മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കെതിരായ വിവാദ പരാമർശങ്ങളിൽ കൊമേഡിയൻ കുനാൽ കമ്രയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം നീട്ടി നൽകി മദ്രാസ് ഹൈക്കോടതി. ഏപ്രിൽ 17 വരെയാണ് നീട്ടിയത്. മാർച്ച് 28ന് കോടതി അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നല്‍കിയത്.
മഹാരാഷ്ട്രയിൽ കമ്രയ്ക്കെതിരെ മൂന്ന് പുതിയ എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. അധികൃതർ ശത്രുതാപരമായി പെരുമാറുന്നുവെന്നും, പ്രായമായ മാതാപിതാക്കളെ ഉള്‍പ്പെടെ ഉപദ്രവിച്ചുവെന്നും കുനാൽ കോടതിയിൽ ആരോപിച്ചു. അതേസമയം മഹാരാഷ്ട്ര പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാൽ കമ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം. ഏപ്രിൽ അഞ്ചിനാണ് കുനാൽ ഹർജി ഫയൽ ചെയ്തത്.
കേസ് 17ന് വീണ്ടും പരിഗണിക്കും. അടുത്തിടെ മുംബൈയിൽ നടന്ന ഷോയ്ക്കിടെ ഏക‌്നാഥ് ഷിന്‍ഡെയെക്കുറിച്ച് കമ്ര നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. ഷിന്‍ഡെയെ വിമര്‍ശിക്കുകയും രാജ്യദ്രോഹിയാണെന്നും കമ്ര പറഞ്ഞു. ഷിന്‍ഡെയോടു മാപ്പു പറയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കുനാല്‍ അത് തള്ളി. താന്‍ ജനക്കൂട്ടത്തെ ഭയക്കുന്നില്ലെന്നും മാപ്പ് പറയില്ലെന്നും എക്സിലൂടെ അദ്ദേഹം പ്രതികരിച്ചിരുന്നു. ശിവസേന എംഎൽഎ മുർജി പട്ടേൽ ആണ് കുനാലിനെതിരെ പരാതി നൽകിയത്. മുംബൈ പൊലീസ് കഴിഞ്ഞ ചൊവ്വാഴ്ച കുനാൽ കമ്രക്ക് മൂന്നാമത്തെ സമൻസ് അയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.