
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെ, മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ് സിങ് ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചു രംഗത്തെത്തിയത് കോൺഗ്രസിൽ പുതിയ രാഷ്ട്രീയ പോരിന് വഴിയൊരുക്കുന്നു. ബിജെപിയുടെ സംഘടനാ കരുത്തിനെ പ്രശംസിച്ച സിങ്ങിന്റെ നടപടി ഹൈക്കമാൻഡിനെ വെട്ടിലാക്കി. 1990-കളിൽ എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ വിവാദ പോസ്റ്റ്. മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ഇരിക്കുന്നതിന് സമീപം തറയിൽ ഇരിക്കുന്ന നരേന്ദ്ര മോഡിയുടെ ചിത്രമാണ് അദ്ദേഹം എക്സിൽ പങ്കുവെച്ചത്. “ഈ ചിത്രം ശ്രദ്ധേയമാണ്. ആർഎസ്എസിലെ സാധാരണ പ്രവർത്തകർ നേതാക്കളുടെ കാൽക്കൽ തറയിൽ ഇരുന്നുകൊണ്ട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും മാറുന്നത് ആ സംഘടനയുടെ കരുത്താണ് കാണിക്കുന്നത്. ജയ് സിയാ റാം,” എന്ന് അദ്ദേഹം കുറിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ പോസ്റ്റ് ഇട്ടത്. ഇത് ഹൈക്കമാൻഡിനുള്ള അദ്ദേഹത്തിന്റെ സന്ദേശമായി വ്യഖ്യാനിക്കപ്പെടുകയും ചെയ്തു. പാർട്ടിയിൽ വികേന്ദ്രീകൃതമായ പ്രവർത്തന ശൈലി ആവശ്യമാണെന്ന് ഒരാഴ്ച മുമ്പ് സിങ് അഭിപ്രായപ്പെട്ടിരുന്നു. സാമൂഹിക‑സാമ്പത്തിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി മികച്ചു നിൽക്കുന്നുണ്ടെങ്കിലും, പാർട്ടിക്കുള്ളിലെ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തെ സമ്മതിപ്പിക്കുക പ്രയാസമാണെന്നും സിങ് തുറന്നടിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെ ആർഎസ്എസിനെ പുകഴ്ത്തിയത് പാർട്ടിയിലെ ഗ്രൂപ്പ് പോര് രൂക്ഷമാക്കിയിട്ടുണ്ട്.
ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവന ആയുധമാക്കി ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തകർന്നുവെന്ന് മുതിർന്ന നേതാക്കൾക്ക് തന്നെ ബോധ്യപ്പെട്ടതായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. കോൺഗ്രസിനുള്ളിലെ ജനാധിപത്യവിരുദ്ധമായ പോക്കിനെക്കുറിച്ചുള്ള ‘സത്യ ബോംബ്’ ആണ് സിങ് പുറത്തുവിട്ടതെന്ന് സി.ആർ. കേശവൻ പറഞ്ഞു. വിവാദം കൊഴുത്തതോടെ താൻ ആർഎസ്എസിന്റെ കടുത്ത എതിരാളിയാണെന്നും മാധ്യമങ്ങൾ പ്രസ്താവനയെ തെറ്റിദ്ധരിച്ചതാണെന്നും സിങ് വിശദീകരിച്ചു. എന്നാൽ, മധ്യപ്രദേശ് കോൺഗ്രസിൽ ജിതു പട്വാരിയുമായും ഉമാങ് സിംഗറുമായുള്ള ഭിന്നതയും, അടുത്ത വർഷം തീരുന്ന രാജ്യസഭാ കാലാവധിയും സിങ്ങിനെ അസ്വസ്ഥനാക്കുന്നുണ്ട്. മൂന്നാം തവണയും അദ്ദേഹത്തിന് സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവാണെന്നിരിക്കെ, പാർട്ടിയിൽ സമ്മർദ്ദമുണ്ടാക്കാനുള്ള തന്ത്രമായാണ് ഈ നീക്കങ്ങളെ ഒരു വിഭാഗം വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.