13 March 2026, Friday

പാചക വാതക പ്രതിസന്ധി: സഭയിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 13, 2026 10:17 pm

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പാചക വാതക പ്രതിസന്ധി ഉയര്‍ത്തി പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ ലോക്‌സഭ സ്തംഭിച്ചു.
രാവിലെ സഭാ സമ്മേളനം ആരംഭിക്കും മുന്നേ എല്‍പിജി പ്രതിസന്ധി ഉയര്‍ത്തി പ്രതിപക്ഷം സഭാ കവാടത്തില്‍ മുദ്രാവാക്യം വിളികളും ഗ്യാസ് സിലിണ്ടറിന്റെ പടമുള്ള പോസ്റ്ററുകളുമായി പ്രതിഷേധം ആരംഭിച്ചു. ലോക്‌സഭ ആരംഭിച്ചതോടെ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടു വച്ചെങ്കിലും അത് അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാകാത്തതോടെ പ്രതിഷേധം കനപ്പിച്ച പ്രതിപക്ഷ നടപടിയെ തുടര്‍ന്ന് ചോദ്യവേളയുടെ ആരംഭത്തില്‍ തന്നെ സഭ 12 വരെ നിര്‍ത്തിവച്ചു.
തുടര്‍ന്ന് സമ്മേളിച്ച സഭയിലും സമാന കാഴ്ചകളാണ് കാണാനായത്. ഇതോടെ രണ്ടുവരെ സഭ പിരിഞ്ഞു. ഉച്ചതിരിഞ്ഞ് അധിക ധനാഭ്യര്‍ത്ഥനാ ചര്‍ച്ചകളില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മറുപടി. അപ്പോഴും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണുണ്ടായത്. സഭയുടെ നടത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിരോധം തീര്‍ത്തതോടെ അധിക ധനാഭ്യര്‍ത്ഥനയ്ക്ക് അംഗീകാരം നല്‍കി സഭ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു.
രാജ്യസഭയില്‍ നടപടികള്‍ സാധാരണ നിലയിലാണ് പുരോഗമിച്ചത്. ശൂന്യവേളയും ചോദ്യവേളയും പിന്നിട്ട് സ്വകാര്യ ബില്ലവതരണത്തിനും ശേഷമാണ് സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞത്. റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് ചോദ്യവേളയില്‍ കേരളവും കേന്ദ്രവും കൊമ്പു കോര്‍ക്കുന്നതിനും ഇന്നലെ രാജ്യസഭ വേദിയായി.
കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ദേശങ്ങളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കെ റെയില്‍. കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വേകളും തുടര്‍ നടപടികള്‍ക്കും പുറമെ ഇ ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി. ഇവ മൂന്നിലും സാങ്കേതിക സാമ്പത്തിക കാര്യങ്ങള്‍ പരിഗണിച്ച ശേഷം കേന്ദ്രം തീരുമാനമെടുക്കുമെന്ന് റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് സഭയില്‍ മറുപടി നല്‍കി.
നിര്‍ദേശം ലഭിച്ചിരിക്കുന്ന പദ്ധതികളില്‍ ഏതിലെങ്കിലും ഒന്ന് കേരളത്തിന് ലഭിക്കുമെന്ന കാര്യം ഉറപ്പാണോ എന്ന് തര്‍ക്കത്തിനിടെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ സി പി രാധാകൃഷ്ണന്‍ മന്ത്രിയോട് ചോദിച്ചെങ്കിലും ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞു മാറി. റെയില്‍വേ വികസനത്തില്‍ കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയുടെ വ്യക്തമാക്കുന്നതായിരുന്നു രാജ്യസഭയിലെ ചോദ്യവേളയും കേന്ദ്രത്തിന്റെ മറുപടിയും.
രാജ്യസഭയില്‍ സിപിഐ (എം) അംഗം ജോണ്‍ ബ്രിട്ടാസാണ് ചോദ്യം ഉന്നയിച്ചത്. കേരളത്തിലെ റെയില്‍ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് മാറിമാറി വരുന്ന ഇടതുപക്ഷ കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന പരാമര്‍ശം മന്ത്രി നടത്തിയത് വന്‍പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.

TOP NEWS

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.