ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ കേസില്‍ തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കാനും ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ക്കും രൂപം നല്‍കി.
പള്ളി ഭരണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് സാധിക്കുമോയെന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മത വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കത്തില്‍ ഹൈക്കോടതി നല്‍കുന്ന ഇത്തരം നിര്‍ദേശങ്ങള്‍ പൊതുതാല്പര്യത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വീണ്ടും വാദം കേള്‍ക്കുമ്പോള്‍ എല്ലാ വിഷയങ്ങളും പരിഗണിക്കണം. ഉത്തരവ് നടപ്പാക്കാനുള്ള പ്രായോഗിക വഴികള്‍ ഹൈക്കോടതി കണ്ടെത്തണം. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് കേസിലെ ഏതു കക്ഷികളാണ് പാലിച്ചതെന്നും അതിന്റെ യഥാര്‍ത്ഥ ഫലം എന്തെന്നും ഹൈക്കോടതി വിലയിരുത്തണമെന്നും കോടതി നിരീക്ഷിച്ചു. പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറാനുള്ള ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പൊലീസ് മതസ്ഥാപനങ്ങളില്‍ കയറുന്നതിലെ അസംതൃപ്തിയും കോടതി പ്രകടിപ്പിച്ചു.
വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ ഹാജരായി.
അതേസമയം മലങ്കരസഭാക്കേസിൽ കണക്കെടുപ്പിന് പ്രസക്തിയില്ലെന്ന സുപ്രീം കോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. ഇരുവിഭാഗങ്ങളുടെയും അംഗസംഖ്യ എടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ കണക്ക് പൂർണമാകില്ലെന്നും സത്യസന്ധമായി വിവരങ്ങൾ പുറത്തുവരില്ലെന്നുമായിരുന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്. കണക്കുകൾ തിരികെ നൽകിയത് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.