പീക്ക് അവറിൽ സംസ്ഥാനത്തെ വൈദ്യുതോപയോഗം സർവകാല റെക്കോഡും ഭേദിച്ചതോടെ കെഎസ്ഇബിക്ക് ആശങ്ക.
പീക്ക് അവറിലെ ഉപയോഗം സർവകാല റെക്കോഡായ 5031 മെഗാവാട്ടിലേക്കെത്തി. കഴിഞ്ഞവർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടിന്റെ ഉപയോഗമാണ് മറികടന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ആകെ വൈദ്യുതോപയോഗം 100.1002 ദശലക്ഷം യൂണിറ്റ് പിന്നിടുകയും ചെയ്തു. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന ഉപയോഗമാണിത്.
കഴിഞ്ഞ വർഷം ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.9985 ദശലക്ഷം യൂണിറ്റിന്റെ ഉപയോഗമാണ് നിലവിലെ റെക്കോഡ്. 78.8242 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറമെ നിന്ന് എത്തിക്കേണ്ടതായി വന്നത്. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോല്പാദനം 21.3359 ദശലക്ഷം യൂണിറ്റായിരുന്നു.
മാർച്ച് പകുതിയോടെ തന്നെ വൈദ്യുതോപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടത് കെഎസ്ഇബിക്കും ഇരുട്ടടിയായിരിക്കുകയാണ്. ഫെബ്രുവരി അവസാന വാരത്തോടെ സംസ്ഥാനത്ത് വൈദ്യുതോപയോഗം 90 ദശലക്ഷത്തിന് മുകളിലേക്ക് ഉയർന്നിരുന്നു. വൈകിട്ട് ആറു മുതൽ രാത്രി 11 വരെയുള്ള പീക്ക് അവറിൽ കൂടുതലും പുറമെ നിന്നുള്ള വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. ഈ സമയങ്ങളിൽ ഉള്ള ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പകൽച്ചൂടും പരീക്ഷയും തെരഞ്ഞെടുപ്പുമെല്ലാം വെല്ലുവിളിയായി.
ഈ മാസം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെങ്കിലും ഉപയോഗം വർധിക്കുന്നത് മൂലം ഏപ്രിൽ മാസം കൂടുതൽ വൈദ്യുതി എത്തിക്കുവാൻ കെഎസ്ഇബി നിർബന്ധിതരാകും. വേനൽ മഴ കൂടി ലഭിക്കാത്തതിനാൽ വൈദ്യുത ഉപയോഗം ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി കിട്ടാത്ത സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി ആശങ്കപ്പെടുന്നുണ്ട്. പരമാവധി സ്റ്റാർ റേറ്റ് കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കണമെന്നും പീക്ക് അവറിൽ എസി, വാഷിങ് മെഷീൻ, തേപ്പ്പെട്ടി, പമ്പുസെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്നും വൈദ്യുതി പാഴാക്കരുതെന്നും കെഎസ്ഇബി അധികൃതർ ആവശ്യപ്പെട്ടു.
English Summary: Consumers without care; Shock to KSEB
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.