
വൈജ്ഞാനിക സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ആഗോള പിന്തുണ ഉറപ്പാക്കാൻ പ്രവാസി പ്രൊഫഷണലുകളുമായുള്ള സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
അക്കാദമിക് വിദഗ്ധരും സംരംഭകരുമുള്ള നാടാണ് കേരളം. അവരുടെ കഴിവുകൾ നാടിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫഷണൽ ആന്റ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക കേരളസഭയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കുക എന്നത്. ലോക കേരളസഭയെ സംശയത്തോടെ കണ്ടവർക്ക് മറുപടി നൽകിയത് ക്രിയാത്മകമായ ഇടപെടലുകളിലൂടെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുപ്പത് പ്രധാന ആശയങ്ങളാണ് മീറ്റില്‍ അവതരിപ്പിച്ചത്. ഇവയിൽ മുൻഗണന ക്രമത്തിൽ 21 എണ്ണത്തിന്റെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. തുടർനടപടികൾക്കായി ഇവ അതത് വകുപ്പുകളിൽ വിശദമായ ചർച്ചക്ക് വിധേയമാക്കും. അതിനുശേഷം ധാരാണാപത്രം ഉള്‍പ്പെടെയുളള തുടര്‍നടപടികളിലേയ്ക്ക് നീങ്ങും. കേരള–ഓസ്ട്രേലിയ ഇന്നൊവേഷൻ ആൻഡ് സ്കിൽസ് ഹബ് രൂപീകരണം, അന്താരാഷ്ട്ര ഫെല്ലോഷിപ്പുകള്‍ , സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍, പ്രവാസി മെന്റർഷിപ്പ്, സ്കിൽ ഡവലപ്മെന്റ്, കേരളത്തിലെ സർവകലാശാലകളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഗ്ലോബല്‍ ലേണിങ്, കേരള എയർ ടെക് കൊറിഡോർ, തീരദേശ ഡ്രോൺ കൊറിഡോർ, കമ്മ്യൂണിറ്റി ഹെൽത്ത് & കെയർ ഹബ്ബുകൾ, തലച്ചോറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനതലത്തില്‍ സംയോജിത പരിപാടി, കൃഷിയിലെ പരിസ്ഥിതി ആഘാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുളള പദ്ധതികള്‍, കേരളത്തിലെ വിദ്യാർത്ഥികൾക്ക് ക്ലൗഡ്/എഐ എന്‍ജിനീയറിങ് മേഖലയിൽ അംഗീകൃത സർട്ടിഫിക്കേഷൻ–മെന്റർ ഷിപ്പ് – സ്കോളർഷിപ്പുകളും ഉൾപ്പെടുന്ന പൈലറ്റ് പ്രോഗ്രാമുകൾ, സിന്തറ്റിക് ബയോളജി, ബയോ മാനുഫാക്ചറിംഗ് മേഖലകള്‍ക്കായി കൊച്ചിയില്‍ ബയോഫൗണ്ടറി, സംയോജിത വിദേശഭാഷാ പരിശീലനം, ജീന്‍ തെറാപ്പി തുടങ്ങിയ ആശയങ്ങളാണ് സര്‍ക്കാരിന്റെ പരിഗണയ്ക്കായി നല്‍കിയത്.
മന്ത്രിമാരായ പി രാജീവ്, വീണ ജോർജ്, വി ശിവൻകുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ വി കെ രാമചന്ദ്രൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡയറക്ടർ ഒ വി മുസ്തഫ, നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.