22 January 2026, Thursday

ഉപഭോക്തൃ വിലസൂചിക: കേന്ദ്രത്തിന് ഗൂഢലക്ഷ്യം

എസ് രാമകൃഷ്ണന്‍
October 12, 2025 4:15 am

മ്പദ്ഘടനയുടെ യഥാർത്ഥ സ്ഥിതി ജനങ്ങൾക്കും ഭരണകൂടത്തിനും സാമ്പത്തിക വിദഗ്ധർക്കും മനസിലാക്കാൻ ശരിയായ സ്ഥിതിവിവര കണക്കുകൾ വളരെ പ്രധാനമാണ്. മോഡി സർക്കാരിനുനേരെയുള്ള ഏറ്റവും ഗൗരവമേറിയ ആരോപണം, കൃത്യവും സുതാര്യവുമായ സ്ഥിതിവിവര കണക്കുകൾ ലഭ്യമാക്കുന്നില്ലെന്നതാണ്. ജിഡിപി, ജിഡിപി വളർച്ച, പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിൽ, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം തുടങ്ങി പല കാര്യങ്ങളിലും എന്തിന്, കോവിഡ് മരണം സംബന്ധിച്ച കണക്കുകളിൽപ്പോലും പലതരം പൊരുത്തക്കേടുകളും കൃത്രിമങ്ങളും ആരോപിക്കപ്പെടുന്നു. പല വിവരങ്ങൾക്കും സ്വകാര്യ ഏജൻസികളുടെ സ്ഥിതിവിവര കണക്കുകളെ ആശ്രയിക്കേണ്ടി വരുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ടുകൾ, ഓക്സ്ഫാം റിപ്പോർട്ട് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇത്തരം വിമർശനം നിലനിൽക്കവേയാണ്, കേന്ദ്രസർക്കാരിന്റെ മറ്റൊരു നീക്കം ഇപ്പോൾ പുറത്തുവരുന്നത്. വിലനിലവാരത്തിന്റെയും പണപ്പെരുപ്പത്തിന്റെയും തോത് അളക്കാൻ ആശ്രയിക്കുന്ന ഉപഭോക്തൃ വിലസൂചികയിൽ പൊതുവിതരണ സമ്പ്രദായത്തിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന അവശ്യവസ്തുക്കളുടെ വിലകൂടി ഉൾപ്പെടുത്തി പരിഷ്കരിക്കണം എന്ന നിർദേശത്തോടെ കേന്ദ്ര സ്ഥിതിവിവര — പദ്ധതി നിർവഹണ മന്ത്രാലയം ഒക്ടോബർ നാലിന് ഒരു ചർച്ചാരേഖ പുറത്തിറക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ എട്ട് പേജുള്ള ഈ രേഖ ലഭ്യമാണ്. ഇതിനെ ആസ്പദമാക്കി പൊതുജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഒക്ടോബർ 22 ഓടെ അറിയിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2012 അടിസ്ഥാന വർഷമാക്കിയാണ് നിലവിൽ ഉപഭോക്തൃ വിലസൂചിക പ്രസിദ്ധീകരിച്ചുവരുന്നത്. രാജ്യത്താകെയുള്ള 1,181 ഗ്രാമീണ, 1,114 നഗര വിപണികളിൽ നിന്ന് ശേഖരിക്കുന്ന വിലനിലവാര കണക്കുകളെ ആസ്പദമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിലസൂചികകൾ എല്ലാ മാസവും 12-ാം തീയതിയാണ് പ്രസിദ്ധീകരിച്ചുവരുന്നത്. ഗ്രാമീണ മേഖലയ്ക്കും നഗര മേഖലയ്ക്കും പ്രത്യേകമായും ഇവ രണ്ടും ചേർത്ത് പൊതുവായും ഉള്ള വിവരങ്ങൾ ലഭ്യമാക്കി വരുന്നുണ്ട്. അടിസ്ഥാന വർഷം 2024 ലേക്കു മാറ്റാനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്. ഈ വിലസൂചിക പ്രധാനമായും പ്രയോജനപ്പെടുന്നത് താഴെപ്പറയുന്ന കാര്യങ്ങൾക്കാണ് എന്ന് ചർച്ചാരേഖയിൽ പറയുന്നു. എന്നാൽ സൂക്ഷ്മ നിരീക്ഷണത്തിൽ, വിപണിയിലെ യഥാർത്ഥ പ്രവണത തിരിച്ചറിയുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും ബാക്കിയെല്ലാം അതിന്റെ പ്രയോഗതലത്തിലെ ഉപയോഗങ്ങൾ മാത്രമാണെന്നും കാണാം. ഒന്ന് — വിലസ്ഥിരത ഉറപ്പാക്കാനും പണനയം തീരുമാനിക്കാനും റിസർവ് ബാങ്ക് ആശ്രയിക്കുന്നത് ഈ സൂചികയെയാണ്. രണ്ട് — സാമൂഹ്യക്ഷേമ നടപടികളും നയപരമായ തീരുമാനങ്ങളും എടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾ ഈ സൂചികയെ ആശ്രയിക്കുന്നു. മൂന്ന് — പ്രത്യക്ഷ ദേശീയോല്പാദന (നോമിനൽ ജിഡിപി) തുകയിൽനിന്ന് യഥാർത്ഥ (റിയൽ) ജിഡിപി തുക കണ്ടെത്തുന്നതിന് ഈ സൂചിക പ്രയോജനപ്പെടുത്തുന്നു. നാല് — വേതനം, നികുതി നിരക്കുകൾ, സാമൂഹ്യക്ഷേമ സഹായ തുകകൾ തുടങ്ങിയവ പരിഷ്കരിക്കാനും കരാറുകളിലും മറ്റും വിലവർധനയുടെ നിരക്ക് ഉൾച്ചേർക്കുന്നതിനും ഈ വിലസൂചിക ഉപയോഗിക്കുന്നു.
ഉപഭോക്തൃ വിലസൂചിക എന്നത് പൊതുവിപണിയിലെ വിലകളെയാണ് പ്രതിഫലിപ്പിക്കുന്നതും കണക്കിലെടുക്കേണ്ടതും. ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത് ഈ തത്വത്തെ അട്ടിമറിക്കാനും പൊതുവിതരണ സമ്പ്രദായത്തിലൂടെ വിൽക്കപ്പെടുന്ന അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ അവശ്യവസ്തുക്കളുടെ (ചില സംസ്ഥാനങ്ങളിൽ പയർ, പരിപ്പ് ഇനങ്ങളും വിതരണം ചെയ്യുന്നുണ്ട്.) സൗജന്യമോ സബ്സിഡി നിരക്കിൽ ഉള്ളതോ ആയ വിലകൂടി വിപണി നിലവാരത്തിൽ ഉൾപ്പെടുത്തി വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും തോത് കുറച്ചുകാണിക്കാനാണ്. ഇത് വിവിധ കാരണങ്ങളാൽ അംഗീകരിക്കാനാവാത്തതും ദുരുപദിഷ്ടവും ദുരുദ്ദേശ്യപരവുമാണ്. 

