
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയില്‍ സീറ്റിൽ ഭക്ഷണം വീഴ്ത്തിയെന്നാരോപിച്ച് ബസിനുള്ളിൽ വെച്ച് പാചകക്കാരനെ തല്ലിക്കൊന്നു. നരേല സ്വദേശിയായ മനോജ് ആണ് മരിച്ചത്. ആർടിവി ബസിന്റെ ഡ്രൈവറും രണ്ട് സഹായികളും അടങ്ങുന്ന മൂന്ന് പേർ ചേർന്നാണ് മനോജിനെ മർദ്ദിച്ചത്. ഇവരിൽ ഒരാൾ ഇയാളുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് വടി കുത്തിയിറക്കി. മനോജ് ബോധരഹിതനായപ്പോൾ, മൂവരും ചേർന്ന് ബവാന ഫ്ലൈഓവറിന് സമീപം ഇയാളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റ് രണ്ട് പേർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
മനോജ് വിവാഹങ്ങളിൽ പാചകക്കാരനായി ജോലി ചെയ്തിരുന്നു. സംഭവദിവസം മനോജ് സഹപ്രവർത്തകനായ ദിനേശിനൊപ്പം സുൽത്താൻപൂർ ദാബാസിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം. “ജോലി അവസാനിപ്പിച്ച ശേഷം, അവർ ബാക്കി വന്ന ഭക്ഷണം പായ്ക്ക് ചെയ്ത് ബസിൽ കയറി. യാത്രയ്ക്കിടെ, കുറച്ച് ഭക്ഷണം അബദ്ധത്തിൽ ഒരു സീറ്റിലേക്ക് തെറിച്ചു, ഡ്രൈവറെയും കൂട്ടാളികളെയും അത് പ്രകോപിപ്പിച്ചു,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബവാന ചൗക്കിൽ ദിനേശിനെ ഇറങ്ങാൻ അനുവദിച്ചപ്പോൾ, മൂവരും മനോജിനെ ബന്ദിയാക്കി ഷർട്ട് ഉപയോഗിച്ച് സീറ്റ് വൃത്തിയാക്കാൻ നിർബന്ധിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.