23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കോണ്‍ഗ്രസ് ഭാരവാഹിത്വത്തിലും തര്‍ക്കം; ജംബോ നേതൃത്വം

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
March 1, 2024 10:47 pm

തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയിരിക്കെ, കെപിസിസി സെക്രട്ടറിമാരുടെ ജംബോ പട്ടിക തീരുമാനിച്ചതിലും കോണ്‍ഗ്രസില്‍ തര്‍ക്കം.
ഗ്രൂപ്പ് തർക്കങ്ങളെ തുടർന്ന് കെപിസിസി പുനഃസംഘടന കീറാമുട്ടിയായതോടെ പഴയ 78 സെക്രട്ടറിമാർക്ക് തുടരാൻ അനുമതി നൽകുകയായിരുന്നു. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്ത് നിയമിച്ച ജംബോ കമ്മിറ്റിയിലെ സെക്രട്ടറിമാരെയാണ് തുടരാൻ അനുവദിച്ചിരിക്കുന്നത്. പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. 

ഗ്രൂപ്പ് നേതാക്കൾ ഇടഞ്ഞതോടെ പ്രതിസന്ധിയിലായ കെപിസിസി പുനഃസംഘടന ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടാണ് നേതൃത്വത്തിന്. അതേസമയം പുതിയ അംഗങ്ങളെ ഉൾപ്പെടുത്താത്തതിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്ത എല്‍ഡിഎഫ് ബഹുദൂരം മുന്നിലെത്തി നില്‍ക്കുമ്പോഴും സ്ഥാനാര്‍ത്ഥികളാരെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. ഘടകകക്ഷികള്‍ക്ക് നല്‍കിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായെങ്കിലും സ്വന്തം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ പ്രതിഷേധമുയരാനും കാരണമായി. അതിനിടയില്‍ നിലവിലുള്ള എംപിമാരില്‍ പലരെയും മാറ്റി പരീക്ഷിക്കേണ്ടിവരുമെന്ന നിര്‍ദേശവുമുയര്‍ന്നു. ഇതോടെ സീറ്റ് നഷ്ടപ്പെടുന്നവരും, സീറ്റ് മോഹികളും തമ്മിലുള്ള യുദ്ധവും ആരംഭിക്കുമെന്ന ഭീതിയിലാണ് കെപിസിസി നേതൃത്വം. 

തമ്മിലടി തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രചാരണ വിദഗ്ധന്‍ സുനില്‍ കനുഗോലു മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഐക്യത്തോടെ മുന്നോട്ടു പോയില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി വളരെ മോശമാകുമെന്നാണ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്ത്രം മെനയാനും നിര്‍ദേശം നല്‍കാനും കൊണ്ടുവന്ന വിദഗ്ധന്റെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കെപിസിസി നേതൃത്വം. 

ദേവസ്വം ബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ പിഎസ്‌സി മാതൃകയിലുള്ള സംവരണം നടപ്പാക്കാൻ ഉത്തരവ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. തുടർന്ന് തീരുമാനം അംഗീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. 

തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ, കൂടൽ മാണിക്യം എന്നീ അഞ്ച് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സംവരണ തത്വം നടപ്പാക്കുക. ഈ ഉത്തരവോടെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ആകെ 733 തസ്തികകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്. തിരുവിതാംകൂർ ദേവസ്വം സ്കൂളുകളിൽ 271ഉം കോളജുകളിൽ 184ഉം തസ്തികയുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിൽ സ്കൂളിൽ 17, കോളജിൽ 113 എന്നിങ്ങനെയാണ് തസ്തികകൾ. ഗുരുവായൂർ ദേവസ്വത്തിൽ സ്കൂളുകളിൽ 72, കോളജിൽ 76 തസ്തികകളുമുണ്ട്. കൂടൽമാണിക്യത്തിലും മലബാർ ദേവസ്വത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കി ദേവസ്വം ബോർഡുകൾ നിയമനം നടത്തും. 

Eng­lish Sum­ma­ry: Con­tro­ver­sy over Con­gress lead­er­ship; Jum­bo leadership

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.