ഒന്നാമതായി, പൊതുവിപണിയിലെ യഥാർത്ഥ വിലനിലവാരത്തെയും വിലക്കയറ്റത്തെയും തദ്വാരാ പണപ്പെരുപ്പത്തെയും നിർദിഷ്ട കണക്കാക്കൽ രീതി അട്ടിമറിക്കുന്നു. അതിനാൽ വിപണിയിലെ യഥാർത്ഥ സാഹചര്യങ്ങളെ ഈ സൂചിക പ്രതിഫലിക്കാതെയാകും. ഇങ്ങനെ യാഥാർത്ഥ്യത്തെ പ്രതിഫലിക്കാത്ത സൂചികയെ അടിസ്ഥാനമാക്കി എത്തിച്ചേരുന്ന നിഗമനങ്ങളും അബദ്ധജടിലമാകും. രണ്ടാമതായി, പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യുന്ന ധാന്യങ്ങളായാലും മറ്റ് അവശ്യവസ്തുക്കളായാലും സർക്കാരോ സർക്കാരിന്റെ കീഴിലുള്ള ഏജൻസികളോ വിലനൽകി (സബ്സിഡി തുക ഉൾപ്പെടെ) വാങ്ങിയവയാണ്. ഇങ്ങനെ വാങ്ങി ജനക്ഷേമത്തിനായി സൗജന്യമായോ കുറഞ്ഞ നിരക്കിലോ വിതരണം ചെയ്യേണ്ടി വരുന്നതുതന്നെ, പൊതുവിപണിയിലെ വില ജനങ്ങളിൽ നല്ലൊരു വിഭാഗത്തിന് താങ്ങാൻ കഴിയില്ല എന്നതിനാലാണ്. അതിനാൽത്തന്നെ ഈ ഇനത്തിൽ സർക്കാർ ചെലവഴിക്കുന്ന തുക ക്ഷേമകാര്യങ്ങൾക്കായി ചെലവഴിക്കുന്നതായി മാത്രമേ കണക്കാക്കാൻ കഴിയൂ. അതാണ് യുക്തിസഹവും ശാസ്ത്രീയവും.
പൊതുവിപണിയെ മാത്രം ആശ്രയിച്ച് ജനങ്ങൾക്കു ജീവിക്കാൻ കഴിയുന്ന സാഹചര്യമെത്തിയാൽ ഈ ക്ഷേമച്ചെലവ് സർക്കാരിന് ലാഭിക്കാം. ക്ഷേമച്ചെലവ് അഥവാ വെൽഫർ എക്സ്പെൻസിന്റെ ഫലമായി വിപണിവിലയിൽ എത്രമാത്രം വ്യതിയാനമുണ്ടായി എന്നത് ഒരു അക്കാദമിക ദൃഷ്ടികോണിൽ നിന്നോ രാഷ്ട്രീയ പ്രചരണത്തിനുവേണ്ടിയോ ആവശ്യമെങ്കിൽ സർക്കാരിന് പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കാം എന്നല്ലാതെ ‘ഉപഭോക്തൃ വിലസൂചിക’ എന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കിൽ ഉൾച്ചേർക്കാൻ ശ്രമിക്കുന്നത് യഥാർത്ഥ നിലയെ മറച്ചുവയ്ക്കുന്നതിന് തുല്യമാണ്. മൂന്നാമതായി പരിഗണിക്കാനുള്ളത് സാമ്പത്തിക ശാസ്ത്രത്തിലെ ഡിമാൻഡ് — സപ്ലൈ തത്വമാണ്. പൊതുവിതരണത്തിലൂടെ സർക്കാർ നടത്തുന്ന ഇടപെടലിന്റെ ഫലമായി ഈ അവശ്യവസ്തുക്കൾക്ക് വിപണിയിലുള്ള ചോദനത്തിലും (ഡിമാൻഡ്) തന്മൂലം അവയുടെ വിലനിലവാരത്തിലും കുറവുവരുന്നു. ശക്തമായ പൊതുവിതരണ സമ്പ്രദായവും വിപണിയിലെ സർക്കാർ ഇടപെടലുംകൊണ്ട് ലക്ഷ്യമാക്കുന്നതും ഇതാണ്. ഇങ്ങനെ വിപണിവിലയിൽ ഉണ്ടാകുന്ന കുറവ് സ്വാഭാവികമായും ഉപഭോക്തൃ വിലസൂചികയിൽ പ്രതിഫലിക്കുമല്ലോ. ഇതോടൊപ്പം സൗജന്യവും സബ്സിഡി അടിസ്ഥാനത്തിലുള്ളതുമായ വിലകൾ കൂടി സൂചികയിൽ ഉൾച്ചേർക്കുന്നത് അറിഞ്ഞുകൊണ്ട് ഇരട്ട ആഘാതം ഏല്പിക്കുന്നതിനു തുല്യമാണ്. ഇത് യാഥാർഥ്യത്തെ വളച്ചൊടിക്കാനാണ് പ്രയോജനപ്പെടുക. 

