും വിള്ളലകളും അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് വെള്ളക്കെട്ടുമുണ്ടായെന്ന വാർത്തകളും വന്നു. ബിഹാറിൽ 10 ദിവസത്തിനിടെ അഞ്ച് പാലങ്ങളാണ് തകർന്നത്. അതിലൊന്ന് പഴക്കം ചെന്നതായിരുന്നുവെങ്കിലും ബാക്കിയുള്ളവ നിർമ്മാണത്തിലിരിക്കുന്നതോ ഉദ്ഘാടനം നടത്തിയതോ ആയിരുന്നു. മധുബനി ജില്ലയിലെ ജഞ്ജർപൂരിലാണ് നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നത്. മോത്തിഹാരിയിൽ ഘോരസഹൻ ബ്ലോക്കിൽ കോടികൾ മുടക്കി പണിത മറ്റൊരു പാലം, അറാറിയ ജില്ലയിൽ 12 കോടിയോളം രൂപ ചെലവിട്ടു നിർമ്മാണം പൂർത്തീകരിച്ച പാലം എന്നിവ ഉദ്ഘാടനത്തിനു മുമ്പ് തകർന്നുവീണു. ഗന്ധക് എന്ന പേരിലുള്ള കനാലിനു കുറുകെയുള്ള ദരൗണ്ട‑മഹാരാജ്ഗഞ്ച് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ചെറിയ പാലവും തകർന്നിരുന്നു. ഝാർഖണ്ഡിലെ ഗിരിധിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു. റാഞ്ചിയിൽ നിന്ന് 235 കിലോമീറ്റർ അകലെ ഡിയോറി ബ്ലോക്കിൽ അർഗ നദിക്ക് കുറുകെ പണിത പാലമാണ് തകർന്നത്. ഇന്നലെ മണിപ്പൂരിൽ പാലം തകർന്നതിന്റെ വാർത്തയും പുറത്തുവന്നിട്ടുണ്ട്.
ഇത്തരം അപകടങ്ങൾ നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവാരത്തെക്കുറിച്ച് മാത്രമല്ല ചോദ്യങ്ങളുയർത്തുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് കോടിക്കണക്കിന് രൂപ മുടക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും നടന്നുവരികയും ചെയ്യുന്നത്. അവയിൽ പലതും തകർന്ന് വീഴുമ്പോൾ അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള ആക്ഷേപങ്ങളും ഉയരുന്നു. വൻതുക മുടക്കിയുള്ള നിർമ്മാണങ്ങൾക്ക് ഭരണ-ഉദ്യോഗസ്ഥ തലത്തിൽ വീതിക്കപ്പെടേണ്ട കോഴപ്പണം ഒരു വസ്തുതയാണ്. ഇതുകാരണം അനുവദനീയ തുകയുടെ തോതിനനുസരിച്ചുള്ള നിർമ്മാണം നടക്കുന്നില്ലെന്ന് മാത്രമല്ല, വീഴ്ചകൾക്കുനേരെ അധികൃതർക്ക് കണ്ണടയ്ക്കേണ്ടിയും വരുന്നു. ഇതിലൂടെ ഖജനാവിന് നഷ്ടമാകുന്നതാകട്ടെ വൻ തുകയാണ്. ആറ് മാസം പോലും തികയുന്നതിന് മുമ്പാണ് ചില നിർമ്മിതികൾ തകർന്നത് എന്നത് പരിശോധിക്കുമ്പോൾ അധികൃതർ കാട്ടുന്ന ധൃതിയും കാരണമായി കണ്ടെത്താവുന്നതാണ്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ തങ്ങളാണ് അത് പൂർത്തിയാക്കിയത് എന്ന അവകാശവാദം വോട്ടർമാർക്ക് മുന്നിൽ ഉയർത്തുന്നതിന് കാട്ടുന്ന ധൃതി. അങ്ങനെ വരുമ്പോൾ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാതെ സംരംഭം ഉദ്ഘാടനത്തിന് വിട്ടുനൽകേണ്ടിവരുന്ന സ്ഥിതിയുണ്ടാകുന്നു. നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് സ്വീകരിക്കേണ്ട പ്രക്രിയകൾ ഉണ്ടാകുന്നില്ലെന്നതാണ് ഇതിലൂടെ സംഭവിക്കുന്ന വലിയ പോരായ്മ. പ്രത്യേകിച്ച് മേൽക്കൂര, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവ പൂർത്തിയാക്കിയാൽ വിദഗ്ധരെ ഉപയോഗിച്ച് ആവശ്യമായ സുരക്ഷാ പരിശോധനകൾ നടത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ശക്തമായ മഴ പെയ്യുമ്പോൾ അത് താങ്ങുന്നതിനോ പ്രതികൂലകാലാവസ്ഥകളെ നേരിടുന്നതിനോ പര്യാപ്തമാണ് നിർമ്മിതികളെന്ന് വിദഗ്ധരുടെ സാക്ഷ്യപത്രം ഉണ്ടെങ്കിൽ മാത്രമേ ഉദ്ഘാടനം നടത്താവൂ എന്നും വ്യവസ്ഥയുണ്ട്. സിമന്റ്, മണൽ, ടാർ, ജല്ലി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മിതികൾ പൂർത്തിയാക്കി നിശ്ചിത കാലയളവ് കഴിഞ്ഞ് മാത്രമേ ഉപയോഗപ്രദമാകൂ എന്ന സ്ഥിതിയുമുണ്ട്. എന്നാൽ ഉദ്ഘാടനമാമാങ്കം നടത്തുന്നതിനുള്ള ഭരണാധികാരികളുടെ ധൃതി അത്തരം നടപടികൾ പൂർത്തിയാക്കുന്നതിന് വിഘാതമുണ്ടാക്കുന്നു. ഏത് വിധേനയും തനിക്ക് തന്നെ ഉദ്ഘാടനം ചെയ്യണമെന്ന വാശിയാണ് ഇതിന് പ്രധാന തടസമാകുന്നത്.
സാങ്കേതികവും ഘടനാപരവുമായ സംവിധാനങ്ങളുടെ അഭാവവും ഇത്തരം തകർച്ചകൾക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വികസിതവും വികസ്വരവുമായ രാജ്യങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എൻജിനീയർമാർക്കായി എൻജിനീയറിങ് കൗൺസിലുകൾ പോലുള്ള നിയന്ത്രണ സമിതികൾ സ്ഥാപിച്ചിട്ടുണ്ട്. എൻജിനീയർമാർ പരീക്ഷയിൽ വിജയിക്കുകയും ലൈസൻസുകൾ നേടുകയും ചെയ്തശേഷം ലൈസൻസുകൾ നിലനിർത്തുന്നതിന് ആനുകാലിക പരിശീലനത്തിന് വിധേയരാകണമെന്നുമുണ്ട്. ഇത്തരം പരിശീലനം നേടാത്തവർ മേൽനോട്ടം വഹിക്കുന്ന നിർമ്മിതികൾക്ക് അംഗീകാരം നൽകാത്ത സ്ഥിതിയും ചില രാജ്യങ്ങളിലുണ്ട്. അത്തരം കർശനമായ സംവിധാനങ്ങൾ ഒരുക്കിയാൽ ഭരണാധികാരികളുടെ സമ്മർദത്തിന് വഴങ്ങി ഉദ്ഘാടനത്തിന് സജ്ജമാക്കുകയെന്ന പതിവ് രീതി അവസാനിപ്പിക്കുവാൻ സാധിക്കും. ഇപ്പോഴത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അത്തരം നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.