22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 27, 2024
October 30, 2024
October 30, 2024
October 29, 2024
October 2, 2024
August 30, 2024
August 19, 2024
August 19, 2024
August 7, 2024
July 19, 2024

സഹകരണം സുസ്ഥിരം; പുനരുദ്ധാരണ നിധി യാഥാർത്ഥ്യമായി

Janayugom Webdesk
തിരുവനന്തപുരം
August 30, 2024 10:47 pm

സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി യാഥാർത്ഥ്യമായി വിജ്ഞാപനം പുറത്തിറങ്ങി. പ്രതിസന്ധി മൂലം ദുർബലമായ സംഘങ്ങൾ പുനരുദ്ധരിക്കുന്നതിന് സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതി ലക്ഷ്യം. സഹകരണ മേഖലയിലും കേരള സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകൾ തുടർന്നും ഉറപ്പാക്കുന്നതിനും പ്രവർത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നു.
സഹകരണ മന്ത്രി അധ്യക്ഷനായ കമ്മിറ്റിയായിരിക്കും ഫണ്ട് അനുവദിക്കുന്നതിനുള്ള ഉന്നതാധികാര സമിതി. സഹകരണവകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, സംസ്ഥാന സഹകരണ യൂണിയൻ, സംസ്ഥാന സഹകരണ ബാങ്ക്, പാക്സ് അസോസിയേഷൻ പ്രസിഡന്റുമാര്‍, സഹകരണ സംഘം അഡീഷണൽ രജിസ്‌ട്രാർ (ക്രെഡിറ്റ്), സർക്കാർ നാമനിര്‍ദേശം ചെയ്യുന്ന രണ്ട് വിദഗ്ധർ എന്നിവർ ഉന്നതതല കമ്മിറ്റിയിൽ അംഗങ്ങളാകും. കേരള സഹകരണ സംഘം നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. പ്രവർത്തന വൈകല്യം, മൂലധനത്തിന്റെ അഭാവം, ഹ്രസ്വകാല പണലഭ്യതക്കുറവ് തുടങ്ങിയവ മൂലം പ്രവർത്തനം മന്ദീഭവിച്ചവയില്‍ പ്രായോഗികവും ശക്തിയാർജിക്കാൻ കഴിയുന്നതുമായ സഹകരണ സംഘങ്ങളെയായിരിക്കും പുനരുദ്ധാരണത്തിനായി പരിഗണിക്കുക.
ധനസഹായം ആവശ്യമുള്ള സംഘം പദ്ധതി രേഖ തയ്യാറാക്കി ജില്ലാതല മോണിട്ടറിങ് കമ്മിറ്റിയുടെ ശുപാർശയോടെ സഹകരണ സംഘം രജിസ്ട്രാർ മുഖാന്തിരം സംസ്ഥാന സമിതിക്ക് സമർപ്പിക്കണം. കമ്മിറ്റി തീരുമാനപ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി തുക അനുവദിക്കും. പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ് തുക വിനിയോഗിക്കുക. അനുവദിക്കുന്ന തുകക്ക് ആദ്യത്തെ രണ്ട് വർഷം തിരിച്ചടവിന് മൊറട്ടോറിയം ലഭിക്കും. അഞ്ച് മുതൽ 10 വർഷം വരെയാണ് തിരിച്ചടവ് കാലയളവ്. സംസ്ഥാന ഉന്നതതല കമ്മിറ്റി തിരിച്ചടവ് തവണകളും പലിശ നിരക്കും കാലാകാലങ്ങളിൽ നിശ്ചയിച്ചു നൽകും. 

നിധിയിലേക്കുള്ള ഫണ്ട് സമാഹരണം 

സഹകരണ സംഘങ്ങളുടെ കരുതൽ ധനത്തിന്റെ 50 ശതമാനത്തിൽ അധികരിക്കാത്ത തുക, കാർഷിക വായ്പാ സംഘങ്ങളുടെ അറ്റാദായത്തിൽ നിന്നും നീക്കിവച്ചിരിക്കുന്ന അഗ്രികൾച്ചറൽ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ടിന്റെ 50 ശതമാനത്തിൽ അധികരിക്കാത്ത തുക, കാലാകാലങ്ങളിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ അനുവദിക്കുന്ന തുക, ഈ സ്കീമിൽ വ്യവസ്ഥ ചെയ്തിട്ടുളള പ്രകാരം ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാവുന്ന മറ്റേതെങ്കിലും തുക തുടങ്ങിയവയാണ് ഇതിലേക്ക് ലഭിക്കുക. ഫണ്ട് പ്രകാരം ലഭിക്കുന്ന തുക സംസ്ഥാന സഹകരണ ബാങ്കിൽ നിക്ഷേപിക്കും. ഈ തുകയ്ക്ക് കാലാകാലം സഹകരണ സംഘങ്ങൾ നിക്ഷേപിക്കുന്ന കരുതൽ ധനത്തിന് നൽകി വരുന്ന പലിശ നിരക്കിൽ കുറയാത്ത പലിശ നിരക്ക് ലഭിക്കും. സഹകരണ സംഘം രജിസ്ട്രാർ ഓഫിസിലെ അഡീഷണൽ രജിസ്ട്രാർ (പ്ലാനിങ് ഐസിഡിപി) പദ്ധതിയുടെ ഫണ്ട് മാനേജരായി പ്രവർത്തിക്കും. 

ഇന്ത്യയ്ക്ക് മാതൃകയാവുന്ന പദ്ധതി: മന്ത്രി വി എന്‍ വാസവന്‍ 

തിരുവനന്തപുരം: നാടിന്റെ സമ്പദ്ഘടനയെ സഹായിക്കാൻ എല്ലാ അർത്ഥത്തിലും ഇടപെടുന്ന സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കുക എന്നതാണ് പുനരുദ്ധാരണനിധിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. സമഗ്രമായ സഹകരണനിയമഭേദഗതി നടപ്പിൽ വന്നു കഴിഞ്ഞു. അതിന്റെ ചട്ടങ്ങളും രൂപീകരിച്ചു, ഓഡിറ്റ് സമ്പ്രദായവും പരിഷ്കരിച്ച് ടീം ഓഡിറ്റ് നടപ്പിലാക്കി. ഇതിനൊപ്പം ഏതെങ്കിലും സഹകരണ പ്രസ്ഥാനം പിന്നാക്കം പോകുന്ന സ്ഥിതിവിശേഷം വരുമ്പോൾ അതിനെ കൈപിടിച്ച് ഉയർത്തിക്കൊണ്ടുവരാൻ സഹായിക്കുന്ന രീതിയിൽ ഒരു സാമ്പത്തികസ്രോതസ് ഉണ്ടാവണം എന്ന് ആലോചനയിൽ നിന്നാണ് സഹകരണ പുനരുദ്ധാരണ നിധി എന്ന ആശയം ഈ സർക്കാർ മുന്നോട്ടു വയ്ക്കുന്നതും ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതും. ഇന്ത്യയിലെ സഹകരണ ബാങ്കിങ് മേഖലയ്ക്ക് ആകെ മാതൃകയായ പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.