പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കുന്നതിനെച്ചൊല്ലി തർക്കം. ബന്ധുക്കൾ ഏറ്റെടുക്കാൻ മടിച്ച മൃതദേഹം ഒടുവിൽ ഏറ്റുവാങ്ങിയത് സുഹൃത്ത്. ഗൾഫിൽ മരിച്ച ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സംസ്ക്കരിക്കാൻ തീരുമാനമായത്. ഗൾഫിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഏറ്റുമാനൂർ മാടപ്പാട് സ്വദേശി ജയകുമാറിന്റെ മൃതദേഹം ഇന്നലെ പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. സുഹൃത്തായ ലക്ഷദ്വീപ് സ്വദേശിനി സഫിയയാണ് മൃതദേഹം ഏറ്റെടുത്ത ശേഷം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അവര്‍ നിലപാടെടുത്തതോടെ ഏറ്റുമാനൂരിലേക്ക് എത്തിച്ചു. ഏറ്റുമാനൂർ പൊലീസ് ജയകുമാറിന്റെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍, മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് പോയതാണ് ജയകുമാർ. തുടർന്നു ലക്ഷദ്വീപ് സ്വദേശിനിയായ സഫിയയുമൊത്ത് എറണാകുളത്ത് താമസിക്കുകയായിരുന്നു. രണ്ടു മാസം മുമ്പാണ് ഇയാൾ ഗൾഫിൽ ജോലിക്ക് പോയത്. അവിടെ വച്ചായിരുന്നു മരണം. സഹപ്രവർത്തകർ സഫിയയെ വിവരമറിയിക്കുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. സംസ്കാരം നടത്താൻ ജയകുമാറിന്റെ ബന്ധുക്കളുടെ അനുമതി ലഭിക്കാതെ വന്നതോടെയാണ് സഫിയ പൊലിസിനെ സമീപിച്ചത്. നാടുവിട്ടു പോയ ജയകുമാറിന് വീടുമായി ബന്ധവുമില്ലന്നും ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. യാതൊരു ബന്ധവും ഇല്ലാത്ത യുവതി എന്തിന് മൃതദേഹം ഏറ്റുവാങ്ങിയെന്നും ബന്ധുക്കൾ ചോദിക്കുന്നു. തുടർന്നാണ് ഇരുവിഭാഗവുമായി സംസാരിച്ച് ഏറ്റുമാനൂർ പൊലീസ് ധാരണയിലായത്. സംസ്കാരം എറണാകുളത്ത് പൊതുശ്മശാനത്തില്‍ നടത്തുമെന്ന് മൃതദേഹം ഏറ്റുവാങ്ങിയ സഫിയ പറഞ്ഞു.
English Summary:Controversy over receiving expatriate’s dead body; The police intervened and handed him over to his friends
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.