സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനോട് പരമ്പര കൈവിട്ടതും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നഷ്ടമാക്കിയതിനും ശേഷം ഇന്ത്യന്‍ ടീമിനുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കൊരുങ്ങി ബിസിസിഐ. കുടുംബത്തെ ഒപ്പം താമസിപ്പിക്കുന്നതില്‍ സമയപരിധിയടക്കം നിശ്ചയിച്ചുകൊണ്ടുള്ള പുതിയ മാറ്റങ്ങള്‍ക്കാണ് ബിസിസിഐ തയ്യാറെടുക്കുന്നത്.
45 ദിവസത്തെ പര്യടനമാണെങ്കില്‍ രണ്ട് ആഴ്ച മാത്രമേ കുടുംബം താരങ്ങള്‍ക്കൊപ്പം ചെലവഴിക്കാനാകൂ. താരങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്ന ടീം ബസില്‍ തന്നെ യാത്ര ചെയ്യണം. അധിക ലഗേജിന് താരങ്ങള്‍ പണംനല്‍കേണ്ടി വരും. തുടങ്ങിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശ പര്യടനങ്ങളിൽ കളിക്കാര്‍ കുടുംബത്തോടൊപ്പം ദീര്‍ഘകാലം താമസിക്കുന്നത് അവരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. കുടുംബത്തെ ഒപ്പംതാമസിപ്പിക്കുന്നതില്‍ 2019ന് മുമ്പ് നിലനിന്നിരുന്ന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഇതിന് പുറമേ പ്രകടനത്തിന് അനുസൃതമായ ശമ്പള ഘടനയും അവതരിപ്പിക്കാന്‍ ബിസിസിഐ ആലോചനയിലുണ്ട്. പ്രതീക്ഷയ്ക്കൊത്ത് പ്രകടനം കാഴ്ചവയ്ക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നീക്കത്തിലേക്ക് കടന്നേക്കും. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റ് കൂടുതലായി കളിക്കുന്ന താരങ്ങൾക്ക് ശമ്പളത്തിനൊപ്പം ഇൻസെന്റീവും നൽകാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും രണ്ട് വഴിക്കാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. അത്തരം വാര്‍ത്തകളിലൊന്നും വാസ്തവമില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീം അവസാനം കളിച്ച 10 മത്സരങ്ങളിൽ മൂന്നിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. 12 വർഷത്തിനുശേഷം സ്വന്തം മണ്ണിൽ ഇന്ത്യ ടെസ്റ്റ് പരമ്പര പരാജയപ്പെടുകയും ചെയ്തു. 10 വർഷത്തിനുശേഷം ബോർഡർ-ഗവാസ്കർ ട്രോഫിയിലും ഇന്ത്യ കീഴടങ്ങി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി ഫൈനൽ കാണാതെ ഇന്ത്യൻ ടീം പുറത്തായതും ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളിലെത്തിക്കാന്‍ കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.