
കാലാവസ്ഥാ, പ്രകൃതി പ്രതിസന്ധികളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകൾ ബ്രസീലില്‍ മാര്‍ച്ച് നടത്തി. നിരവധി പരിസ്ഥിതി പ്രവര്‍ത്തകരാണ് യുഎന്‍ കാലാവസ്ഥാ ഉച്ചകോടി (സിഒപി30) യുടെ ആതിഥേയ നഗരമായ ബെലമില്‍ ഒത്തുകൂടിയത്. ഗ്രേറ്റ് പീപ്പിൾസ് മാർച്ച്” എന്നാണ് സംഘാടകർ പ്രതിഷേധ പ്രകടനങ്ങളെ വിശേഷിപ്പിച്ചത്. ശനിയാഴ്ച പ്രകടനക്കാര്‍ നഗരത്തിലൂടെ 4.5 കിലോമീറ്റര്‍ മാര്‍ച്ച് ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം തദ്ദേശവാസികളും പ്രകടനത്തിന്റെ ഭാഗമായി. നാല് വര്‍ഷം മുമ്പ് ഗ്ലാസ്ഗോയില്‍ നടന്ന ഉച്ചകോടിയിലാണ് ഇത്തരത്തിലുള്ള അവസാനത്തെ പ്രതിഷേധം നടന്നത്.
സിഒപി 30 വെള്ളിയാഴ്ച അവസാനിരിക്കെയാണ് പ്രതിഷേധ പ്രകടനങ്ങളും ശക്തിപ്രാപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രതികൂല ഫലങ്ങളും അനുഭവിക്കുന്ന ദുര്‍ബല സമൂഹങ്ങളുടെ വിഷയത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തരുടെ ആവശ്യം. താപനില വര്‍ധനവിന് കാരണക്കാരായ ഫോസില്‍ ഇന്ധന കോര്‍പറേഷനുകളും സര്‍ക്കാരുകളും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങള്‍ക്ക് വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും റാലിയില്‍ ഉന്നയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങളുടെ ശവസംസ്കാര ചടങ്ങിന്റെ സൂചനയായി ചില പ്രതിഷേധക്കാർ കറുത്ത വസ്ത്രം ധരിച്ച് മാർച്ച് നടത്തി. കൽക്കരി”, “എണ്ണ”, “വാതകം” എന്നീ വാക്കുകൾ ആലേഖനം ചെയ്ത മൂന്ന് ശവപ്പെട്ടികളാണ് പ്രകടനക്കാർ വഹിച്ചിരുന്നത്.
അതേസമയം, യുഎന്‍ ഉച്ചകോടിക്ക് സമാനമായി ബെലമിലെ സര്‍വകലാശാലയില്‍ ജനങ്ങളുടെ ഉച്ചകോടി ( പിപ്പീള്‍സ് സമ്മിറ്റ്) യും നടക്കുന്നുണ്ട്. ബ്രസീലില്‍ നിന്നും വിദേശത്തുനിന്നുമുള്ള നൂറുകണക്കിന് എന്‍ജിഒകള്‍, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരും ജനങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. 2023 മുതല്‍ യുഎന്‍ ഉച്ചകോടിക്ക് സമാന്തരമായി കാലാവസ്ഥാ പ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.