സംസ്ഥാനത്ത് 2022 മുതൽ 2027 വരെയുള്ള അഞ്ചുവർഷക്കാലം തുടർച്ചയായി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം വ്യവസായശാലകൾക്ക് തിരിച്ചടിയാകും. ഗാർഹിക, വ്യാപാര, വാണിജ്യ, ഓഫീസ് സ്ഥാപനങ്ങൾക്കും ചെറുകിട വൻകിട വ്യവസായ ശാലകൾക്കും,ലോ-ടെൻഷൻ, ഹൈ- ടെൻഷൻ, എക്സ്ട്രാ ‑ഹൈ ടെൻഷൻ, മറ്റു ലൈസൻസികൾ ഉൾപ്പെടെ ഓരോ കാറ്റഗറിക്കും എനർജി ചാർജ്ജ്, ഡിമാൻഡ് ചാർജ്ജ്, ഫിക്സഡ് ചാർജ്ജ് എന്നിവ വർദ്ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. കെഎസ്ഇബി ക്ക് ഉണ്ടായിട്ടുള്ള ഭീമമായ നഷ്ടം വൻ നിരക്ക് വർദ്ധനവിലൂടെ ഉപഭോക്താവിൽ നിന്നും ഈടാക്കാനാണ് നീക്കം.
വൈദ്യുതി ബോർഡിന്റെ 2022 ലെ മൊത്തം വരവ് 15976.98 കോടിയും ചിലവ് 18829.57 കോടിയുമാണ് പ്രതീക്ഷിക്കുന്നത്.
അതുപോലെ 2027 ആകുമ്പോൾ ആകെ വരവ് 18203.38 കോടിയും ചിലവ് 23382.67 കോടിയും ആകുമെന്നാണ് കെഎസ്ഇബി കണക്കു കൂട്ടുന്നത്. അങ്ങിനെ വരുമ്പോൾ 2023 ൽ 2852.58 കോടിയും, 2024 ൽ 4029.19 കോടിയും 2025 ൽ 4180 കോടിയും,2026 ൽ 4666.64 കോടിയും 2027 ൽ 5179.29 കോടിയും നഷ്ടം വരുമെന്നാണ് കെഎസ്ഇബി അവതരിപ്പിച്ചിട്ടുള്ള ബജറ്റിൽ ചൂണ്ടിക്കാട്ടുന്നത്. ഈ നഷ്ടമാണ് ചാർജ്ജ് വർദ്ധനവിലൂടെ സമാഹരിക്കണമെന്ന് നിർദേശിക്കുന്നത്.
2022–23 ൽ 2250 കോടി രൂപയും 2023–24 ൽ 768 കോടി രൂപയും, 2024–25 ൽ 370 കോടിയും 2025–26 487 കോടിയും, 2026–27 ൽ 252 കോടി രൂപയുടെയും നിരക്ക് വർദ്ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ സംസ്ഥാനത്തെ ചെറുകിട വ്യവസായ ശാലകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതി സംജാതമാകുമെന്ന് സ്റ്റാന്റിംഗ് കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് യോഗം വിലയിരുത്തി.
വൻകിട സ്ഥാപനങ്ങളുടെ ഉല്പാദന ചിലവ് 40 ശതമാനം മുതൽ 68 ശതമാനം വരെ ഉയരുന്ന സ്ഥിതിയുണ്ടാകും, ഇത് വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം താങ്ങാൻ കഴിയില്ല. ഇത് തൊഴിലാളികളുടെ വരുമാനത്തെയും തൊഴിലിനേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഭീമമായ വേരിയബിൾ കോസ്റ്റും ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് കോസ്റ്റും ആണ് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കുന്നത്. വൻകിട വ്യവസായ ശാലകളെ ഓപ്പൺ ആക്സസിലേക്ക് തിരിയാൻ പ്രേരിപ്പിച്ച ഘടകവും പരിശോധിക്കേണ്ടതാണ്. എന്നിട്ടും താരിഫ് ക്രമീകരണത്തിന് ശ്രമിക്കാതെ വീണ്ടും വലിയ തോതിൽ കൂട്ടുന്നതിനാണ് വൈദ്യുതി ബോർഡ് ശ്രമം.
സമീപഭാവിയിൽ 66 കെവി, 110 കെവി, 220 കെവി എന്നിവക്ക് ഒരേ നിരക്ക് ഈടാക്കാനുള്ള നിർദേശവും കേരളത്തിന്റെ വികസന രംഗത്തും വ്യാവസായിക പുരോഗതിക്കും ഭീഷണിയാകും. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയുടെ ഇത്തരം നിരക്ക് വർദ്ധന നിർദേശങ്ങൾ അവഗണിക്കാൻ തയ്യാറായില്ലെങ്കിൽ ഗുരുതരമായ പ്രതിസന്ധി വ്യവസായ മേഖലയിൽ ഉൾപ്പെടെ കേരളത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഇന്‍ഡസ്ട്രീയൽ സ്റ്റാന്റിംഗ് കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് ജനറൽ കൺവീനർ കെ എൻ ഗോപിനാഥ് പറഞ്ഞു.
English Summary:Continuous increase in power tariff; Industrial concern
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.