ഇനി, കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ചുകൂടി ചിലതു സൂചിപ്പിക്കാം. പ്രത്യക്ഷ വിദേശ നിക്ഷേപവും വിദേശ സ്ഥാപന നിക്ഷേപവും വിദേശ മൂലധന നിക്ഷേപവും ആകർഷിക്കുക എന്നത് കേന്ദ്രത്തിന്റെ മുൻഗണനയിലുള്ള കാര്യമാണ്. ഒടുവിൽ പറഞ്ഞ രണ്ടുതരം വിദേശ നിക്ഷേപങ്ങൾ ലഭിക്കാൻ വിലനിലവാരവും പലിശനിരക്കും കുറയ്ക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ‘നിയന്ത്രണാധീനമായ’ ഒരു സമ്പദ്ഘടനയാണ് തങ്ങൾ പുലർത്തിവരുന്നത് എന്നൊരു പ്രതിച്ഛായ സൃഷ്ടിക്കാനാണ് സർക്കാർ ഇതുവഴി ശ്രമിക്കുന്നത്. ഇതിന് ഏറ്റവും വലിയ തടസമായി നിൽക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വിലനിലവാരമാണ് (ഫുഡ് ഇൻഫ്ലേഷൻ).
വിലനിലവാരം ഉയർന്നുനിന്നാൽ പലിശനിരക്ക് കുറയ്ക്കാൻ കഴിയില്ല. പലിശനിരക്ക് കുറയ്ക്കുക എന്നതാകട്ടെ, ഇന്ത്യക്കകത്തെ മൂലധന ശക്തികളുടെ ഒരു പ്രധാന ആവശ്യമാണ്. അപ്പോൾ ഏതെങ്കിലും മാർഗം ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം കുറച്ചു കാണിച്ചാലോ? മൊത്തത്തിലുള്ള പണപ്പെരുപ്പം കുറച്ചുകാണിക്കുകയും ചെയ്യാം; വഴിയേ പലിശനിരക്കും കുറയ്ക്കാം. കഴിഞ്ഞ ഏതാനും വർഷമായി പലിശനിരക്ക് വിഷയത്തിൽ റിസർവ് ബാങ്കും സർക്കാരും തമ്മിൽ നടന്നുവരുന്ന വടംവലികളും തർക്കങ്ങളും നിരീക്ഷിച്ചുവരുന്നവർക്ക് ഇക്കാര്യം മനസിലാക്കാൻ പ്രയാസമില്ല. വിലനിലവാരം കുറഞ്ഞുവെന്ന് വരുത്തിത്തീർക്കുന്നതോടെ തൊഴിലാളികളുടെ ക്ഷാമബത്ത, മിനിമം കൂലി, ശമ്പളം, പെൻഷൻ, സാധാരണക്കാർക്കുള്ള സബ്സിഡികൾ, ക്ഷേമ പെൻഷനുകൾ തുടങ്ങിയവയെല്ലാം വെട്ടിച്ചുരുക്കാനും സർക്കാരിന് എളുപ്പമാവും. ചുരുക്കിപ്പറഞ്ഞാൽ ചർച്ചാരേഖ എന്ന പേരിൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് ശക്തമായ ഒരു പുത്തൻ വെല്ലുവിളിയാണ്. ട്രേഡ് യൂണിയനുകളും ബഹുജനങ്ങളും ഇതിലെ അപകടം മനസിലാക്കി, പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.